പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കി

To advertise here,

തിരുവനന്തപുരം : മാനവീയംവീഥിയിൽ കലാപരിപാടിക്ക് അനുമതി നിഷേധിച്ചതിനെതിരേ സാംസ്‌കാരിക പ്രവർത്തകർ തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസ് ഉപരോധിച്ചു. കോർപ്പറേഷൻ പടിക്കെട്ടിലിരുന്ന് കവിതചൊല്ലി ഉപരോധം തീർത്ത പ്രതിഷേധക്കാരെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്ത് നീക്കി.

മാനവീയം വീഥിയുടെ രജതജൂബിലിയോടനുബന്ധിച്ച് ഗായിക പുഷ്പവതിയുടെ സംഗീതപരിപാടിക്ക് അനുമതി നിഷേധിച്ച സംഭവത്തിലായിരുന്നു സേവ് മാനവീയം കൂട്ടായ്മ എന്നപേരിൽ പ്രതിഷേധം. രജതജൂബിലി ആഘോഷ കമ്മിറ്റി ചെയർപേഴ്‌സണും നാടക പ്രവർത്തകനുമായ ഡി. രഘൂത്തമന്റെ നേതൃത്വത്തിൽ പ്രതിഷേധക്കാർ ആദ്യം കോർപ്പറേഷൻ സെക്രട്ടറി മുഹമ്മദ് ഷാഫിയുടെ ഓഫീസിലാണെത്തിയത്. എന്നാൽ, കലാപരിപാടിക്ക് അനുമതി നൽകിക്കൊണ്ട് അപേക്ഷ താൻ മേയർക്ക് അയച്ചതായി സെക്രട്ടറി അറിയിച്ചു. മേയർക്ക് അയച്ച മെയിൽ സന്ദേശവും സെക്രട്ടറി പ്രതിഷേധക്കാരെ കാണിച്ചു.

തുടർന്ന് മേയറുടെ വ്യക്തിപരമായ രാഷ്ട്രീയമാണ് അനുമതി നിഷേധിച്ചതിനു പിന്നിലെന്ന് ആരോപിച്ച് സാംസ്‌കാരിക പ്രവർത്തകർ കോർപ്പറേഷൻ പടിക്കെട്ടിലിരുന്ന് പ്രതിഷേധിച്ചു. പാട്ടുപാടിയും കവിതചൊല്ലിയും പ്രതിഷേധം കനത്തതോടെ പോലീസ് സ്ഥലത്തെത്തി ഇവരെ അറസ്റ്റ്‌ചെയ്ത് നീക്കി. രഘൂത്തമൻ, കവി വിനോദ് വൈശാഖി, പുരോഗമന കലാസാഹിത്യസംഘം ജില്ലാ സെക്രട്ടറി എസ്.രാഹുൽ, എസ്.എസ്.ദീപു, രാഹുൽ, ദിയാസന തുടങ്ങി അൻപതിലേറെപ്പേരെയാണ് അറസ്റ്റുചെയ്ത് നീക്കിയത്.

അതേസമയം സമാധാനപരമായി പ്രതിഷേധിച്ച തങ്ങളെ പോലീസ് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് പ്രതിഷേധക്കാർ പറഞ്ഞു.

കലാപരിപാടിക്ക് അനുമതി നൽകിയില്ലെങ്കിൽ വരുംദിവസങ്ങളിലും പ്രതിഷേധം തുടരുമെന്ന് കൂട്ടായ്മ അറിയിച്ചു.