കടയ്ക്കാവൂർ : വക്കത്തെ കായൽവിനോദസഞ്ചാര മേഖലയിൽ അറവുമാലിന്യം തള്ളുന്നതായി പരാതി.
രാത്രികാലങ്ങളിൽ മീരാൻകടവ്, കായിക്കര മേഖലകളിൽനിന്ന് കായലിൽ തള്ളുന്ന മാലിന്യങ്ങൾ ഒഴുകി പൊന്നുംതുരുത്ത് ദ്വീപിനുചുറ്റും അടിഞ്ഞ് പ്രദേശത്ത് ദുർഗന്ധം രൂക്ഷമായതോടെ മാലിന്യം തള്ളുന്നവർക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ക്ഷേത്ര ഭാരവാഹികൾ അഞ്ചുതെങ്ങ് സെക്രട്ടറിക്ക് പരാതി നൽകിയിരിക്കുകയാണ്.
കായിക്കര, അഞ്ചുതെങ്ങ് പ്രദേശങ്ങളിലെ കോഴിക്കടകളിൽനിന്നുള്ള അറവുമാലിന്യങ്ങൾ അംഗീകൃത മാലിന്യസംസ്കരണ ഏജൻസികൾക്ക് നൽകാതെ കായലിൽ നിക്ഷേപിക്കുന്നതായി പരാതിയിൽ പറയുന്നു. ഇത്തരം മാലിന്യങ്ങൾ കായലിലൂടെ ഒഴുകിയെത്തി പൊന്നുംതുരുത്ത് ദ്വീപിന്റെ വിവിധ ഭാഗങ്ങളിൽ അടിഞ്ഞുകൂടുന്നതാണ് നിലവിലെ മലിനീകരണത്തിന് കാരണമാകുന്നത്.
അടുത്തകാലത്താണ് കായലിൽ വലിയതോതിൽ ഭക്ഷണാവശിഷ്ടങ്ങളും മറ്റ് ജൈവമാലിന്യങ്ങളും കായലിൽ തള്ളുന്നത് വ്യാപമായത്. ഇതുമൂലം പ്രദേശത്ത് അസഹനീയമായ ദുർഗന്ധവും കായലിനെ ആശ്രയിച്ച് ഉപജീവനമാർഗം നടത്തുന്ന മത്സ്യത്തൊഴിലാളികളുടെയും പ്രദേശവാസികളുടെയും ആരോഗ്യത്തിന് ഭീഷണിയാകുന്ന സാഹചര്യവുമുണ്ട്. കൂടാതെ മാലിന്യംതള്ളൽ വ്യാപകമായതോടെ കായൽജലത്തിന്റെ സ്വാഭാവിക ഗുണനിലവാരം നഷ്ടപ്പെടുന്നതിനും ജലജീവികളുടെ നിലനിൽപ്പിന് ഭീഷണി സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. ദ്വീപിൽ സ്ഥിതിചെയ്യുന്ന പൊന്നുംതുരുത്ത് ക്ഷേത്രത്തിൽ ദിവസേന നിരവധി ഭക്തരും വിനോദസഞ്ചാരികളും എത്തുന്നുണ്ട്.
ദ്വീപിനുചുറ്റും അറവുമാലിന്യം അടിഞ്ഞുകൂടി ദുർഗന്ധം രൂക്ഷമായത് ആളുകൾക്ക് ഏറെ ബുദ്ധിമുട്ടായി മാറിയിരിക്കുകയാണ്. വക്കത്തെ കായൽവിനോദസഞ്ചാര മേഖല വളർച്ചയുടെ പുതിയ തലങ്ങളിലേക്കു കടക്കുന്ന അവസരത്തിൽ ഇത്തരം സംഭവങ്ങൾ പ്രാദേശിക ടൂറിസത്തിന്റെ വളർച്ചയ്ക്ക് വെല്ലുവിളിയാണെന്ന് പ്രദേശവാസികൾ പറഞ്ഞു.
കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കണം
പഞ്ചായത്തിന്റെ ആരോഗ്യവിഭാഗം മുഖേന ആവശ്യമായ പരിശോധനകളും അന്വേഷണങ്ങളും നടത്തി കുറ്റക്കാർക്കെതിരേ കർശന നടപടികളുണ്ടാകണം. പൊന്നുംതുരുത്ത് ദ്വീപിനുചുറ്റുമുള്ള കായലിൽ അടിഞ്ഞുകൂടിയിട്ടുള്ള മാലിന്യങ്ങൾ അടിയന്തരമായി നീക്കംചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കണം.
-എം.സുനിൽകുമാർ.പൊന്നുംതുരുത്ത് ശിവപാർവതി വിഷ്ണുക്ഷേത്രം പ്രസിഡന്റ്
Published: 25 Nov 2026, 02:38 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented