ആറ്റിങ്ങൽ : മുനിസിപ്പൽ ടൗൺഹാളിന്റെ നവീകരണപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ഹാളിന്റെ മുൻവശത്തെ അലങ്കാരപ്പണികളും ഒന്നാംനിലയിലെ പ്രധാന ഹാളിലുള്ള എയർകണ്ടീഷൻ ഉൾപ്പെടെയുള്ളവയുടെ പണികളും അവസാനഘട്ടത്തിലാണ്. പ്രധാന കെട്ടിടത്തിൽ അവശേഷിച്ചിരുന്ന നിർമാണപ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. അടുത്തമാസം എല്ലാ പണികളും പൂർത്തിയാക്കാനാകുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.
മുനിസിപ്പൽ ടൗൺ സർവീസ് സഹകരണബാങ്കിൽ നിന്നും ഒടുവിൽ എടുത്ത രണ്ടുകോടി രൂപയുടെ വായ്പത്തുകയും പദ്ധതിവിഹിതവും ഉൾപ്പെടുത്തിയാണ് അവസാനഘട്ട നിർമാണപ്രവർത്തനങ്ങൾക്കുള്ള ഫണ്ട് കണ്ടെത്തിയിട്ടുള്ളത്. ഊരാളുങ്കൽ സംഘത്തിന്റെ നേതൃത്വത്തിലാണ് ഇപ്പോൾ പണികൾ നടക്കുന്നത്. നേരത്തേ 5.39 കോടി രൂപ നവീകരണത്തിനായി ചെലവിട്ടിട്ടുണ്ട്. ഇതിൽ 3.64 കോടിരൂപ ടൗൺ സർവീസ് സഹകരണബാങ്കിൽ നിന്നുള്ള വായ്പയാണ്.
മികച്ച സൗകര്യങ്ങൾ ഒരുങ്ങുന്നു
ഒന്നാംനിലയിലെ ശീതീകരിച്ച പ്രധാന ഹാളിൽ 900 പേർക്കുള്ള ഇരിപ്പിടമുണ്ടാകും. പ്രധാന ഭക്ഷണശാലയിൽ 450 പേർക്ക് ഒരേസമയം ഭക്ഷണം കഴിക്കാനുള്ള സൗകര്യമൊരുക്കും. പഴയ ഭക്ഷണശാലയിൽ 250 പേർക്ക് ഭക്ഷണം കഴിക്കാനുള്ള സൗകര്യമുണ്ടാകും. ഇത് സസ്യാഹാരശാലയായി ക്രമീകരിക്കും. മികച്ച അടുക്കളയും ഹാളിനടിയിൽ പാർക്കിങ് സൗകര്യവുമുണ്ട്. പൂർണമായും ഭിന്നശേഷിസൗഹൃദമാണ് ഹാൾ.
പഴയ പ്രധാന ഹാളാണ് ഭക്ഷണശാലയായി മാറ്റിയിട്ടുള്ളത്. ഈ ഹാളിനോടു ചേർന്നുള്ള വേദി അതേപോലെ നിലനിർത്തിയിട്ടുണ്ട്. ഹാളിനുള്ളിലെ മേശകൾ നീക്കി കസേരകൾ നിരത്തിയാൽ ഇവിടെ പൊതുസമ്മേളനങ്ങളും കലാപരിപാടികളും നടത്താനാകും. പൊതുപരിപാടികൾക്ക് കുറഞ്ഞ വാടകയ്ക്ക് ഈ ഹാൾ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. ചെറിയ ചെലവിൽ വിവാഹം നടത്താൻ ആഗ്രഹിക്കുന്നവർക്ക് ഈ ഹാൾ മതിയാകും. വിവാഹസത്കാരങ്ങളും മറ്റു പൊതുപരിപാടികളും ഈ ഹാളിൽ നടത്താൻ കഴിയും.
വർഷങ്ങളുടെ കാത്തിരിപ്പും വിവാദങ്ങളും
നിർമാണപ്രവർത്തനങ്ങളിലെ കാലതാമസവും അതുമൂലം നഗരസഭയ്ക്കുണ്ടായിട്ടുള്ള സാമ്പത്തികനഷ്ടവുമെല്ലാം തിരഞ്ഞെടുപ്പുകളിൽപ്പോലും വലിയ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു. മുൻ ഭരണസമിതിയെ ചോദ്യമുനകളിൽ നിർത്തിയ പ്രധാന വിഷയമായിരുന്നു ടൗൺഹാൾ നവീകരണം.
ടൗൺഹാൾ നവീകരിക്കാൻ 2017-ലാണ് ഭരണസമിതി തീരുമാനിച്ചത്. 4.5 കോടി രൂപയായിരുന്നു ചെലവ് കണക്കാക്കിയത്. മുനിസിപ്പൽ ടൗൺ സർവീസ് സഹകരണബാങ്കിൽ നിന്നും വായ്പയെടുത്ത് നവീകരണം നടത്താനായിരുന്നു തീരുമാനം. കെ.എസ്.ഇ.ബി.യുടെ കെട്ടിട നിർമാണ വിഭാഗത്തിനെയാണ് നിർമാണക്കരാർ ഏല്പിച്ചത്. ഇവർ പുറംകരാർ കൊടുത്താണ് പണികൾ നടത്തിയത്. തുടക്കംമുതൽ പണികൾ ഇഴഞ്ഞു. പണികൾ കാര്യക്ഷമമാക്കാൻ വേണ്ട ഇടപെടൽ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായതുമില്ല. കോവിഡ് കാലത്ത് പണികൾ പൂർണമായും നിലച്ചു. അഞ്ചുകോടിയിലധികം രൂപ ചെലവിട്ടിട്ടും സമയബന്ധിതമായി പണികൾ പൂർത്തിയാക്കി ടൗൺഹാൾ തുറക്കാൻ കഴിയാതെ വന്നത് ഭരണസമിതിക്ക് വലിയ ക്ഷീണമായി.
ഓഡിറ്റ് സമിതിയുടെ വിമർശനം
ടൗൺഹാൾ നിർമാണം സംസ്ഥാന ഓഡിറ്റ് വിഭാഗത്തിന്റെ പരാമർശങ്ങൾക്കും ഇടയാക്കി. 2023-24 വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിൽ ഈ പദ്ധതി നടത്തിപ്പിന്റെ വീഴ്ചകൾ എടുത്തുകാണിക്കുകയുണ്ടായി. ഓഡിറ്റ് റിപ്പോർട്ടനുസരിച്ച് സി.എഫ്.സി. ഗ്രാൻഡിൽ നിന്നുള്ള 1,63,41,641 രൂപയും സഹകരണബാങ്കിൽനിന്ന് വായ്പയെടുത്ത 3,64,05,512 രൂപയും വികസനഫണ്ടിൽ നിന്നുള്ള 11,57,905 രൂപയും ഉൾപ്പെടെ 5.39 കോടി രൂപ 2023-24 സാമ്പത്തികവർഷം വരെ നവീകരണത്തിനായി ചെലവിട്ടിട്ടുണ്ട്.
സഹകരണബാങ്കിൽ നിന്നെടുത്ത വായ്പയുടെ പലിശയിനത്തിൽ 2023-24 കാലയളവ് വരെ 88,32,805 രൂപ പലിശ ഒടുക്കിയിട്ടുണ്ട്. ഇപ്പോഴത് ഒരു കോടിരൂപയ്ക്ക് മുകളിലായിട്ടുണ്ട്. ടൗൺഹാളിലൂടെ നഗരസഭയ്ക്കു ലഭിക്കേണ്ട വരുമാനം വർഷങ്ങളായി നിലയ്ക്കുകയും നഗരത്തിലെ വികസനപ്രവർത്തനങ്ങൾക്ക് വിനിയോഗിക്കേണ്ട തുക പലിശയിനത്തിൽ ഒടുക്കുകയും ചെയ്യുന്നുവെന്നും ഓഡിറ്റ് റിപ്പോർട്ടിൽ പരാമർശമുണ്ടായി. 2024 ജനുവരി 18 ന് ഓഡിറ്റ് സംഘം ടൗൺഹാളും പരിസരവും പരിശോധിക്കുകയും ചെയ്തിരുന്നു.
Published: 26 Nov 2026, 01:46 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented