നെടുമങ്ങാട് : നിർമ്മാണം ഇഴഞ്ഞുനീങ്ങുന്ന നെടുമങ്ങാട് ഹൈടെക് മാർക്കറ്റ് പദ്ധതിയിൽ വിഭാവനം ചെയ്തിരുന്നത് വലിയ കാര്യങ്ങളായിരുന്നു.
കിഫ്ബിയിൽനിന്നു 29.11 കോടി രൂപ ചെലവിട്ട് 71,000 സ്ക്വയർ ഫീറ്റിൽ ആധുനികസൗകര്യങ്ങളോടെ് പൊതുചന്ത നിർമിക്കാനായിരുന്നു പദ്ധതി. ഇതിനായി നിലവിലുണ്ടായിരുന്ന കെട്ടിടങ്ങളെല്ലാം പൊളിച്ചുമാറ്റി. അതോടെ കച്ചവടക്കാർ ചന്തയ്ക്ക് പുറത്തായി.
ഹൈടെക് മാർക്കറ്റ് ഇങ്ങനെ
നാലുനിലകളിലായി 172 സ്റ്റാളുകൾ. താഴത്തെ നിലയിൽ 48 മത്സ്യ-ഉണക്കമീൻ സ്റ്റാളുകളും ഇറച്ചി, ചിക്കൻ വിൽപ്പനയ്ക്ക് 24 സ്റ്റാളുകളുമായി 72 കടകൾ. ഒന്നാം നിലയിൽ പഴം, പച്ചക്കറി, പലചരക്ക്, മൺപാത്രം, സ്റ്റേഷനറി അടക്കം 112 കടകൾ. രണ്ടാം നിലയിൽ 120 പേർക്ക് ഒരേസമയം ഭക്ഷണം കഴിക്കാവുന്ന ഫുഡ് കോർട്ട്, എട്ട് ഫുഡ് ഔട്ട്ലെറ്റുകൾ. ബേസ്മെന്റിൽ ടു വീലർ, ഫോർ വീലർ പാർക്കിങ്, സോളാർ പാനൽ, ഇ.വി. ചാർജിങ്, മഴവെള്ളസംഭരണി, സി.സി.ടി.വി,
എല്ലാ നിലകളിലും അത്യാധുനിക ശൗചാലയങ്ങൾ. കൂടാതെ മൂന്ന് പാസഞ്ചർ ലിഫ്റ്റുകളും ഒരു സർവീസ് ലിഫ്റ്റും. മഴവെള്ളസംഭരണി, ഫയർ എക്സിറ്റ്, സോളാർ പാനലുകൾ എന്നിവയും സ്ഥാപിക്കുമെന്നായിരുന്നു പ്രോജക്ടിൽ പറഞ്ഞിരുന്നത്.
ഫണ്ട് വിഴുങ്ങാൻ ഒരു മാർക്കറ്റ്
കഴിഞ്ഞ കാൽനൂറ്റാണ്ടിനിടെ നെടുമങ്ങാട് ചന്തയുടെയും അനുബന്ധസ്ഥാപനങ്ങളുടെയും നവീകരണത്തിന് കോടികളാണ് ചെലവിട്ടത്.
മത്സ്യക്കച്ചവടത്തിന് 35 ലക്ഷം ചെലവിട്ട് കെട്ടിയിട്ട മോഡേൺ ഫിഷ് മാർക്കറ്റ് ആറുമാസംപോലും പ്രവർത്തിച്ചില്ല. നാഷണൽ ഫിഷറീസ് ബോർഡിന്റെ ധനസഹായത്തോടെയാണ് ഈ കെട്ടിടം നിർമിച്ചത്.
എല്ലാ ആധുനികസൗകര്യങ്ങളുമുള്ള ഈ കെട്ടിടം ഇപ്പോൾ ഇടിച്ചുനിരത്തി. 35 ലക്ഷം ചെലവിട്ടു നിർമ്മിച്ച സ്ലോട്ടർ ഹൗസും 10 ലക്ഷം ചെലവിട്ട ശൗചാലയങ്ങളും അടഞ്ഞുതന്നെ. ഇരിഞ്ചയം ഹോൾസെയിൽ ഫിഷ് മാർക്കറ്റിനായി കഴിഞ്ഞ വർഷം 8.4 കോടിയാണ് അനുവദിച്ചത്. കേന്ദ്രസർക്കാർ ഫണ്ടുപയോഗിച്ച് 1995-ൽ ഇരിഞ്ചത്താണ് ആധുനികചന്ത ആരംഭിച്ചത്. 2000-ൽ തനതുഫണ്ടിൽനിന്നു 13 ലക്ഷം ചെലവിട്ട് ഇവിടെ ഐസ് പ്ലാന്റും സ്ഥാപിച്ചു. എല്ലാം ഇപ്പോൾ കാട് വിഴുങ്ങി.
പരിശോധിക്കണം
ഏറെ പ്രതീക്ഷയോടെയാണ്ഹൈടെക് നിർമാണത്തെ നെടുമങ്ങാടുകാർ നോക്കിക്കണ്ടത്. എന്നാൽ പ്രതീക്ഷിച്ചതുപോലെ നിർമ്മാണം 18 മാസമല്ല 28 മാസം കഴിഞ്ഞാലും പൂർത്തിയാകുമെന്ന് തോന്നുന്നില്ല. എവിടെയാണ് തകരാർ സംഭവിച്ചതെന്ന് പരിശോധിക്കണം.
ബി. നിസാറുദ്ദീൻ, മാതൃഭൂമി ഏജന്റ്
കച്ചവടക്കാർ ബുദ്ധിമുട്ടുന്നു
കോടികൾ ചെലവിട്ട അന്താരാഷ്ട്ര മാർക്കറ്റിന്റെ അവസ്ഥ പരിതാപകരമാണ്. കെട്ടിടങ്ങളിൽ പാതിയും കാടുകയറി നശിക്കുന്നു. ഹൈടെക് മാർക്കറ്റിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. കച്ചവടക്കാർ ഏറെ കഷ്ടപ്പെടുന്നത് കാണാതെ പോകരുത്.
ബിനു പ്രശാന്ത്, പൊതുപ്രവർത്തകൻ
Published: 27 Nov 2026, 02:12 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented