തൃശ്ശൂർ : പുഞ്ചിരിക്കാനും സംസാരിക്കാനും പോലും പ്രയാസപ്പെട്ടിരുന്ന ആയിരത്തോളം ആളുകൾ, ജീവിതത്തിൽ തിരിച്ചുകിട്ടിയ ആത്മവിശ്വാസത്തിന്റെ പുഞ്ചിരിയുമായി ഒരേ വേദിയിൽ ഒത്തുകൂടി. ജൂബിലി മിഷൻ ആശുപത്രിയുടെ പ്ലാറ്റിനം ജൂബിലിയുടെയും മുറിച്ചുണ്ട് പ്രശ്നങ്ങൾക്കുള്ള സൗജന്യചികിത്സയ്ക്ക് പിന്തുണ നൽകുന്ന ആഗോള ജീവകാരുണ്യസംഘടനയായ സ്‌മൈൽ ട്രെയിന്റെ 25 വർഷത്തെ സേവനത്തിന്റെയും ഭാഗമായി സംഘടിപ്പിച്ച സ്‌മൈൽ വിത്ത് ജൂബിലി പരിപാടിയാണ് സംഗമത്തിന് വേദിയായത്. പരിപാടിയിൽ വിവിധ പ്രായക്കാരായ ചികിത്സാഗുണഭോക്താക്കളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു.

To advertise here,

 

സാമൂഹിക ഒറ്റപ്പെടലും മാനസികബുദ്ധിമുട്ടുകളും അനുഭവിച്ചവരാണ് ഇന്ന് ആത്മവിശ്വാസത്തോടെ ജീവിതം നയിക്കുന്നതെന്ന് ഒത്തുകൂടിയവർ അനുഭവം പങ്കുവെച്ചു. സ്‌മൈൽ ട്രെയിൻ പ്രസിഡന്റും സി.ഇ.ഒ.യുമായ സൂസന്ന ഷാഫർ പരിപാടി ഉദ്ഘാടനംചെയ്തു. ലോകമെമ്പാടുമായി 20 ലക്ഷത്തിലധികം ശസ്ത്രക്രിയകൾക്ക് പിന്തുണ നൽകിയ സംഘടനയുടെ പ്രവർത്തനങ്ങൾക്ക് പ്രചോദനമായതു ജൂബിലി മിഷൻ ആശുപത്രിയിലെ സ്മൈൽ ഡോക്ടർ എന്നറിയപ്പെട്ടിരുന്ന ഡോ. ഏഡൻവാലയുടെ സേവനമാണെന്നു സൂസന്ന ഷാഫർ പറഞ്ഞു.

മുഖ്യാതിഥി നടൻ അശ്വിൻകുമാർ തന്റെ ജീവിതാനുഭവം പങ്കുവെച്ചു. ആത്മവിശ്വാസത്തോടെ പരിമിതികളെ മറികടക്കാനും ശസ്ത്രക്രിയയ്ക്കുശേഷം സ്വപ്നങ്ങൾ പടുത്തുയർത്താനും കഴിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു.

ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷനായി. ഡോ. ഏഡൻവാല ഫെലോഷിപ്പും ചടങ്ങിൽ പ്രഖ്യാപിച്ചു. എൻഡോവ്‌മെന്റ് ജേതാക്കളായ ഡോ. എ. ദിവ്യ, ഡോ. സ്മിത നായർ, ഡോ. ഇ. അർച്ചന എന്നിവർക്ക് ഡോ. ഏഡൻവാലയുടെ മകൾ ഹൊമായി കുമരവേലു പുരസ്‌കാരങ്ങൾ സമ്മാനിച്ചു. ചാൾസ് പിന്റോ സെന്റർ മേധാവി ഡോ. പി.വി. നാരായണൻ, സി.ഇ.ഒ. ഡോ. ബെന്നി ജോസഫ് നീലങ്കാവിൽ, ഫാ. ടെറിൻ മുല്ലക്കര, ഡോ. പി.ആർ. വർഗീസ്, വിദ്യാർഥിനി ഷാലു ബെന്നി, ഡോ. വസന്ത് രാമകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.