21-ന് പ്രദക്ഷിണ ഘോഷയാത്ര

To advertise here,

22-ന് തിരുനാളിനു സമാപനം

തിരുവനന്തപുരം : വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ ക്രിസ്തുരാജത്വ തിരുനാൾ ആഘോഷങ്ങൾക്ക് വെള്ളിയാഴ്ച വൈകീട്ട് കൊടിയേറും. ഇനിയുള്ള പത്തുദിവസം വിശ്വാസികളുടെ പ്രാർഥനകളാൽ പള്ളിയും പരിസരവും ഭക്തിസാന്ദ്രമാകും.

വൈകീട്ട് 4.30-ന് തിരുവനന്തപുരം ലത്തീൻ അതിരൂപതാ സഹായമെത്രാൻ ഡോ. ആർ.ക്രിസ്തുദാസ് മുഖ്യകാർമികനാകുന്ന പൊന്തിഫിക്കൽ ദിവ്യബലിയോടെയാണ് കൊടിയേറ്റ് ചടങ്ങുകൾക്ക് തുടക്കമാകുക. ആറടിയോളം ഉയരത്തിലുള്ളതും നാലുവശവും സ്വർണവർണത്തിലുള്ള അലങ്കാര തുന്നൽ ചേർത്തും മധ്യത്തിൽ ക്രിസ്തുരാജന്റെ ചിത്രം പതിപ്പിച്ചതും നീലനിറത്തിലുമുള്ള കൊടിയാണ് കൊടിയേറ്റുന്നത്. ഇടവക വികാരിയും സഹവൈദികരും പള്ളി കൗൺസിലംഗങ്ങളും എത്തിക്കുന്ന കൊടിയെ ആദ്യം പള്ളിയങ്കണത്തിനു മുന്നിലുള്ള ക്രിസ്തുരാജന്റെ പാദത്തിൽ പ്രാർഥനയോടെ സമർപ്പിക്കും.

തുടർന്ന് പൂക്കുടകൾ കൈകളിലേന്തിയെത്തുന്ന മാലാഖമാരുടെ വേഷമിട്ട കുട്ടികൾ, അജപാലകർ, വൈദികർ, സന്ന്യസ്തർ, ശുഭ്രവസ്ത്രധാരികളായ വിശ്വാസികൾ എന്നിവരുടെ അകമ്പടിയോടെ അലങ്കരിച്ച കൊടിയെ സ്‌റ്റേജിലും എത്തിക്കും. തുടർന്ന് ക്രിസ്തുരാജനെ സ്തുതിച്ചുകൊണ്ടുള്ള പ്രാർഥന.

തുടർന്ന് ലത്തീൻ അതിരൂപതയുടെ നവതിയാഘോഷങ്ങളുടെയും വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ജൂബിലിയാഘോഷത്തിന്റെയും ക്രിസ്തുരാജത്വ തിരുനാളിന്റെയും ആഘോഷങ്ങളുമായി ബന്ധപ്പെട്ട ദൃശ്യാവിഷ്‌കാരത്തിന്റെ പ്രദർശനം. തുടർന്ന് സംഗീതാർച്ചനയുടെയും പ്രാർഥനയുടെയും അകമ്പടിയോടെ ഇടവക വികാരി ഫാ. ഷാജു വില്യം കൊടിയേറ്റുന്നതോടെയാണ് തിരുനാളിനു തുടക്കമാകുക. തുടർന്ന് ക്രിസ്തുരാജ പാദപൂജയും നടക്കും.

21-ന്‌ വൈകീട്ട് 5.30-ന് നെയ്യാറ്റിൻകര രൂപതാ എപ്പിസ്‌കോപ്പൽ വികാരി മോൺ. വിൻസെന്റ് കെ. പീറ്ററിന്റെ കാർമികത്വത്തിൽ സന്ധ്യാവന്ദന പ്രാർഥനയും തിരുവനന്തപുരം അതിരൂപതാ ശുശ്രൂഷാസമിതികളുടെ കോഡിനേറ്റർ ഫാ. ലോറൻസ് കുലാസിന്റെ കാർമികത്വത്തിലുള്ള വചനപ്രഘോഷണവും നടക്കും.

തുടർന്ന് 6.30-ഓടെ പള്ളിയങ്കണത്തിൽനിന്ന് ക്രിസ്തുരാജന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണ ഘോഷയാത്ര പുറപ്പെടും. കണ്ണാന്തുറ സെയ്ന്റ്‌ പീറ്റേഴ്‌സ് പള്ളി, കൊച്ചുവേളി സെയ്ന്റ്‌‌ ജോസഫ് പള്ളി എന്നിവിടങ്ങളിൽ പ്രദക്ഷിണ ഘോഷയാത്ര എത്തിയശേഷം പള്ളിയങ്കണത്തിലേക്ക് തിരികെ എത്തും. 22-ന്‌ വൈകീട്ട് 5.30-ന് ആഘോഷമായ തിരുനാൾ പൊന്തിഫിക്കൽ സമൂഹ ദിവ്യബലിക്ക് തിരുവനന്തപുരം ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ മുഖ്യകാർമികനാകും. തുടർന്ന് ദിവ്യകാരുണ്യപ്രദക്ഷിണത്തോടെ തിരുനാളിനു സമാപനമാകും.