തിരുവനന്തപുരം : ഒരിക്കൽ താളംതെറ്റിയ മനസ്സ് വീണ്ടെടുത്തിട്ടും ഒപ്പംകൂട്ടാൻ ആരുമില്ലാത്തവരെ ചേർത്തുപിടിക്കുന്ന 'ശ്രദ്ധ'യിലൂടെ ഇനി വനിതകൾക്കും കരുതൽ. പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിൽ ചികിത്സയ്ക്കുശേഷം ഉറ്റവർ ഏറ്റെടുക്കാത്തവരെ സാന്ത്വനിപ്പിക്കാനും സംരക്ഷിക്കാനുമുള്ള ജില്ലാപ്പഞ്ചായത്തിന്റെ 'ശ്രദ്ധ കെയർ ഹോം' പദ്ധതിയിൽ സ്ത്രീകളെയും ഉൾപ്പെടുത്തി.
ഇതിനായി ജില്ലാപ്പഞ്ചായത്ത് നിർമിക്കുന്ന കെട്ടിടത്തിന്റെ പണി ഒന്നരമാസത്തിനുള്ളിൽ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. പദ്ധതിക്കായി 50 ലക്ഷം രൂപ വകയിരുത്തി.
പുരുഷന്മാർക്കായാണ് ആദ്യഘട്ടത്തിൽ 'ശ്രദ്ധ കെയർ ഹോം' ആരംഭിച്ചത്.
വെഞ്ഞാറമൂട്ടിലെ പുരുഷന്മാർക്കായുള്ള കെയർഹോമിനു സമീപത്താണ് സ്ത്രീകൾക്കുള്ള പുനരധിവാസകേന്ദ്രം നിർമിക്കുക. രണ്ടുനിലക്കെട്ടിടമാണ് നിർമിക്കുക. ചുറ്റുമതിൽ നിർമാണം പൂർത്തിയായി. ഒരുവർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യം. ആദ്യഘട്ടത്തിൽ 25 സ്ത്രീകളെ പുരധിവസിപ്പിക്കും. അടുത്തവർഷം 25 പേരെക്കൂടി പാർപ്പിക്കാൻ സൗകര്യമൊരുക്കും.
മുറിയോടുചേർന്ന് ശൗചാലയം, ഭക്ഷണം കഴിക്കാനുള്ള സ്ഥലം, വായനമുറി എന്നിവയുണ്ടാകും. കായികക്ഷമത വർധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളും കൃഷി, പശുവളർത്തൽ, കോഴിവളർത്തൽ എന്നിവയും ഉൾപ്പെടുത്തും. കൃഷിവകുപ്പുമായി സഹകരിച്ച് 'ഹോർട്ടികൾച്ചർ തെറാപ്പി' എന്നപേരിലാണ് കൃഷി നടത്തുക. അന്തേവാസികളെ സജീവമാക്കുക എന്നതാണ് ഹോർട്ടികൾച്ചർ തെറാപ്പികൊണ്ട് ഉദ്ദേശിക്കുന്നത്.
ദൈനംദിന ചെലവുകളും നടത്തിപ്പും ജില്ലാപ്പഞ്ചായത്താണ് നിർവഹിക്കുക. 2022 മുതലാണ് ജില്ലാപ്പഞ്ചായത്ത് കരുതലേകുന്നത്.
പുരുഷന്മാരുടെ കെയർഹോമിൽ നിലവിൽ 45 പേരുണ്ട്. ഇതിൽ ഏഴുപേർ മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ളവരാണ്. ഇവരെ അതത് സംസ്ഥാന സർക്കാരുകളുടെ അനുമതിയോടെ സ്വന്തം നാടുകളിലേക്ക് അയയ്ക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. രോഗമുക്തി നേടിയവരെ കുടുംബങ്ങളിലേക്ക് എത്തിക്കുന്ന പ്രവർത്തനങ്ങളും നടന്നുവരുന്നു.ജില്ലാപ്പഞ്ചായത്തിന്റെ 'ശ്രദ്ധ കെയർ ഹോം' പദ്ധതി സ്ത്രീകൾക്കും
Published: 28 Nov 2026, 12:36 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented