പാങ്ങോട് : തമിഴ്‌നാട് രജിസ്ട്രേഷനുള്ള കാറിൽ കേരള രജിസ്ട്രേഷൻ നമ്പർ ബോർഡ്‌ പതിപ്പിച്ച് ടാക്‌സിയായി ഓടിയ രണ്ട് വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തു. ഉടമയ്ക്ക് എതിരേ പാങ്ങോട് പോലീസ് കേസ് രജിസ്‌റ്റർ ചെയ്ത‌ു. ഒരേ നമ്പരിൽ രണ്ട് വാഹനങ്ങൾ വെവ്വേറെ ജില്ലകളിൽ ടാക്‌സിയായി ഓടിക്കുന്നുവെന്നാണ് കേസ്.

To advertise here,

കാട്ടാക്കട സ്വദേശി അരുണിന്റെ ഉടമസ്‌ഥതയിലുള്ള വാഹനങ്ങളാണ് പോലീസ് പിടിച്ചെടുത്തത്. ബുധനാഴ്ച രാത്രി കല്ലറ പള്ളിമുക്കിനു സമീപം വാഹന പരിശോധന നടത്തുമ്പോഴാണ് കാർ പിടിയിലായത്. ജില്ലാ പോലീസ് മേധാവി ബി.കെ. പ്രശാന്തൻ കാണിയുടെ നിർദേശപ്രകാരം നടക്കുന്ന വാഹന പരിശോധനയുടെ ഭാഗമായിരുന്നു ഇത്‌.

കാരേറ്റുനിന്ന്‌ കല്ലറയിലേക്കു വന്ന ആഡംബര കാറിന്റെ രേഖകളിൽ വ്യത്യാസം കണ്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് തമിഴ്നാട് രജിസ്‌ട്രേഷനിലുള്ള വാഹനത്തിൽ വ്യാജ നമ്പർ പതിപ്പിച്ചതാണെന്നു കണ്ടെത്തിയത്‌.

പോലീസ് പറയുന്നത്: കാട്ടാക്കട സ്വദേശിയായ അരുൺ തന്റെ പേരിലുള്ള കാർ എറണാകുളത്ത് ടെലികോം കമ്പനിക്ക് വാടകയ്ക്കു നൽകിയതാണ്. തമിഴ്‌നാട്ടിൽനിന്ന്‌ വാടകയ്ക്ക് എടുത്ത കാറിലും ഇതേ നമ്പർ രേഖപ്പെടുത്തി. ഇൗ കാർ കല്ലറ സ്വദേശി ഗോകുൽ വാടകയ്ക്ക് എടുത്ത്‌ ഊബർ ടാക്സ‌ിയായി ഓടിക്കുകയാണ്.