തിരുവനന്തപുരം : സമരപ്പന്തൽ പൊളിച്ചതിനുപിന്നാലെ പ്രതിഷേധം കടുപ്പിച്ച് എൽ.പി.എസ്.ടി. റാങ്കുകാർ. പൊളിച്ചിടത്ത് സമരപ്പന്തൽ ഉയർന്നു. ഒന്നിനുപകരം രണ്ടെണ്ണം. ബുധനാഴ്ച രാത്രി പോലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലേക്കു മാറ്റിയ വളർമതി വ്യാഴാഴ്ച സമരപ്പന്തലിലെത്തി സമരം തുടർന്നെങ്കിലും ആരോഗ്യനില മോശമായതിനെത്തുടർന്ന് വ്യാഴാഴ്ച രാത്രി വീണ്ടും ആശുപത്രിയിലേക്ക് മാറ്റി .
രാത്രി പതിനൊന്നുമണിയോടെ ജനറൽ ആശുപത്രിയിലെത്തിച്ച വളർമതി നിലവിൽ തീവ്ര പരിചരണ വിഭാഗത്തിലാണ്.
ബുധനാഴ്ച വളർമതിയെ ആശുപത്രിയിലേക്കു മാറ്റിയതിനു പിന്നാലെ നിരാഹാരമിരുന്ന എൽ.പി.എസ്.ടി. ഉദ്യോഗാർഥി എം. ജയകൃഷ്ണൻ സമരം തുടരുകയാണ്.
പോലീസ് പൊളിച്ചുമാറ്റിയ സ്ഥലത്ത് ബുധനാഴ്ച രാത്രി ഡി.വൈ.എഫ്.ഐ. കെട്ടിയ പന്തലിലാണ് സമരം തുടരുന്നത്. തൊട്ടടുത്ത് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുവമോർച്ചയും സമരപ്പന്തൽ ഉയർത്തി. ബുധനാഴ്ച രാത്രി യുവമോർച്ച ജില്ലാ പ്രസിഡന്റ് വിഷ്ണു കെ. ആചാരി തുടങ്ങിയ നിരാഹാരം വളർമതി മടങ്ങിയെത്തിയതോടെ അവസാനിപ്പിച്ചു. സമരത്തിനു പിന്തുണയറിയിച്ച് പ്രതിപക്ഷ രാഷ്ട്രീയനേതാക്കളും യുവജന സംഘടനാ നേതാക്കളും സമരപ്പന്തലിലെത്തി. സി.പി.എം., സി.പി.ഐ., ബി.ജെ.പി., ഡി.വൈ.എഫ്.ഐ., എ.ഐ.വൈ.എഫ്. എന്നിവർ പിന്തുണ അറിയിച്ചു.
എം.വി. ഗോവിന്ദൻ, ബിനോയ് വിശ്വം, രാജീവ് ചന്ദ്രശേഖർ, വി. മുരളീധരൻ, കെ. സുരേന്ദ്രൻ, ജോൺ ബ്രിട്ടാസ് എം.പി., വി. ശിവൻകുട്ടി, ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോം, സംസ്ഥാന സെക്രട്ടറി എം. വിജിൻ എം.എൽ.എ., ജില്ലാ പ്രസിഡന്റ് വി.എസ്. ശ്യാമ, ജില്ലാ സെക്രട്ടറി എൽ.എസ്. ലിജു എന്നിവർ സമരപ്പന്തലിലെത്തി.
പന്തൽ പൊളിച്ചതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ.യും എ.ഐ.വൈ.എഫും സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തി. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്കുനേരേ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
സമരപ്പന്തൽ പൊളിച്ചുമാറ്റിയത് സുപ്രീംകോടതി നിർദേശമുള്ളതിനാൽ -ചെന്നിത്തല
തിരുവനന്തപുരം : എൽ.പി.എസ്.ടി. റാങ്ക് ഹോൾഡേഴ്സിന്റെ സമരപ്പന്തൽ പൊളിച്ചുമാറ്റിയത് സുപ്രീംകോടതി നിർദേശമുള്ളതിനാലാണെന്ന് മന്ത്രി രമേശ് ചെന്നിത്തല.
പോലീസിന്റെപേരിൽ നിരന്തരമായ കോടതിയലക്ഷ്യ കേസ് വന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് പോലീസ് പൊളിച്ചുനീക്കിയത്. സുപ്രീകോടതി പറഞ്ഞതുകൊണ്ട് പോലീസിനുണ്ടാകുന്ന ബുദ്ധിമുട്ടാണിതെല്ലാം. സെക്രട്ടേറിയറ്റ് പടിക്കൽ പന്തലുകെട്ടി സമരം ചെയ്യുന്നതിന് എതിരല്ല. എല്ലായിടത്തും ഇത്തരം സമരങ്ങളുണ്ട്. വൈറ്റ്ഹൗസിന് മുന്നിൽവരെ കുടിലുകെട്ടി സമരം ചെയ്യുന്നു.
സമരത്തിനോട് സർക്കാരിന് അലർജിയില്ല. എല്ലാ ആവശ്യങ്ങളും ഒന്നിച്ച് നടപ്പാക്കാനാവില്ലെന്ന് സമരം ചെയ്യുന്നവർ മനസ്സിലാക്കണമെന്നും ചെന്നിത്തല പറഞ്ഞു.
Published: 13 Nov 2026, 01:39 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented