പാവറട്ടിയിലെ ശ്മശാനം നിർമാണത്തിൽ പ‍ഞ്ചായത്തിന് അനുകൂലവിധി

To advertise here,

പാവറട്ടി : ഗ്രാമപ്പഞ്ചായത്ത് ശ്മശാന ത്തിനായി നീക്കിവെച്ച സ്ഥലം പഞ്ചായത്തിന്റെ നേതൃത്വത്തിൽ വൃത്തിയാക്കാൻ തുടങ്ങി. ശ്മശാനം നിർമാണത്തിനെതിരേ സമീപവാസികൾ ഹൈക്കോടതിയെ സമീപിച്ചതിനെത്തുടർന്ന് മൂന്നു വർഷമായി നിലനിന്നിരുന്ന കേസ് അവസാനിച്ചതോടെയാണ് പഞ്ചായത്ത് നടപടികളിലേക്കു കടന്നത്.

കേസ് എത്രയുംവേഗം പരിഗണിക്കണമെന്ന് പഞ്ചായത്തഭിഭാഷകൻ അഡ്വ. റെബിൻ ഗ്രാലൻ ആവശ്യപ്പെട്ടതിനെത്തുടർന്ന്, പരാതികളുണ്ടെങ്കിൽ ജില്ലാ കളക്ടറെ സമീപിക്കാമെന്ന് വ്യക്തമാക്കിയാണ് കോടതി കേസ് തള്ളിയത്.

ഇതിന്റെയടിസ്ഥാനത്തിൽ സ്ഥലം വൃത്തിയാക്കാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനിക്കുകയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് ആന്റോ ലിജോയുടെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ ഹിറ്റാച്ചി ഉൾപ്പെടെയുള്ള യന്ത്രസാമഗ്രികളുമായാണ് സംഘം സ്ഥലത്തെത്തിയത്. സ്ഥലത്തേക്കുള്ള വഴി വൃത്തിയാക്കിയശേഷം പറമ്പിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചപ്പോൾ സമീപവാസികളായ സ്ത്രീകൾ തടഞ്ഞു. തുടർന്ന് എസ്.എച്ച്.ഒ. മഹേഷ്‌കുമാറിന്റെ നേതൃത്വത്തിൽ പോലീസും പട്ടിക്കാട് റേഞ്ച് ഓഫീസർ രജിത്തിന്റെ നേതൃത്വത്തിൽ വനംവകുപ്പുദ്യോഗസ്ഥരും സ്ഥലത്തെത്തി. കോടതി കേസ് തള്ളിയ സാഹചര്യത്തിൽ പരാതിക്കാർക്കാവശ്യമെങ്കിൽ ജില്ലാ കളക്ടറെ സമീപിക്കാമെന്ന് പോലീസ് അറിയിച്ചു.

രണ്ടേക്കറിൽത്താഴെയുള്ള സ്ഥലത്ത് പൊതു ആവശ്യങ്ങൾക്കായി കണ്ടൽ ഉൾപ്പെടെയുള്ള സസ്യങ്ങൾ നീക്കംചെയ്യാമെന്ന് വനംവകുപ്പുദ്യോഗസ്ഥരും വ്യക്തമാക്കി. തുടർന്ന് പകുതി ഭാഗം വൃത്തിയാക്കിയശേഷം പഞ്ചായത്ത് യന്ത്രസാമഗ്രികളുമായി തിരിച്ചുപോയി. ജില്ലാ കളക്ടറുമായി ചർച്ച നടത്തിയശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പ്രസിഡന്റ് ആന്റോ ലിജോ അറിയിച്ചു.

ജനപ്രതിനിധികളായ റംസിയാ മുജീബ്, അനിൽ ആതിര, ഉമ്മർ സലീം, വി.ജെ. വർഗീസ്, സുഹറാബി ഹമീദ്, കമാലുദ്ദീൻ തോപ്പിൽ, കെ.സി. കാദർമോൻ, സരിതാ രാജീവ്, മറ്റു നേതാക്കളായ ശ്രീനിവാസൻ പീടിയേക്കൽ, ഹരിഹരൻ തുടങ്ങിയവർ പങ്കെടുത്തു. 2013-ൽ പഞ്ചായത്ത് ഔദ്യോഗികമായി മുന്നോട്ടുവെച്ച പൊതുശ്മശാനപദ്ധതി പ്രദേശവാസികളുടെ എതിർപ്പുമൂലം നീണ്ടുപോകുകയായിരുന്നു.