തൃശ്ശൂർ : ‘‘ഒരു നാടിന്റെ ഭയമാണ് ഞങ്ങൾ മുന്നോട്ടുവെക്കുന്നത്. പ്രാദേശികഭരണകൂടം മുതൽ പദ്ധതിനിർവഹണം നടത്തുന്ന ദേശീയപാത അതോറിറ്റി അധികൃതർ വരെ ഞങ്ങളുടെ ആശങ്കകൾ കേൾക്കുന്നില്ല. നാട് വികസിക്കുന്നതിൽ സന്തോഷമേയുള്ളൂ. പാതയിലെ കുരുതികൾക്ക് അറുതിവരുത്താനുള്ള ശ്രമങ്ങളെ പൂർണമായും പിന്തുണയ്ക്കുന്നു. പക്ഷേ, ഞങ്ങളെ ദുരന്തമുനയിൽ നിർത്തിയിട്ടാകരുത് വികസനം. പഠനങ്ങൾ നടത്തൂ, ഈ നാടിനെക്കൂടി പരിഗണിച്ചു മുന്നോട്ടുപോകൂ’’ -പുതുക്കാട്ടെ വ്യാപാരിയും മേൽപ്പാലം ജനകീയസമിതി കൺവീനറുമായ കെ.എൽ. ജെയ്സൺ മനസ്സുതുറന്നു.
കിഴക്ക് പശ്ചിമഘട്ടമലനിരകളുടെ ശ്രേണിയിലുൾപ്പെടുന്ന ചീനിക്കുന്ന്; പടിഞ്ഞാറ് സ്വാമിയാർക്കുന്ന്. ഈ കുന്നുകൾക്കിടയിലുള്ള പുതുക്കാട് ടൗണിൽ നിർമിക്കാനൊരുങ്ങുന്ന മേൽപ്പാലം തദ്ദേശവാസികളിൽ ചില്ലറ ആശങ്കയല്ല ഉണർത്തുന്നത്. നിലവിൽ നിർമാണം പൂർത്തിയായ ആമ്പല്ലൂർ മേൽപ്പാലം കഴിയുമ്പോഴേക്കും പുതുക്കാട് പാലമായി. തൃശ്ശൂരിൽനിന്ന് ചാലക്കുടിക്ക് പോകുംവഴി പാലിയേക്കര ടോൾ പ്ലാസ കഴിഞ്ഞാലുടൻ വരുന്ന ആമ്പല്ലൂർ മേൽപ്പാലത്തിന്റെ നീളം 1.2 കിലോമീറ്ററാണ്. ബഹുനിലക്കെട്ടിടത്തിന്റെ ഉയരമുള്ള അടച്ചുകെട്ട്. ബോക്സ് മാതൃകയിൽ ഒരു അടിപ്പാതയുണ്ട്. ബാക്കിയുള്ള പ്രദേശം മുഴുവൻ മണ്ണിട്ടുയർത്തി വശങ്ങൾ കോൺക്രീറ്റുപാളിവെച്ച് അടച്ചിരിക്കുന്നു. ഇത് നാട്ടുകാർക്കുണ്ടാക്കുന്ന പ്രയാസം ചില്ലറയല്ല. മഴ അല്പമൊന്ന് കനംവെക്കുമ്പോൾ ഉണരുന്ന നീർച്ചാലുകൾക്ക് ഒഴുകിമാറാനിടമില്ല.
ഇപ്പോഴിതാ കേവലം 100 മീറ്റർ അകലെ പുതുക്കാട്ട് 1.45 കിലോമീറ്ററിൽ സമാനരീതിയിലുള്ള മറ്റൊരു മേൽപ്പാലം പണിയാൻ ദേശീയപാതാ അധികൃതർ ഒരുങ്ങുകയാണ്. 2018, 2019 വർഷങ്ങളിൽ പ്രളയമുണ്ടായപ്പോഴും 2024-ൽ പീച്ചി ഡാം മുന്നറിയിപ്പില്ലാതെ തുറന്നപ്പോഴും ആമ്പല്ലൂർ, പുതുക്കാട് പട്ടണങ്ങൾ നേരിട്ട ദുരിതം ആർക്കും അറിയാഞ്ഞിട്ടല്ലെന്ന് കേരള ശാസ്ത്രസാഹിത്യപരിഷത്ത് പ്രവർത്തകനായ കെ.കെ. അനീഷ്കുമാർ പറയുന്നു. കിഴക്കൻമലകളിൽനിന്നും താഴ്‌വാരങ്ങളിൽനിന്നും ഒഴുകിയെത്തുന്ന ജലം അടുത്തടുത്തായി അടച്ചുകെട്ടിയ ഈ രണ്ട് മേൽപ്പാലങ്ങളെ മറികടന്ന് എങ്ങനെ പടിഞ്ഞാട്ടൊഴുകുമെന്ന് പ്രദേശത്ത് പഠനം നടത്തിയ പരിഷത്ത് പ്രവർത്തകർ ചോദിക്കുന്നു.
(തുടരും)സ്മരണകളിരമ്പും...
ജനകീയസമിതി മുന്നോട്ടുവെക്കുന്നത്...
ആമ്പല്ലൂർ മേൽപ്പാലത്തിന് കീഴെ നീരൊഴുക്കിനായി നിർമിച്ച രണ്ട് അടിപ്പാലങ്ങളുടെ നിർമിതി ശാസ്ത്രീയമല്ല
ആമ്പല്ലൂർ പട്ടണത്തിന്റെ വടക്കുഭാഗത്തെ നീരൊഴുക്ക് ടൗണിലെത്തും
വീതി കുറഞ്ഞതും കരിങ്കൽക്കെട്ട് തടസ്സം നിൽക്കുന്നതുമായ ഇവയിലൂടെ പടിഞ്ഞാറുഭാഗത്തേക്ക് വെള്ളം ഒഴുകാനിടയില്ല
സ്വാഭാവികമായും ആമ്പല്ലൂരിൽനിന്നു പുതുക്കാട് ഭാഗത്തേക്കാകും ഒഴുക്ക്
പുതുക്കാട്ടുകൂടി അടച്ചുകെട്ടിയ പാലം വരുമ്പോൾ പ്രദേശത്തു മുഴുവൻ വെള്ളക്കെട്ടിന് സാധ്യത
മണ്ണിട്ടുയർത്തിയ മേൽപ്പാലങ്ങളിൽ കൊല്ലം, മലപ്പുറം തുടങ്ങിയയിടങ്ങളിലുണ്ടായ അപകടങ്ങൾ പരിഗണിച്ച് പാരിസ്ഥിതികപ്രതിസന്ധി നേരിടുന്ന പുതുക്കാട് തൂണിന്മേലുള്ള പാലംതന്നെ പരിഗണിക്കണം
Published: 21 Sept 2026, 01:07 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented