ദുബായ് ക്രീക്കിൽ മറൈൻ ക്രൂയിസുകളും പുതുവത്സര യാത്രകളും പ്രഖ്യാപിച്ചു
ദുബായ് : എമിറേറ്റിലെ ജലടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ശൈത്യകാല സീസണിൽ ദുബായ് ക്രീക്കിലൂടെ പ്രത്യേക സീസണൽ മറൈൻ ക്രൂയിസുകളും വിനോദയാത്രാ സേവനങ്ങളും ആരംഭിക്കുന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.) പ്രഖ്യാപിച്ചു. ശൈത്യകാലത്ത് ഔട്ട്ഡോർ വിനോദങ്ങൾക്ക് ആവശ്യക്കാരേറുന്ന സാഹചര്യത്തിൽ, താമസക്കാർക്കും സന്ദർശകർക്കും ദുബായിയുടെ ജലപാതകളിലൂടെ സവിശേഷമായ യാത്രാനുഭവം നൽകുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ദുബായ് ക്രീക്കിലൂടെയുള്ള ദുബായ് ഫെറി റൂട്ട് (എഫ്.ആർ. 3) സർവീസുകൾക്ക് പുറമെ വൈവിധ്യമാർന്ന വിനോദ-കാഴ്ചാ യാത്രകളും ഈ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ദുബായ് ഫെറി റൂട്ട് ദിവസേന വൈകുന്നേരം 4.30-ന് സർവീസ് തുടരും. ദുബായ് ക്രീക്കിലെ മനോഹരമായ സൂര്യാസ്തമയ കാഴ്ചകൾ ആസ്വദിക്കുന്നതിനും, സന്ധ്യ മയങ്ങുന്നതോടെ ദീപാലംകൃതമാകുന്ന ദുബായ് നഗരത്തിന്റെ ആകാശദൃശ്യങ്ങൾ കാണുന്നതിനും ഈ യാത്രയിലൂടെ സഞ്ചാരികൾക്ക് അവസരം ലഭിക്കും.
ഈ സേവനങ്ങൾക്ക് പുറമെ, 2027 പുതുവത്സരത്തെ വരവേൽക്കുന്നതിനായി 2026 ഡിസംബർ 31-ന് പ്രത്യേക ‘ന്യൂ ഇയേഴ്സ് ഈവ്’ ക്രൂയിസുകളും ആർ.ടി.എ. സംഘടിപ്പിക്കുന്നുണ്ട്. ദുബായിലെ പ്രധാന ആഘോഷവേദികളുടെ മനോഹരമായ ദൃശ്യങ്ങളും വർണാഭമായ കരിമരുന്ന് പ്രയോഗങ്ങളും ആർ.ടി.എ.യുടെ ജലഗതാഗത വാഹനങ്ങളിലിരുന്ന് നേരിട്ട് ആസ്വദിക്കാൻ ഇതിലൂടെ പൊതുജനങ്ങൾക്ക് സുവർണാവസരമൊരുങ്ങും.
വർഷത്തിലെ ഏറ്റവുംപ്രധാനപ്പെട്ട ആഘോഷരാവുകളിലൊന്നായ പുതുവത്സര രാത്രിയിൽ യാത്രക്കാരുടെ അനുഭവം കൂടുതൽ മികച്ചതാക്കുന്നതിനായി രൂപകല്പനചെയ്ത പ്രത്യേക സേവനങ്ങളോടെ ദുബായ് ഫെറി, അബ്രകൾ, വാട്ടർ ടാക്സികൾ എന്നിവയാണ് ന്യൂ ഇയേഴ്സ് ഈവ് പ്രോഗ്രാമിൽ അണിനിരക്കുന്നത്. പുതുവത്സര ക്രൂയിസുകൾ ബുക്ക് ചെയ്യുന്നതിനും വിവരങ്ങൾ അറിയുന്നതിനുമായി താല്പര്യമുള്ളവർ marinebooking@rta.ae എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടണമെന്ന് ആർ.ടി.എ. അറിയിച്ചു.
Published: 26 Nov 2026, 01:33 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented