585 മീറ്റർ ഭാഗത്താണ് വലിയ കുഴികളുള്ളത്
എടപ്പാൾ : ഗ്രാമപ്പഞ്ചായത്തിലെ പ്രധാനപ്പെട്ട റോഡുകളിലൊന്നാണ്. പകുതി ഭാഗം ടാർ ചെയ്തിട്ട് വർഷം പിന്നിട്ടു. ശേഷിക്കുന്ന ഭാഗത്തെ യാത്രയോർത്ത് മാസങ്ങളായി ആരും ഇതുവഴി വരാത്ത സ്ഥിതിയാണ്. എടപ്പാൾ അംശക്കച്ചേരിയിൽനിന്ന് അയിലക്കാട് റോഡിലേക്കെത്താനുള്ള രണ്ടു കിലോമീറ്റർ ദൂരമുള്ള റോഡിനാണ് ഒരു വർഷത്തിലേറെയായി ഈ ദുരവസ്ഥ.
എടപ്പാൾ സർക്കാർ ആശുപത്രിയിലേക്കും ഗവ. ഹയർ സെക്കൻഡറി സ്കൂളിലേക്കും എടപ്പാൾ ടൗണിലേക്കുമെല്ലാം അയിലക്കാട്, അത്താണി ഭാഗങ്ങളിലുള്ളവർക്ക് വരാനുള്ള മാർഗമാണിത്. കാത്തിരിപ്പിനൊടുവിൽ പകുതി ഭാഗം പണിതെങ്കിലും ശേഷിക്കുന്ന ഭാഗത്തിന്റെ പുനരുദ്ധാരണത്തിനായി കാത്തിരിക്കുകയാണ് ജനം.
പ്രതിദിനം നൂറുകണക്കിനാളുകളെത്തുന്ന സാമൂഹികാരോഗ്യകേന്ദ്രം, ബി.ആർ.സി., രണ്ടു വിദ്യാലയങ്ങൾ, കൃഷിഭവൻ, തലമുണ്ട മാനത്തുകാവ് ക്ഷേത്രം തുടങ്ങിയ ഇടങ്ങളിലേക്ക് പോകാനുള്ള പാത. എടപ്പാളിൽനിന്നും പൊന്നാനി ഭാഗത്തുനിന്നും അയിലക്കാട്ടേക്കും നടുവട്ടത്തേക്കും പുത്തൻപള്ളി ഭാഗത്തേക്കും പോകാനുള്ളവർക്ക് എടപ്പാൾ ടൗണിൽ പ്രവേശിക്കാതെ പോകാനുള്ള എളുപ്പമാർഗംകൂടിയാണിത്.
എടപ്പാൾ ടൗണിൽ ഗതാഗതക്കുരുക്കോ മറ്റു പ്രയാസങ്ങളോ ഉണ്ടാകുമ്പോൾ ഗതാഗതം തിരിച്ചുവിടുന്ന ബൈപ്പാസ് റോഡുകൂടിയാണിത്.
വർഷങ്ങൾക്ക് മുൻപ് പണിത റോഡ് ഒരു വർഷം മുൻപാണ് വാട്ടർ അതോറിറ്റിയും കെ.എസ്.ഇ.ബി.യും അവരുടെ ആവശ്യങ്ങൾക്കായി ചാലുകീറിയത്. മാസങ്ങളോളം ഇങ്ങനെ കിടന്ന ശേഷമാണ് പകുതി പണിതത്. ജില്ലാ പഞ്ചായത്തും ഗ്രാമപ്പഞ്ചായത്തും ചേർന്ന് 80 ലക്ഷം രൂപ വകയിരുത്തിയാണ് തലമുണ്ട സ്കൂൾ വരെയുള്ള റോഡിന്റെ 1.2 കിലോമീറ്റർ ഭാഗം ടാറിട്ടത്.
ശേഷിക്കുന്ന 585 മീറ്റർ ഭാഗത്താണ് വലിയ കുഴികളുള്ളത്. ഇരുചക്ര-മുച്ചക്ര വാഹനങ്ങൾക്കൊന്നും ഇതുവഴി പോകാനാവില്ല. മഴ പെയ്താൽ വെള്ളം കെട്ടിക്കിടന്ന് ഗർത്തമറിയാതെ വാഹനങ്ങൾ അതിൽ വീണ് അപകടവും പതിവായി. ജില്ലാ പഞ്ചായത്ത് ഈ ഡിവിഷനിലെ റോഡുകൾക്ക് അനുവദിച്ച 50 ലക്ഷത്തിൽ 30 ലക്ഷം രൂപ വകയിരുത്തി ഇപ്പോൾ കരാർ കൊടുത്തിട്ടുണ്ടെങ്കിലും എഗ്രിമെന്റ് വെച്ചിട്ടില്ല. ഇത് നടന്നാൽതന്നെ റോഡ് ടാറിങ് മാത്രമാണ് നടക്കുക. വശങ്ങൾ കോൺക്രീറ്റ് ചെയ്യാനും മറ്റും കൂടുതൽ തുക കണ്ടെത്തണം. അതിനുള്ള കാത്തിരിപ്പ് ഇനിയും തുടരേണ്ടിവരും.
ഏതു വിധേനയും ഫണ്ട് കണ്ടെത്തും
: റോഡിന്റെ ദുരവസ്ഥ പരിഹരിക്കാൻ ലഭിച്ച ഫണ്ട് കുറവാണെങ്കിലും താത്കാലികമായി ജനങ്ങളുടെ പ്രയാസത്തിന് അറുതിവരുത്തുകയാണ് ലക്ഷ്യം. ശേഷിക്കുന്ന പണിക്കുള്ള തുക ഏതെങ്കിലും തരത്തിൽ കണ്ടെത്തും.
കെ.പി. മെഹ്റുന്നീസ,
ജില്ലാ പഞ്ചായത്തംഗം
Published: 27 Nov 2026, 01:50 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented