വടക്കാഞ്ചേരി : പാർക്ക് ചെയ്യുന്ന ഇടം സ്വന്തമെന്ന നിലയിലുള്ള ഓട്ടോറിക്ഷാ ഡ്രൈവർമാരുടെ ധാർഷ്ട്യത്തിന് നഗരസഭ നൽകിയ വിവരാവകാശ പ്രകാരമുള്ള നടപടി എട്ടിന്റെ പണി.

To advertise here,

വടക്കാഞ്ചേരി - കുമ്പളങ്ങാട് റോഡിൽ കോടതി ജങ്ഷനിലെ ഓട്ടോ സ്റ്റാൻഡ് വർഷങ്ങളായി അവിടെ തുടരുന്നു. നേരത്തേ വടക്കാഞ്ചേരിക്കാരുടെ സമ്മേളനങ്ങൾക്കുള്ള പൊതുയിടമായിരുന്ന ലേബർ കോർണറാണ് ഓട്ടോ സ്റ്റാൻഡായി മാറിയത്. ഗവ. ഗേൾസ് സ്‌കൂളിലേക്കുള്ള വിദ്യാർഥിനികൾ ഉൾപ്പെടെ വിവിധ സർക്കാർ സ്ഥാപനങ്ങളിലേക്കുള്ള കാൽനടയാത്രക്കാർക്കും കുമ്പളങ്ങാട് റോഡിലെ ഗതാഗതക്കുരുക്ക് പ്രയാസമുണ്ടാക്കുന്നതാണ്.

ഓട്ടോകൾ നിരത്തിയിടുന്ന സ്റ്റാൻഡിന്റെ എതിർഭാഗത്ത് റോഡിൽ മറ്റ് വാഹനങ്ങളുടെ അനധികൃത പാർക്കിങ്ങും നടപ്പാത കൈയേറിയുള്ള കച്ചവടവുമായിരുന്നു പ്രധാന കാരണം. ഇതിനിടയിലാണ് ഓട്ടോറിക്ഷാ ഡ്രൈവർമാർ റോഡിൽ ഇരുമ്പുകാലുകൾ നാട്ടി റിബ്ബൺ കെട്ടി റോഡിന്റെ ഓരം തിരിച്ചിട്ട് അവകാശം സ്ഥാപിച്ചത്. ഇത് കൂടുതൽ എതിർപ്പിന് വഴിയൊരുക്കി. ചോദ്യംചെയ്തവരോട് 15 ഓട്ടോറിക്ഷ പോലും പാർക്ക് ചെയ്യാൻ സൗകര്യമില്ലാത്ത സ്ഥലത്ത് 50 ഓട്ടോറിക്ഷ പാർക്ക് ചെയ്യാൻ ഇവിടെ അനുമതിയുണ്ടെന്നാണ് യൂണിയൻ നേതാക്കൾ അവകാശപ്പെട്ടത്.

ഇതിനിടയിലാണ് വടക്കാഞ്ചേരി ബാറിലെ അഭിഭാഷകനായ ഒ.പി. സലീം നഗരസഭയോട് വിവരാവകാശ നിയമമനുസരിച്ച് ഓട്ടോറിക്ഷ സ്റ്റാൻഡിന്റെ വിവരം തേടിയത്. പ്രസ്തുത സ്ഥലത്ത് ഓട്ടോ പാർക്ക് ചെയ്യുന്നതിന് നഗരസഭ അനുമതി നൽകുകയോ, സ്റ്റാൻഡിനായി സ്ഥലം മാർക്ക് ചെയ്യുകയോ ചെയ്തിട്ടില്ലെന്നാണ് നഗരസഭയുടെ മറുപടി ലഭിച്ചത്. ടാർ ചെയ്ത റോഡ് ഉൾപ്പെടെ പാർക്ക് ചെയ്യാനോ, നോ പാർക്കിങ് ബോർഡ് വെക്കുന്നതിനോ നഗരസഭ അനുമതിയില്ല. നോ പാർക്കിങ് ബോർഡും നഗരസഭ സ്ഥാപിച്ചിട്ടില്ലെന്നായിരുന്നു മറുപടി.

പാർക്ക് ചെയ്തുവരുന്ന ഇടങ്ങളിലെല്ലാം ഓട്ടോറിക്ഷാ ഡ്രൈവർമാർ മറ്റു വാഹനങ്ങൾ പരിസരത്ത് നിർത്താൻ പോലും ഒരിടത്തും അനുവദിക്കാറില്ല. മാത്രമല്ല അബദ്ധത്തിൽ നിർത്തി പോകുന്നവരുടെ വാഹനത്തിന് കേടുപാടുകൾ വരുത്തുന്നതും പതിവാണ്.