പോലീസുകാരന്റെ കൈ ഒടിഞ്ഞുതൂങ്ങി

To advertise here,

ജീപ്പിലുണ്ടായിരുന്ന മൂന്നുപേരെ പിടികൂടി

കഴക്കൂട്ടം : ലഹരിസംഘത്തെ പിന്തുടർന്ന പോലീസുകാർക്കു നേരേ ജീപ്പ് ഇടിച്ചുകയറ്റി ആക്രമണം. സംഭവത്തിൽ തിരുവനന്തപുരം സിറ്റി ഡാൻസാഫ് സംഘത്തിലെ സിവിൽ പോലീസ് ഓഫീസർ ദീപുരാജിന്‌ (40) ഗുരുതരമായി പരിക്കേറ്റു. എസ്.ഐ. മിഥുൻ ഉൾപ്പെടെ മറ്റു രണ്ടു ഉദ്യോഗസ്ഥർക്കും പരിക്കേറ്റു. ദീപുരാജിന്റെ ഇടതുകൈ ഒടിഞ്ഞുതൂങ്ങിയ നിലയിലാണ്.

മയക്കുമരുന്ന് കടത്തുകയായിരുന്ന മൂന്നംഗ സംഘത്തെ പോലീസ് സാഹസികമായി കീഴടക്കി അറസ്റ്റ് ചെയ്തു. തിരുവല്ലം മന്നൻ നഗർ ദ്വാരകയിൽ അഭിഷേക് (30), വെട്ടുകാട് ബാലനഗർ ഈന്തിവിളാകം വീട്ടിൽ രതീഷ് (41), കാസർകോട് സ്വദേശി സ്വാലി (27) എന്നിവരാണ് പിടിയിലായത്. ഇവർ സഞ്ചരിച്ചിരുന്ന ജീപ്പും പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ പക്കൽനിന്ന് 10 ഗ്രാമോളം എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ കണ്ടെടുത്തിട്ടുണ്ട്.

തിങ്കളാഴ്ച നാലുമണിയോടെ ദേശീയപാതയിൽ വെട്ടുറോഡിൽ നിർമാണം നടക്കുന്ന മേൽപ്പാലത്തിന് സമീപമായിരുന്നു സംഭവം.

കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തേക്ക് വൻതോതിൽ എംഡിഎംഎ കടത്തിക്കൊണ്ടുവരുന്നതായി സിറ്റി ഡാൻസാഫ് സംഘത്തിന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഉച്ചയോടെ ഉദ്യോഗസ്ഥർ കണിയാപുരം ഭാഗത്ത് ദേശീയപാതയിൽ നിലയുറപ്പിച്ചിരുന്നു. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ജീപ്പിനെ പോലീസ് പിന്തുടർന്ന് വെട്ടുറോഡ് വെച്ച് ജീപ്പിലും ബൈക്കിലുമായെത്തിയ പോലീസ് സംഘം തടഞ്ഞു. കുടുങ്ങുമെന്ന് ഉറപ്പായതോടെ പ്രതികൾ വാഹനം നിർത്താതെ പെട്ടെന്ന് മറ്റൊരു വശത്തേക്ക് തിരിയാനായി പിന്നോട്ടെടുത്തു. അപ്പുറത്തേക്ക് കടക്കാൻ കഴിയില്ലെന്നായപ്പോൾ പുറകിലേക്ക് എടുക്കുകയും ഈ സമയം വാഹനത്തിന് പിന്നിലായി ബൈക്കിൽ പിന്തുടർന്നെത്തിയ ഡാൻസാഫ് ഉദ്യോഗസ്ഥൻ ദീപുരാജിന്റെ ബൈക്കിലേക്ക് അമിതവേഗതയിൽ ജീപ്പ് ഇടിച്ചുകയറ്റുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് ജീപ്പിന്റെ അടിയിലാകുകയും തെറിച്ചുവീണ ദീപുരാജിന്റെ ഇടതുകൈയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. കൈ ഒടിഞ്ഞുതൂങ്ങിയ നിലയിലായിരുന്ന ഇദ്ദേഹത്തെ ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥർ ഉടൻതന്നെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉദ്യോഗസ്ഥരെ ഇടിച്ചുവീഴ്ത്തി കടന്നുകളയാൻ ശ്രമിച്ച സംഘത്തെ മറ്റ് പോലീസുകാർ ചേർന്ന് പിന്തുടർന്ന് വളഞ്ഞ് പിടികൂടുകയായിരുന്നു. പിടിയിലായ മൂന്നുപേരും സംഭവസമയത്ത് മാരകമായ ലഹരി ഉപയോഗിച്ചിരുന്നതായി പോലീസ് പറഞ്ഞു.

പ്രതികൾക്കെതിരേ വധശ്രമം, കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, എൻ.ഡി.പി.എസ്. നിയമപ്രകാരമുള്ള വകുപ്പുകൾ എന്നിവ ചുമത്തി കഴക്കൂട്ടം പോലീസ് കേസെടുത്തു. കൊച്ചിയിൽ നിന്നും തലസ്ഥാനത്തേക്ക് ലഹരി എത്തിക്കുന്ന വൻ റാക്കറ്റിലെ കണ്ണികളാണ് പിടിയിലായതെന്നാണ് പ്രാഥമിക നിഗമനം. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ലഹരിക്കെതിരേയുള്ള പോരാട്ടം അക്രമത്തിലൂടെ തടസ്സപ്പെടുത്താൻ കഴിയില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും പ്രതികരിച്ചു.