വാഴയൂർ : മുറ്റത്തെ മുന്തിരിവള്ളികൾ പടർന്ന പന്തലും തണലൊരുക്കുന്ന മാവും പ്ലാവും സപ്പോട്ടയും കടന്ന് ആയിഷാബീവിയുടെ വീടിന്റെ ടെറസിലെത്തിയാൽ കണ്ണിന് ഉത്സവമാണ്.

To advertise here,

അഞ്ചുസെന്റിൽ ചെയ്യാവുന്നതിലധികം പച്ചക്കറിച്ചെടികളും വള്ളികളും ഇത്തിരി സ്ഥലത്ത് ഭംഗിയായി ക്രമീകരിച്ച ചട്ടികളിലും ഗ്രോബാഗുകളിലും നിറഞ്ഞുനിൽക്കുന്നു. പൂക്കളും കായ്കനികളും നിറഞ്ഞ മട്ടുപ്പാവിൽ എന്നും വിളവെടുപ്പ് നടത്താനാകുംവിധം വൈവിധ്യമാർന്നതാണ് ഈ തോട്ടം. മൃഗസംരക്ഷണവകുപ്പിൽനിന്ന് 2021-ൽ വിരമിച്ചശേഷമാണ് പുഞ്ചപ്പാടത്തെ വലിയപന്നിക്കോട്ട് ആയിഷബീവി കൃഷിയിൽ അൽപ്പം കാര്യം കണ്ടത്. നേരത്തേ, കാലിസ്ഥലം വാങ്ങി വീടുണ്ടാക്കിയപ്പോൾ നട്ട ഫലവൃക്ഷത്തൈകൾ തണലായതോടെയാണ് കൃഷി വീടിന് മുകളിലാക്കിയത്.

വ്യത്യസ്തയിനം പച്ചക്കറികളും പഴച്ചെടികളുമാണ് ആയിഷാബീവിയുടെ തോട്ടത്തെ മനോഹരമാക്കുന്നത്. സാലഡിന് ഉപയോഗപ്പെടുത്തുന്ന കെയിലും സ്‌ട്രോബറിയും മയിൽപ്പീലി ചീരയും നിലക്കടലയും പൊതിനയുമെല്ലാം ഇവിടെ അയൽക്കാരായി വളരുന്നു. ബസള ചീരയും സാലഡിൽ ഉപയോഗിക്കുന്ന മധുര തക്കാളിയും പെരുംജീരകവും ചെറിയ ഉള്ളിയും പൊതിനയുമെല്ലാം കാഴ്ചയുടെ മനോഹാരിതയ്ക്കൊപ്പം കൗതുകവുമേകുന്നു.

തിരിനനയിലൂടെ കാബേജും കോളിഫ്ലവറും പുതുമയാർന്ന കൃഷി ബെയർ ആപ്പിളും ഡ്രാഗൺ ഫ്രൂട്‌സും ലോങ് മൾബറിയും ഓറഞ്ചുമെല്ലാം പഴത്തോട്ടത്തെ സമ്പന്നമാക്കുന്നു. പൂർണമായും ജൈവവളങ്ങളും കീടനാശിനികളും ഉപയോഗിച്ചാണ് ആയിഷാബീവിയുടെ കൃഷി. പഞ്ചായത്തിലെ മികച്ച കർഷകയടക്കം ഒട്ടേറെ അംഗീകാരങ്ങളും നേടിയിട്ടുണ്ട്.