അജ്മാൻ : എമിറേറ്റിന്റെ ചരിത്രപരവും സാംസ്കാരികവുമായ പൈതൃകം സംരക്ഷിക്കുന്നതിനും രേഖപ്പെടുത്തുന്നതിനും ‘അജ്മാൻ മെമ്മറി’ എന്ന പുതിയ പദ്ധതി ആരംഭിച്ചു.
അജ്മാൻ കിരീടാവകാശിയും അജ്മാൻ എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. എമിറേറ്റ്സ് ഹോസ്പിറ്റാലിറ്റി സെന്ററിൽ നടന്ന അജ്മാൻ മീഡിയ ഫോറത്തിൽ വച്ചായിരുന്നു പദ്ധതിയുടെ ഉദ്ഘാടനം. 'ഭൂതകാലത്തെ സംരക്ഷിക്കുക... ഭാവി കെട്ടിപ്പടുക്കുക' എന്നതാണ് പദ്ധതിയുടെ പ്രമേയം.
അത്യാധുനിക ഡിജിറ്റൽ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തികൊണ്ട് ആഗോളതലത്തിലെ ആർക്കൈവിങ് സംരക്ഷണ മാനദണ്ഡങ്ങൾക്ക് അനുസൃതമായാണ് അജ്മാൻ മെമ്മറി പ്രവർത്തിക്കുക.
എമിറേറ്റിന്റെ വികസന ചരിത്രം അടയാളപ്പെടുത്തുന്ന ചിത്രങ്ങൾ, വീഡിയോ ദൃശ്യങ്ങൾ, ഔദ്യോഗിക രേഖകൾ എന്നിവ ശേഖരിച്ച് സൂക്ഷിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
ചരിത്രം എമിറേറ്റിന്റെ സ്വത്വത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് ശൈഖ് അമ്മാർ പറഞ്ഞു. എമിറേറ്റിന്റെ നിർമാണത്തിനും വികസനത്തിനും സംഭാവന നൽകിയ പഴയ തലമുറകളുടെ പ്രയത്നങ്ങളുടെ രേഖകളാണ് ഇവിടെ അടയാളപ്പെടുത്തുന്നത്.
അനുഭവങ്ങളും മൂല്യങ്ങളും സംരക്ഷിക്കുന്നതിലൂടെ ഓർമകളെ സജീവമായി നിലനിർത്താൻ കൂടിയാണ് ലക്ഷ്യമിടുന്നത്. ഓരോ രേഖകളും ചിത്രങ്ങളും വരും തലമുറകൾക്കായി സംരക്ഷിക്കേണ്ടത് അനിവാര്യമാണ്.
നൂതന സാങ്കേതികവിദ്യകളിലൂടെ ചരിത്രപരമായ അറിവുകൾ കൈമാറുന്നത് യുവതലമുറകൾക്ക് അവരുടെ വേരുകളുമായുമുള്ള ബന്ധം ശക്തമാക്കാൻ സഹായിക്കും. ഭൂതകാലത്തെ മനസ്സിലാക്കുന്നതിലൂടെയാണ് മികച്ച ഭാവി കെട്ടിപ്പടുക്കാൻ സാധിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
Published: 21 Nov 2026, 01:17 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented