തൊഴിലവസരങ്ങൾ 65,786

To advertise here,

ചെന്നൈ : ടി.വി.കെ. സർക്കാരിന്റെ രണ്ടാം നിക്ഷേപക സംഗമം വൻവിജയം. 58,214 കോടി രൂപയുടെ നിക്ഷേപമാണ് ഇതിലൂടെ തമിഴ്‌നാട്ടിലെത്തുന്നത്. ഇതോടെ 65,786 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷ. എയ്റോസ്പേസ്, പ്രതിരോധം, ഓട്ടോമൊബൈൽസ്, ഇലക്‌േട്രാണിക്സ്, പുനരുപയോഗ ഊർജം, തുണിത്തരങ്ങൾ, ലോജിസ്റ്റിക്സ്, കപ്പൽ നിർമാണം, ഹോസ്പിറ്റാലിറ്റി, ടൂറിസം എന്നിവയുൾപ്പെടെ വിവിധ മേഖലകളിലാണ് പ്രമുഖ കമ്പനികൾ നിക്ഷേപം ഉറപ്പിച്ചത്. നിക്ഷേപത്തിൽ ഒന്നാം സ്ഥാനത്തുള്ളത് പുനരുപയോഗ ഊർജ പദ്ധതിയിൽ 8,140 കോടി രൂപ മുടക്കുന്ന സി.എസ്.ഇ. ഡിവലപ്മെന്റ് ഇന്ത്യയാണ്. ജെ.എം. ബാക്സി പോർട്‌സ്‌ ആൻഡ് ലോജിസ്റ്റിക്സ് 5,200 കോടിയും അവിഘ്‌ന പ്രൈവറ്റ് ലിമിറ്റഡ് 5,000 കോടിയും നിക്ഷേപമിറക്കി തൊട്ടുപിന്നിലുണ്ട്.

ബുധനാഴ്ച മഹാബലിപുരത്തു സംഘടിപ്പിച്ച നിക്ഷേപക സംഗമത്തിൽ മുഖ്യമന്ത്രി ജോസഫ് വിജയ് ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു. തൊഴിലവസരമൊരുക്കുന്നതിൽ മുൻപന്തിയിൽ ജെ.എം. ബാക്സിയാണ്. 7,500 തൊഴിൽ നൽകുമെന്നാണ് അവർ അവകാശപ്പെടുന്നത്. 5000 തൊഴിലവസരങ്ങളുമായി എസ്.സി.എം. ഗാർമെന്റസാണ് തൊട്ടുപിന്നിൽ.

19,965 തൊഴിലവസരങ്ങൾ പ്രതീക്ഷിക്കുന്ന 7,925 കോടിയുടെ 15 പദ്ധതികൾക്കും വിജയ് ചടങ്ങിൽ തുടക്കമിട്ടു. 1,430 കോടിയുടെ പൂർത്തീകരിച്ച ആറ് പദ്ധതികളുടെ ഉദ്ഘാടനവും നിർവഹിച്ചു. ടി.വി.കെ സർക്കാർ ഭരണമേറ്റ് 200 ദിവസത്തിനകം 190 ധാരണാപത്രങ്ങളിലൂടെ 1.73 ലക്ഷം കോടിയിലധികം നിക്ഷേപം സംസ്ഥാനത്തേക്ക് എത്തിച്ചു. ഇതിലൂടെ 1,98,557 പേർക്ക് തൊഴിലവസരം ഒരുക്കാനായിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

കൂടുതൽ നിക്ഷേപം ഇറക്കിയ മറ്റു ചില കമ്പനികൾ: ഗ്രീൻബേസ് ഇൻഡസ്ട്രിയൽ ആൻഡ് ലോജിസ്റ്റിക്സ് പാർക്ക് (2,650 കോടി), ടി.വി.എസ്. മോട്ടോർ കമ്പനി (2,000 കോടി), ബ്രസീൽ ആസ്ഥാനമായ ഡബ്ള്യു.ഇ.ജി ഇൻഡസ്ട്രീസ് (2,000 കോടി), സൻമാർ ഗ്രൂപ്പ് (1,950 കോടി), ടൈറ്റാൻ (1,500 കോടി), ഇ.എസ്.ആർ ഇൻഡസ്ട്രിയൽ പാർക്ക് റിയാലിറ്റി (1,500 കോടി), ഇമാമി അഗ്രോടെക് (1,380 കോടി), അപ്പോളോ ടയേഴ്‌സ് (1,100 കോടി), അംബ ഗ്രൂപ്പ് (1,072 കോടി), റെഫെക്‌സ് റിന്യൂവബിൾസ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ (1,010 കോടി), ഐഷർ മോട്ടോഴ്സ് (1,000 കോടി), ധൂത് ഓട്ടോമോട്ടീവ് സിസ്റ്റംസ് (1,000 കോടി), ബിഗ് ബാങ് ബൂം സൊല്യൂഷൻസ് (1,000 കോടി).