കൊതുക് പെരുകുന്നുപരാതി നൽകിയിട്ടും നടപടിയില്ല
കല്ലമ്പലം : നാവായിക്കുളം പഞ്ചായത്തിലെ മങ്ങാട്ടുവാതുക്കൽ അടിപ്പാതയിൽ മഴവെള്ളം കെട്ടിക്കിടന്ന് കൊതുക് പെരുകുന്നത് പ്രദേശവാസികൾക്ക് രോഗഭീഷണിയാകുന്നു. ഒരു മാസം മുൻപ് പെയ്ത മഴയിൽ അടിപ്പാതയിൽ രൂപപ്പെട്ട വെള്ളക്കെട്ട് ഇപ്പോഴും മാറാത്തതാണ് കൊതുകുശല്യം രൂക്ഷമാകാൻ കാരണം.
പ്രദേശത്ത് കൊതുകുജന്യരോഗങ്ങൾ പടരാനുള്ള സാധ്യതയും വർധിച്ചു. അടിപ്പാതയിൽ വാഹനഗതാഗതമില്ലാത്തതിനാൽ വെള്ളത്തിന് ഒഴുക്കോ ചലനമോ ഇല്ല. മഴവെള്ളം ഒഴുകിപ്പോകുന്നതിനുള്ള സൗകര്യമില്ലാത്തതാണ് വെള്ളക്കെട്ടിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. അടിപ്പാതയ്ക്ക് സമീപം താമസിക്കുന്നവരും യാത്രികരും ദുരിതത്തിലാണ്. ഡെങ്കിപ്പനി ഉൾപ്പെടെയുള്ള കൊതുകുജന്യരോഗങ്ങൾ പടരാനുള്ള സാഹചര്യമുള്ളതിനാൽ പ്രദേശവാസികൾ കടുത്ത ആശങ്കയിലാണ്. വീടുകളിലും പരിസരങ്ങളിലും കൊതുകുനശീകരണ പ്രവർത്തനങ്ങൾ നടത്താൻ ആരോഗ്യവകുപ്പും തദ്ദേശസ്ഥാപനവും നിർദേശിക്കുമ്പോൾ പൊതുസ്ഥലത്ത് ഇത്രയധികം വെള്ളം കെട്ടിക്കിടന്നിട്ടും പരിഹാരമുണ്ടാകാത്തത് അധികൃതരുടെ അനാസ്ഥയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
വെള്ളക്കെട്ട് ഒഴിവാക്കാൻ ആവശ്യപ്പെട്ട് ദേശീയപാത അതോറിറ്റി, നാവായിക്കുളം പഞ്ചായത്ത്, ആരോഗ്യവകുപ്പ് അധികൃതർ എന്നിവർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായിട്ടില്ലെന്നാണ് പരാതി. പഞ്ചായത്ത് ആരോഗ്യവിഭാഗം കൊതുകുനശീകരണത്തിനും രോഗപ്രതിരോധത്തിനുമായി പദ്ധതികൾ നടപ്പാക്കുന്നുണ്ടെങ്കിലും വെള്ളക്കെട്ട് അധികൃതരുടെ ശ്രദ്ധയിൽപ്പെടാത്തതിൽ പ്രതിഷേധമുണ്ട്.
കെട്ടിക്കിടക്കുന്ന വെള്ളം പമ്പ് ചെയ്ത് മാറ്റാനും ഡ്രെയിനേജ് സംവിധാനം ഒരുക്കാനും അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. പ്രശ്നത്തിന് അടിയന്തരപരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വാർഡ് അംഗം സജിന അശോകൻ അധികൃതർക്ക് പരാതി നൽകി.
Published: 27 Nov 2026, 02:11 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented