പുതിയ നാലമ്പലം, വലിയമ്പലം നിർമിക്കും

To advertise here,

നെയ്യാറ്റിൻകര : ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രമായ കൂട്ടപ്പന മഹാദേവർക്ഷേത്രം നവീകരിക്കുന്നു.

ക്ഷേത്രത്തിലെ നാലമ്പലം, വലിയമ്പലം മതിലുകൾ പൊളിച്ചുനീക്കിയാണ് പുതിയ നാലമ്പലവും വലിയമ്പലവും നിർമിക്കുന്നത്. നവീകരണങ്ങളുടെ ശിലാസ്ഥാപനം ചൊവ്വാഴ്ച നടക്കും.

ക്ഷേത്രത്തിൽ പുതിയതായി നാലമ്പലവും വലിയമ്പലവും ബലിയ്ക്കൽപ്പുരയുമാണ് നിർമിക്കുന്നത്. ദേവസ്വം ബോർഡ് 42 ലക്ഷം രൂപ ചെലവിട്ടാണ് നവീകരണം നടത്തുന്നത്.

ക്ഷേത്രത്തിലെ നാലമ്പലവും വലിയമ്പലവും ജീർണാവസ്ഥയിലായിരുന്നു. ക്ഷേത്രം നവീകരിക്കണമെന്ന ഉപദേശക സമിതിയുടെയും ഭക്തജനങ്ങളുടെയും ആവശ്യപ്രകാരമാണ് ദേവസ്വം ബോർഡ് ഫണ്ട് അനുവദിച്ചത്.

59 ലക്ഷം രൂപയാണ് അനുവദിച്ചതെങ്കിലും ഉപദേശകസമിതി കുറഞ്ഞ ടെൻഡർ നിരക്ക് രേഖപ്പെടുത്തിയതിനെത്തുടർന്നാണ് നിർമാണം ഉപദേശകസമിതിയുടെ നിയന്ത്രണത്തിലായത്.

ക്ഷേത്രത്തിലെ നാലമ്പലവും വലിയമ്പലവും ആദ്യമായിട്ടാണ് പുനർനിർമിക്കുന്നത്.

നവീകരണ പ്രവർത്തനങ്ങളുടെ ശിലാസ്ഥാപനം ചൊവ്വാഴ്ച രാവിലെ 9.20-ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ നിർവഹിക്കും.

പുനർനിർമാണ പ്രവൃത്തികൾ 14 മാസംകൊണ്ടു പൂർത്തിയാക്കുമെന്ന് ഉപദേശകസമിതി പ്രസിഡന്റ് എൻ.എസ്.ദിലീപും സെക്രട്ടറി കൂട്ടപ്പന മഹേഷും അറിയിച്ചു. നവീകരണത്തിനായി ചുറ്റമ്പലം പൊളിച്ചുനീക്കിയിട്ടുണ്ട്.

നിർമാണം ഉപദേശകസമിതിയുടെ നേതൃത്വത്തിൽ ഭക്തജനങ്ങളുടെ സഹകരണത്തോടെയാണ് ചെയ്യുന്നത്. പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി ദേവസ്വം ബോർഡ് കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. മുണ്ടയ്ക്കൽ രാജേഷിനെ ചെയർമാനായും ശ്രീനിവാസൻപോറ്റിയെ ജനറൽ കൺവീനറുമായി തിരഞ്ഞെടുത്തു.