ഗുരുവായൂർ : ഏകാദശി തൊഴുതശേഷം ആയിരങ്ങൾ ഗുരുവായൂരിൽ ദ്വാദശിപ്പണം സമർപ്പിച്ചു. മൊത്തം 16,43,840 രൂപയാണ് ലഭിച്ചത്.
ക്ഷേത്രം കൂത്തമ്പലത്തിൽ ശുകപുരം, പെരുവനം, ഇരിങ്ങാലക്കുട ഗ്രാമങ്ങളിലെ അഗ്നിഹോത്രിമാരാണ് ആചാര്യദക്ഷിണ സ്വീകരിച്ചത്. ലഭിച്ച തുകയിൽ 4,10,960 രൂപ ഗുരുവായൂരപ്പന് സമർപ്പിച്ചു. ബാക്കി മൂന്നു ഭാഗങ്ങളാക്കി മൂന്നു ഗ്രാമങ്ങളിലെ അഗ്നിഹോത്രികൾക്കു നൽകി.
ചെറുമുക്ക് വൈദികൻ വല്ലഭൻ അക്കിത്തിരിപ്പാട്, ഭട്ടിപുത്തില്ലത്ത് രാമാനുജൻ അക്കിത്തിരിപ്പാട്, ചെറുമുക്ക് വൈദികൻ ശ്രീകണ്ഠൻ സോമയാജിപ്പാട് (ശുകപുരം ഗ്രാമം), പെരുമ്പടപ്പ് വൈദികൻ ഋഷികേശൻ സോമയാജിപ്പാട്, അരൂർ വാസുദേവൻ സോമയാജിപ്പാട്, വെള്ളാംപറമ്പ് മിഥുൻ അടിത്തിരിപ്പാട് (പെരുവനം), നടുവിൽ പഴോത്ത് നീലകണ്ഠൻ അടിത്തിരിപ്പാട് (ഇരിങ്ങാലക്കുട) എന്നിവരാണ് ദ്വദാശിപ്പണം സ്വീകരിച്ചത്.ഏകാദശിദിവസമായ ശനിയാഴ്ച അർധരാത്രിയോടെതന്നെ ദ്വാദശിപ്പണസമർപ്പണം തുടങ്ങിയിരുന്നു. ഞായറാഴ്ച രാവിലെ എട്ടുവരെ നീണ്ടു.
രാവിലെ എട്ടിനുള്ളിൽ 57 കല്യാണങ്ങൾ
: ദ്വാദശിദിവസം രാവിലെ എട്ടിനുള്ളിൽ നടന്നത് 57 കല്യാണങ്ങൾ. പുലർച്ചെ നാലുമുതൽ വിവാഹങ്ങൾ ആരംഭിച്ചു. ആറിനുള്ളിൽത്തന്നെ 35 കല്യാണങ്ങൾ പൂർത്തിയായി. ദ്വാദശി കാരണം ക്ഷേത്രനട എട്ടരയോടെ അടയ്ക്കുമെന്ന് നേരത്തേ അറിയിച്ചിരുന്നു. നടയടച്ചിരിക്കുമ്പോൾ താലികെട്ട് പതിവില്ല. ചോറൂൺ, തുലാഭാരം, വാഹനപൂജ എന്നിവ രാവിലെ എട്ടിനുള്ളിൽ ഉണ്ടായില്ല. ഞായറാഴ്ച ദ്വാദശിയൂട്ടിൽ പതിനായിരത്തോളംപേരാണ് പങ്കെടുത്തത്.
Published: 23 Nov 2026, 01:19 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented