'ചേന്ദമംഗലം കൈത്തറിക്കായി ഒന്നും ചെയ്തില്ലെന്ന് കുറ്റബോധം'
തിരുവനന്തപുരം : ബാലരാമപുരം കൈത്തറിയുടെ ചരിത്രവും പാരമ്പര്യവും പ്രദർശിപ്പിക്കുന്നതിനായി തിരുവനന്തപുരം നഗരത്തിൽ മനോഹരമായ മ്യൂസിയം നിർമിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചു.
ഇതിനായി അടുത്ത ബജറ്റിൽ തുക വിലയിരുത്തും. ബാലരാമപുരത്തെ 2500 നെയ്ത്തുകാരെ ഉൾപ്പെടുത്തി പ്രമുഖ കലാകാരി ലക്ഷ്മി മാധവൻ സൃഷ്ടിച്ച 6000 അടി നീളമുള്ള കസവുചേലയുടെ പ്രദർശനം കനകക്കുന്ന് കൊട്ടാരത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മ്യൂസിയം നിർമാണം സംബന്ധിച്ച് വിശദമായ പഠനം നടത്തും. ബാലരാമപുരം കൈത്തറി നെയ്തെടുക്കുന്നതെങ്ങനെയെന്ന് കാണാൻ മ്യൂസിയത്തിൽ സംവിധാനമുണ്ടാക്കും. ഇതിനായി പ്രത്യേകം കരിക്കുലം കമ്മിറ്റി ഉണ്ടാക്കും.
ബാലരാമപുരം കൈത്തറിയെ ലോകത്തിനുമുന്നിൽ പ്രദർശിപ്പിക്കാനുള്ള ഏറ്റവും മികച്ച പ്രയത്നമാണ് ബാലരാമപുരം കസവ് പ്രോജക്ട് എന്ന ഈ സൃഷ്ടി. താൻ പ്രതിനിധാനംചെയ്യുന്ന പ്രദേശത്തുള്ള ചേന്ദമംഗലം കൈത്തറിക്കായി എന്തുചെയ്തു എന്നതിൽ ഇപ്പോൾ കുറ്റബോധം തോന്നുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലക്ഷ്മി മാധവന്റെ നേതൃത്വത്തിൽ നെയ്ത്തുകാർ രണ്ടുവർഷമെടുത്താണ് ബാലരാമപുരം കസവ് പ്രോജക്ട് പൂർത്തിയാക്കിയത്. നെയ്ത്തുകാരുടെ വിവരങ്ങൾ പ്രത്യേകരീതിയിൽ കസവിൽ അടയാളപ്പെടുത്തിയിട്ടുണ്ടെന്ന പ്രത്യേകതയും ഇതിനുണ്ട്. ഇന്ത്യയുടെയും ലോകത്തിന്റെയും വിവിധ ഭാഗങ്ങളിലെ മ്യൂസിയങ്ങളിലും ബാലരാമപുരം കസവ് പ്രോജക്ട് പ്രദർശിപ്പിക്കും. സംസ്ഥാന സർക്കാരും ഹാൻഡ്ലൂം ആൻഡ് ടെക്സ്െറ്റെൽസ് ഡയറക്ടറേറ്റും പദ്ധതിയുമായി സഹകരിച്ചു.
ഈ കലാസൃഷ്ടിയുടെയും അതുവഴി ബാലരാമപുരം കൈത്തറിയുടെയും അനന്തസാധ്യതകൾ പ്രയോജനപ്പെടുത്താൻ സർക്കാർ ശ്രമിക്കുമെന്ന് വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
നെയ്ത്ത് സമൂഹത്തിനു പിന്തുണ നൽകാൻ ലക്ഷ്മി മാധവൻ രൂപവത്കരിച്ച സത്യ ഫൗണ്ടേഷന്റെ ലോഗോ മന്ത്രി പ്രകാശനംചെയ്തു. ഫൗണ്ടേഷൻ രക്ഷാധികാരികൂടിയായ മുൻ ഡി.ജി.പി. ജേക്കബ് പുന്നൂസ്, ജോൺ ബ്രിട്ടാസ് എം.പി., ലക്ഷ്മി മാധവന്റെ അച്ഛൻകൂടിയായ ഡിസ്നി സ്ട്രാറ്റജിക് അഡ്വൈസർ കെ. മാധവൻ തുടങ്ങിയവർ പങ്കെടുത്തു.ബാലരാമപുരം കസവ് പ്രോജക്ട് പ്രദർശനം കനകക്കുന്ന് കൊട്ടാരത്തിൽ വെള്ളിയാഴ്ച വൈകീട്ട് ആറുവരെയുണ്ടാകും.
Published: 20 Nov 2026, 02:09 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented