റോഡുപണി ഡിസംബർ ഏഴിന് തുടങ്ങുമെന്ന് പഞ്ചായത്തിന്റെ കൈകഴുകൽ
പൂക്കോട്ടുംപാടം : അമരമ്പലം പഞ്ചായത്തിലെ പ്രധാന പാതകളിലൊന്നായ പൂക്കോട്ടുംപാടം പാറക്കപ്പാടം (അമ്പലംറോഡ്) നവീകരണപ്രവൃത്തി ഡിസംബർ ഏഴിന് തുടങ്ങുമെന്ന് പഞ്ചായത്ത് ഭരണസമിതി. വില്ലത്ത് ക്ഷേത്രത്തിലെ മണ്ഡലകാല ചടങ്ങുകൾക്ക് തടസമാകാതിരിക്കാനാണ് പ്രവൃത്തി തുടങ്ങുന്നത് മാറ്റിവെച്ചതെന്ന് പഞ്ചായത്തധികൃതർ വ്യക്തമാക്കി. ഏറെക്കാലമായി തകർന്നുകിടക്കുന്ന റോഡ് നന്നാക്കണമെന്ന നാട്ടുകാരുടെ നിരന്തര ആവശ്യത്തെത്തുടർന്ന് പഞ്ചായത്തിന്റെ 2026-27 വാർഷിക പദ്ധതിയിൽ ഫണ്ട് അനുവദിച്ചിരുന്നു. എന്നാൽ പ്രവൃത്തി തുടങ്ങാനിരിക്കെ വില്വത്ത് ക്ഷേത്രത്തിൽ മണ്ഡലമാസ ചടങ്ങുകളും ഡിസംബർ അഞ്ചിന് അഖണ്ഡനാമയജ്ഞവും നടക്കുന്നതിനാൽ റോഡുപണി ഭക്തജനങ്ങൾക്ക് പ്രയാസമാകുമെന്ന് ക്ഷേത്രകമ്മിറ്റി ഭാരവാഹികൾ പഞ്ചായത്തിനെ അറിയിച്ചു.
അതേസമയം, റോഡുപണി വൈകുന്നതിൽ പ്രതിഷേധിച്ച് കഴിഞ്ഞദിവസം നാട്ടുകാരുടെ നേതൃത്വത്തിൽ കുഴികളിൽ മണ്ണിട്ട് നികത്തി താത്കാലികമായി സഞ്ചാരയോഗ്യമാക്കിയിരുന്നു. എന്നാൽ പിന്നീട് പെയ്ത മഴയിൽ മണ്ണു കുതിർന്ന് റോഡ് ചെളിക്കുളമായതോടെ യാത്രക്കാർ കൂടുതൽ ദുരിതത്തിലായി. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി പഞ്ചായത്ത് ഭരണസമിതി രംഗത്തെത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് വി.പി. അഫീഫയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ഡിസംബർ ഏഴിന് പണി തുടങ്ങാൻ തീരുമാനിച്ചത്. വൈസ് പ്രസിഡന്റ് നോട്ടത്ത് മുഹമ്മദ്, പഞ്ചായത്തംഗം കെ. രത്നകുമാർ, വില്വത്ത് ക്ഷേത്രകമ്മിറ്റി പ്രതിനിധികളായ കെ.പി. സുബ്രഹ്മണ്യൻ, സതീഷ് പുല്ല്പറമ്പ്, അമരമ്പലം ലേബർ കോൺട്രാക്ട് സൊസൈറ്റി പ്രതിനിധി ഷൈജു പറയങ്ങാട്, പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനിയർ മെറിൻ രാജു എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
Published: 27 Nov 2026, 01:48 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented