മാറനല്ലൂർ : പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ പൈപ്പ് സ്ഥാപിക്കുന്നതിനുവേണ്ടി റോഡ് വെട്ടിപ്പൊളിച്ച സ്ഥലങ്ങളിൽ നടത്തിയ നവീകരണജോലികൾ അപാകമെന്ന് പരാതി. ബാലരാമപുരം-കാട്ടാക്കട റോഡിലും കാട്ടാക്കട-നെയ്യാറ്റിൻകര റോഡിലുമാണ് മാസങ്ങൾക്കു മുൻപ് പൈപ്പിടുന്നതിനുവേണ്ടി റോഡിന്റെ പലയിടങ്ങളിലും കുഴിയെടുത്തത്. പൈപ്പിടൽ ജോലികൾ പൂർത്തിയാക്കിയെങ്കിലും കുഴിയെടുത്ത ഭാഗങ്ങളിൽ മണ്ണ് മൂടിയിടുക മാത്രമാണ് ചെയ്തിരുന്നത്.

To advertise here,

അടുത്തിടെ പ്രദേശവാസികൾ പൊതുമരാമത്ത് വകുപ്പിനും ജലവിഭവ വകുപ്പിനും പരാതിപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കു മുൻപാണ് നവീകരണജോലികൾ നടത്തിയത്.

കുഴിയെടുത്ത ഭാഗങ്ങളിൽ ചല്ലി നിരത്താതെ മണ്ണിട്ടശേഷം ടാറിടൽ ജോലികൾ നടത്തിയെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

കാട്ടാക്കട-നെയ്യാറ്റിൻകര റോഡിൽ കൂവളശ്ശേരിക്കു സമീപം വലിയ കുഴിയെടുത്താണ് പൈപ്പിടൽ ജോലികൾ നടത്തിയത്. തുടർന്ന് റോഡ് അപ്പോൾത്തന്നെ ടാറിട്ട് നവീകരിച്ചെങ്കിലും ആഴ്ചകൾ പിന്നിട്ടപ്പോൾത്തന്നെ ടാറിടിഞ്ഞു താഴ്ന്നു. വേഗത്തിലെത്തുന്ന വാഹനങ്ങൾ ടാറിടിഞ്ഞ ഭാഗത്ത് എത്തുമ്പോൾ അപകടത്തിൽപ്പെടുന്നത് പതിവാണ്.