മലയാറ്റൂർ : ചൊവ്വാഴ്ച വൈകീട്ട് വീശിയടിച്ച കാറ്റിൽ മലയാറ്റൂരിൽ വലിയ നാശനഷ്ടം.

To advertise here,

കാറ്റിൽ മരം മറിഞ്ഞുവീണ് രണ്ട് വീടുകൾ തകർന്നു. വാഴകൃഷി ഉൾപ്പെടെ കൃഷിനാശം വ്യാപകമാണ്. തേക്കുംതോട്ടം ഭാഗത്ത് കാട്ടുങ്ങൽ സുഗതന്റെ വീടിന് മുകളിൽ പറമ്പിലെ മാവ് മറിഞ്ഞുവീണു. വീട് ഭാഗികമായി തകർന്നു. നടുവട്ടം നവോദയപുരത്ത് പുണർത്ത് കുമാരന്റെ വീടിനു മുകളിലേക്ക് വലിയ മരം ഒടിഞ്ഞുവീണ് കേടുപാട് സംഭവിച്ചു.

വല്ലത്തുകാരൻ പാപ്പച്ചൻ, വല്ലത്തുകാരൻ ബിജു, കണ്ടത്തിൽ ആഗസ്തി എന്നിവരുടെ ആയിരത്തോളം വാഴയും കാറ്റിൽ നശിച്ചു. മലയാറ്റൂരിൽ വഴിയോരങ്ങളിൽ സ്ഥാപിച്ചിരുന്ന കമാനങ്ങളും ബോർഡുകളും കാറ്റിൽ പറന്നുപോയി. മരം വീണ് നിരവധിയിടങ്ങളിൽ വൈദ്യുതി പോസ്റ്റുകളും തകർന്നു. പലയിടത്തും വൈദ്യുതി ബന്ധം തകരാറിലായി. മരം മറിഞ്ഞുവീണ് റോഡിൽ ഗതാഗത തടസ്സവുമുണ്ടായി.

ആലുവ : കീഴ്മാട് ഇടിമിന്നലേറ്റ് വീടിന് നാശനഷ്ടം. ചാലയ്ക്കൽ മോസ്കോയിൽ താമസിക്കുന്ന സി.ഐ.ടി.യു. ചുമട്ടുതൊഴിലാളി പുലയൻതുരുത്തിൽ ചന്ദ്രന്റെ വീട്ടിലാണ് ചൊവ്വാഴ്ച വൈകീട്ട് 6.30-ന് ഉണ്ടായ കാറ്റും മഴയും ഇടിമിന്നലും നാശം വിതച്ചത്.

മിന്നലിൽ വീട്ടിലെ ഇലക്ട്രിക് ഫ്യൂസ് തകർന്നു. ഇലക്ട്രിക് മോട്ടോറും വയറിങ്ങും കത്തിനശിച്ചു. വീടിന്റെ അടിത്തറയ്ക്കും മതിലുകൾക്കും മറ്റും ഭാഗികമായി കേടുപാടുകൾ സംഭവിച്ചു. വീട്ടുവളപ്പിൽനിന്ന തെങ്ങ് മിന്നലേറ്റ് കത്തിനശിച്ചു. പഞ്ചായത്ത് അധികൃതർ ഉൾപ്പെടെ ഉള്ളവരെ വിവരം ധരിപ്പിച്ചതായി വീട്ടുകാർ പറഞ്ഞു.