പദ്ധതി തുടങ്ങുംമുൻപ് കെട്ടിടം തകർന്നു
പരിശോധിക്കാൻ ഡെപ്യൂട്ടിഡയറക്ടറെ ചുമതലപ്പെടുത്തി
മാള : ഫിഷറീസ് വകുപ്പിന്റെ പൊയ്യ അഡാക്കിലെ അക്വാമ്യൂസിയം പദ്ധതിയുടെ കെട്ടിടം ഉപയോഗശൂന്യമായതു സംബന്ധിച്ച് പരിശോധിക്കാൻ തീരുമാനം. കെട്ടിടത്തിന്റെ ഇപ്പോഴത്തെ അവസ്ഥ സംബന്ധിച്ച് പരിശോധിച്ച് റിപ്പോർട്ടുനൽകാൻ ഫിഷറീസ് വകുപ്പു മന്ത്രി വി.ഇ. അബ്ദുൾഗഫൂർ നിർദേശം നൽകി. മന്ത്രി ഒ.ജെ. ജനീഷിന്റെ സാന്നിധ്യത്തിൽ ഫിഷറീസ്വകുപ്പു മന്ത്രിയും ഉദ്യോഗസ്ഥരും ചേർന്നുള്ള യോഗത്തിലാണ് തീരുമാനം.
പരിശോധന നടത്തുന്നതിന് ജില്ലാ ഡെപ്യൂട്ടി ഡയറക്ടറെ ചുമതലപ്പെടുത്തി. നിർമാണം പൂർത്തിയാക്കി പദ്ധതി തുടങ്ങുംമുൻപ് മ്യൂസിയംകെട്ടിടം തകർന്നിരുന്നു. കെട്ടിടം വീണ്ടും ഉപയോഗിക്കാനുള്ള സാധ്യതയില്ലാത്തതിനാൽ പൊളിച്ചുനീക്കി ആ സ്ഥലം മറ്റു വികസനപ്രവർത്തനങ്ങൾക്കുപയോഗിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.
ഉപ്പുവെള്ളം നിറഞ്ഞ സ്ഥലത്ത് യാതൊരു സുരക്ഷാ മുൻകരുതലുമില്ലാതെ കെട്ടിടം നിർമിച്ചതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണമെന്ന ആവശ്യവും മന്ത്രിക്കു മുന്നിൽ തൊഴിലാളികളും ചില ഉദ്യോഗസ്ഥരും ഉന്നയിച്ചിരുന്നു. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപകരണങ്ങൾ അടക്കമുള്ളവ പ്രദർശിപ്പിക്കുന്നതിനുള്ള മ്യൂസിയം ഒരുക്കാനുള്ള പദ്ധതിയാണ് തകർന്ന കെട്ടിടത്തിൽ അവസാനിച്ചത്.
2015 ൽ 2,733 ചതുരശ്രയടി വിസ്തീർണത്തിൽ 35 ലക്ഷം രൂപ ചെലവിൽ കെട്ടിടം നിർമിച്ചത് ഉപയോഗശൂന്യമായിരിക്കുകയാണ്. ചതുപ്പുസ്ഥലത്തെ ഉപ്പുവെള്ളത്തിൽ നിർമിച്ച കെട്ടിടത്തിന്റെ ഭിത്തികൾ മാസങ്ങൾക്കുള്ളിൽ തകർച്ചയിലേക്കു പോയിരുന്നു. ഭിത്തിയിലേക്ക് ഉപ്പുവെള്ളം കയറിയതാണ് തകർച്ചയുടെ കാരണമായി കണ്ടെത്തിയിരുന്നത്.
ഹാബിറ്റാറ്റ് ഗ്രൂപ്പാണ് നിർമാണം നടത്തിയത്. ഹാബിറ്റാറ്റ് ചുമതലപ്പെടുത്തിയതനുസരിച്ച് അറ്റകുറ്റപ്പണികൾക്ക് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പദ്ധതിക്ക് വേണ്ടത്ര പഠനം നടത്താതെ ഉപ്പുവെള്ളത്തിൽ കെട്ടിടം നിർമിച്ചതാണ് തകർച്ചക്കിടയാക്കിയത്. കെട്ടിടത്തിന്റെ അടിത്തറപോലും കാണാതെ ഫ്ലോർനിരപ്പാണ് ഇപ്പോഴുള്ളത്.
കെട്ടിടം നിർമിക്കുമ്പോൾ തറഭാഗം ഉയർന്നിരുന്നുവെങ്കിലും പിന്നീട് മണ്ണിട്ടുനികത്തി ടൈൽ വിരിക്കുകയായിരുന്നു. ഇപ്പോൾ കെട്ടിടം വെള്ളത്തിനു മുകളിലാണുള്ളത്. കോൺക്രീറ്റുതൂണുകൾക്കു മുകളിൽ കെട്ടിടം നിർമിച്ചിരുന്നുവെങ്കിൽ തകർച്ച ഒഴിവാക്കാമായിരുന്നു. ഉപ്പുവെള്ളം കയറാതെ ചുറ്റും കോൺക്രീറ്റുഭിത്തി നിർമിച്ചാൽ മാത്രമേ സുരക്ഷിതമാകുകയുള്ളൂ.
ഭിത്തികൾ അടർന്നുവീണ് അപകടാവസ്ഥയിലായ കെട്ടിടം ഉപയോഗയോഗ്യമാക്കാൻ കഴിയില്ലെന്നാണ് അഡാക്കിൽ നേരത്തേയുണ്ടായിരുന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നത്. അക്വാ മ്യൂസിയം കെട്ടിടം ഇനി എന്തുചെയ്യുമെന്ന ചോദ്യത്തിന് ഇതുവരെ ഉത്തരം കണ്ടെത്താനായിട്ടില്ല.
Published: 12 Nov 2026, 02:10 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented