യാത്ര അഞ്ചുദിവസത്തിലധികം പാടില്ല

To advertise here,

ബെംഗളൂരു : കോളേജുകളിൽനിന്ന് പഠനയാത്ര പോകുമ്പോൾ സെൽഫിയെടുക്കുന്നതും റീലുകൾ ചിത്രീകരിക്കുന്നതും വിലക്കി കർണാടകസർക്കാർ. കർണാടകകോളേജ് വിദ്യാഭ്യാസവകുപ്പാണ് ഇതുൾപ്പെടെയുള്ള കർശന നിർദേശങ്ങൾ സർക്കാർ കോളേജുകൾക്കു നൽകിയത്.

യാത്രക്കിടെ സെൽഫിയെടുക്കുന്നതിന്റെയും റീലുകൾ ചിത്രീകരിക്കുന്നതിന്റെയുമിടയിൽ അപകടമുണ്ടാകുന്നത് അടുത്തിടെ വർധിച്ചിരുന്നു. ഒട്ടേെറ മരണങ്ങൾക്കും ഇവ കാരണമായി. ഇക്കാര്യം കണക്കിലെടുത്താണ് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി കോളേജ് വിദ്യാർഥികൾക്ക് സർക്കാർ നിർദേശം നൽകിയിരിക്കുന്നത്.

കോളേജുകളിൽനിന്ന് പഠനയാത്ര പോകാൻ കോളേജ് വിദ്യാഭ്യാസവകുപ്പിന്റെ മുൻകൂർ അനുമതി വാങ്ങിയിരിക്കണമെന്ന് സർക്കുലറിൽ പറഞ്ഞു. പഠനയാത്രയുടെ വിശദാംശങ്ങൾ മുൻകൂട്ടി അറിയിക്കണമെന്നും നിർദേശിച്ചു. യാത്ര സംബന്ധിച്ച് വിദ്യാർഥികളിൽനിന്നും അവരുടെ രക്ഷിതാക്കളിൽനിന്നുമുള്ള സമ്മതപത്രങ്ങളും ഇതോടൊപ്പം സമർപ്പിക്കണം. യാത്ര പുറപ്പെടുന്നതിനുമുൻപ് വിദ്യാർഥികളെ ഈ മാർഗനിർദേശങ്ങൾ അറിയിച്ചിരിക്കണമെന്നും നിർദേശിച്ചു.

വിദ്യാർഥികൾക്കൊപ്പം പോകുന്ന അധ്യാപകർ അവരെ നിരീക്ഷിക്കുകയും മാർഗനിർദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയുംവേണം. പഠനയാത്രയുടെ ഭാഗമായി കോളേജ് വിദ്യാഭ്യാസവകുപ്പ് അംഗീകരിച്ച സ്ഥലങ്ങൾ അല്ലാത്തവ സന്ദർശിക്കരുത്. യാത്ര അഞ്ചുദിവസത്തിലധികം പാടില്ല. പെൺകുട്ടികളുടെ സുരക്ഷയ്ക്ക് പ്രത്യേക നിർദേശമുണ്ട്.

യാത്രയിലുടനീളം ആവശ്യമായ സുരക്ഷയുറപ്പാക്കാൻ നിർദേശംനൽകി. പെൺകുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് എന്തെങ്കിലും അനിഷ്ടസംഭവങ്ങളുണ്ടായാൽ ചുമതലയുള്ള അധ്യാപകരും പ്രിൻസിപ്പലും ഉത്തരവാദിയാകുമെന്നും നിയമലംഘനമുണ്ടായാൽ കർശന നടപടി സ്വീകരിക്കുമെന്നും സർക്കുലറിൽ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.