കണ്ണടച്ച് കോർപ്പറേഷൻ

To advertise here,

തിരുവനന്തപുരം : അമൃത് പദ്ധതിയുടെ ഭാഗമായി നഗരപരിധിയിൽ അടുത്തിടെ ടാർ ചെയ്ത കോർപ്പറേഷൻ റോഡുകൾ ജല അതോറിറ്റി വെട്ടിപ്പൊളിക്കുന്നു. ടാറിങ് നടന്ന് ഒരു മാസം തികയാത്ത റോഡുകളാണ് സുവിജ് പൈപ്പ് ​െലെനുകളും അമൃത് കുടിവെള്ള പൈപ്പുകളും സ്ഥാപിക്കാനായി ജല അതോറിറ്റി പൊളിക്കുന്നത്. നന്തൻകോട്, വഴുതയ്ക്കാട്, കുറവൻകോണം എന്നിവിടങ്ങളിലെ പുതിയ റോഡുകളാണ് ഇത്തരത്തിൽ ജല അതോറിറ്റി പൊളിക്കുന്നത്.

പുതുതായി നിർമിച്ചതോ ടാർ ചെയ്തതോ ആയ റോഡുകൾ വെട്ടിപ്പൊളിക്കാൻ പാടില്ലെന്ന കളക്ടറുടെ ഉത്തരവ് നിലനിൽക്കെയാണ് ജല അതോറിറ്റിയുടെ ഈ പരസ്യ നടപടി.

റെസി‍ഡെൻസ് അസോസിയേഷന്റെയും സ്വകാര്യ വ്യക്തികളുടെയും താത്പര്യപ്രകാരം കൗൺസിലർമാരുടെ അറിവോടെയാണ് റോഡുകൾ പൊളിക്കുന്നതെന്നാണ് ആക്ഷേപം.

രണ്ടാഴ്ച മുൻപ് നന്തൻകോട് ദേവസ്വം ബോർഡ് മുത്തുസ്വാമി ലെയ്നിൽ പുതുതായി ടാർ ചെയ്ത റോഡാണ് കരാറുകാരന് പണം നൽകുന്നതിനുമുൻപ് വെട്ടിപ്പൊളിച്ചത്. കുറവൻകോണം പണ്ഡിറ്റ് കോളനിയിലും അമൃത് പദ്ധതിയുടെ പെെപ്പ് സ്ഥാപിക്കാൻ റോഡുകൾ മുഴുവൻ െപാളിച്ചു. കാൽനടയാത്രക്കാർക്കും വാഹനങ്ങളും കടന്നുപോകാൻ കഴിയാതായതോടെ നാട്ടുകാർ പ്രതിഷേധത്തിലാണ്.

കോർപ്പറേഷനും വാട്ടർ അതോറിറ്റിയും തമ്മിലുള്ള ഏകോപനമില്ലായ്മയാണ് ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് നിർമിച്ച റോഡുകൾ നശിപ്പിക്കാൻ കാരണമാകുന്നത്. അടിയന്തര അറ്റകുറ്റപ്പണികൾക്ക് കോർപ്പറേഷൻ കൗൺസിൽ കൂടിയാണ് തീരുമാനമെടുക്കേണ്ടത്‌. നിലവിൽ നിശ്ചിത തുക ഈടാക്കിയാണ്‌ ടാർ കട്ടിങ്ങിന് അനുമതി നൽകുന്നത്. കുടിവെള്ള കണക്ഷൻ അപേക്ഷകളിൽ പുതുതായി ടാർ ചെയ്ത റോഡുകൾക്കു സമീപത്തെ വീടുകൾക്ക് അനുമതി നൽകാറില്ല. ഇത് കോർപ്പറേഷന് കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാക്കും. ഈ സാഹചര്യത്തിലാണ് അനധികൃതമായി റോ‍ഡുകൾ വെട്ടിപ്പൊളിക്കുന്നത്.