തൃശ്ശൂർ : ഫുഡ് സേഫ്റ്റി ഓഫീസറായും ഹെൽത്ത് ഇൻസ്പെക്ടറായും ചമഞ്ഞ് ഹോട്ടലുകളിൽ പരിശോധന നടത്തുകയും ഭക്ഷണം കഴിക്കുകയും പണവും ഭക്ഷണവും തട്ടിയെടുക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തയാൾ പിടിയിൽ. തൃശ്ശൂർ വെസ്റ്റ് പോലീസാണ് വടക്കേക്കാട് വന്നേരിപ്പാട്ട് വീട്ടിൽ മോഹൻബാബുവിനെ അറസ്റ്റുചെയ്തത്. എഫ്.എസ്.എസ്.ഐ. ഉദ്യോഗസ്ഥനും ഹെൽത്ത് ഇൻസ്പെക്ടറുമാണെന്ന് പരിചയപ്പെടുത്തി ടൗണിലും മറ്റുമായി ജില്ലയിലെ പതിനഞ്ചിലധികം ഹോട്ടലുകളിൽ ഇത്തരത്തിൽ തട്ടിപ്പ് നടത്തി.

To advertise here,

 

ഭക്ഷണം കഴിച്ചശേഷം പണം നൽകാതെ മുങ്ങുന്നതും ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുന്നതും പതിവായിരുന്നു. ചാവക്കാട് മേഖലയിലെ ഒരു ഹോട്ടലിൽനിന്നുമാത്രം 36,000 രൂപയുടെ ഭക്ഷണമാണ് ഇയാൾ കഴിച്ചത്. വടക്കേക്കാട്, പുന്നയൂർക്കുളം ഭാഗങ്ങളിൽ സ്ഥിരമായി ഹോട്ടലുകളിൽ വന്ന് സൗഹൃദം സ്ഥാപിച്ച് ഭക്ഷണം കഴിച്ച് പിന്നീട് പണം നൽകാമെന്ന് പറഞ്ഞ് വൻതുക കടമാക്കി കബളിപ്പിക്കുന്നതായിരുന്നു രീതി.

പുന്നയൂർക്കുളം ആൽത്തറയിലെ അമ്പാടി ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച് ഭീമമായ തുക കടമായശേഷം പണം ചോദിച്ചപ്പോൾ നൽകിയ ചെക്ക് അക്കൗണ്ടിൽ പണമില്ലാതെ മടങ്ങിയെന്നും ചെറുതും വലുതുമായ നിരവധി തുകകൾ പല ഹോട്ടലുകളിലും നൽകാനുണ്ടെന്നും പരാതിയുണ്ട്. ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷന്റെ പരാതിയെത്തുടർന്നാണ് പോലീസ് മോഹൻബാബുവിനെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു.