ശ്രീകാര്യം : രാജ്യത്ത് ആരോഗ്യരംഗത്തിനായി ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്നത് കേരളത്തിലാണെന്ന് കൃഷിമന്ത്രി ടി.സിദ്ദിഖ്. ശ്രീകാര്യം ഐ.സി.എ.ആർ.-കേന്ദ്ര കിഴങ്ങുവിളഗവേഷണ സ്ഥാപനം (സി.ടി.സി.ആർ.ഐ.), ഇന്ത്യൻ സൊസൈറ്റി ഫോർ റൂട്ട് ക്രോപ്സ് (ഐ.എസ്.ആർ.സി.) എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സംസ്ഥാന കിഴങ്ങുവിളദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചേന ഉപയോഗിച്ച് തയ്യാറാക്കിയ പ്രത്യേക ദീപം തെളിച്ചാണ് മന്ത്രി ചടങ്ങ് ഉദ്ഘാടനം ചെയ്തത്. ആരോഗ്യമേഖലയിലെ ലാഭസാധ്യതകൾ മുന്നിൽക്കണ്ട് കേരളത്തിലെ വൻകിട ആശുപത്രികൾ കോർപ്പറേറ്റുകൾ വാങ്ങിക്കൂട്ടുന്ന സാഹചര്യമാണുള്ളത്. പരമ്പരാഗത ഭക്ഷണസംസ്കാരത്തിൽനിന്നുള്ള മാറ്റമാണ് അർബുദം, വൃക്കരോഗികളുടെ എണ്ണം എന്നിവ വർധിക്കാൻ കാരണം. ഈ സാഹചര്യത്തിൽ കിഴങ്ങുവിളകളുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് അവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. 'എന്റെ ഭക്ഷണം, എന്റെ ഉത്തരവാദിത്വം' എന്ന സന്ദേശം ഓരോ മലയാളിയും ഏറ്റെടുക്കണമെന്നും മന്ത്രി പറഞ്ഞു.
സി.ടി.സി.ആർ.ഐ. ഡയറക്ടറും ഐ.എസ്.ആർ.സി. പ്രസിഡന്റുമായ ഡോ. ജി. ബൈജു അധ്യക്ഷതവഹിച്ചു. കാർഷികോത്പാദന കമ്മിഷണർ ഡോ. വീണ എൻ. മാധവൻ, കൃഷിവകുപ്പ് ഡയറക്ടർ അർജുൻ പാണ്ഡ്യൻ, എം.എസ്.സ്വാമിനാഥൻ ഗവേഷണ ഫൗണ്ടേഷൻ കേരള ഏരിയാ ഡയറക്ടർ ഡോ. സി.തമ്പാൻ, ഐ.എസ്.ആർ.സി. സെക്രട്ടറി ഡോ. കെ.സുനിൽകുമാർ എന്നിവർ സംസാരിച്ചു. സ്ഥാപനത്തിന്റെ പ്രസിദ്ധീകരണങ്ങൾ മന്ത്രി പ്രകാശനംചെയ്തു. കിഴങ്ങുവിള മേഖലയിലെ മികച്ച സംഭാവനകൾക്കുള്ള ആദരിക്കൽ, സാങ്കേതികവിദ്യാ കൈമാറ്റം, ലൈസൻസ്-ധാരണാപത്ര കൈമാറ്റം എന്നിവയും നടന്നു. കർഷക-ശാസ്ത്രജ്ഞ സംവാദം, പ്രദർശനം, പരിശീലനം, നടീൽവസ്തുക്കളുടെ കിറ്റ് വിതരണം എന്നിവയും ദിനാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിരുന്നു.
Published: 25 Nov 2026, 02:37 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented