ചാരുംമൂട് : ചാരുംമൂട് മേഖലയിൽ ഭീതിപരത്തി തെരുവുനായ്ക്കൂട്ടങ്ങൾ. ഇവയ്ക്കെതിരേ നടപടിയെടുക്കാതെ തദ്ദേശസ്ഥാപനങ്ങൾ. നൂറനാട്, ചുനക്കര, താമരക്കുളം പഞ്ചായത്തുകളുടെ സംഗമസ്ഥലമാണ് ചാരുംമൂട് ജങ്ഷൻ. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിന്റെ ആസ്ഥാനവും ചാരുംമൂട്ടിലാണ്.

To advertise here,

സ്‌കൂൾക്കുട്ടികളടക്കമുള്ളവർ വളരെ ഭയത്തോടെയാണ് യാത്രചെയ്യുന്നത്.

കെ.പി. റോഡിലും കൊല്ലം-തേനി ദേശീയപാതയിലും ഗ്രാമീണറോഡുകളിലും നായ്ക്കൾ സ്വൈരവിഹാരം നടത്തുന്നു. സർക്കാർ ഓഫീസുകളുടെ വളപ്പുകളിലും നായ്ക്കൾ നിറഞ്ഞിരിക്കുകയാണ്. ചാരുംമൂട്ടിലെ ചുനക്കര സാമൂഹികാരോഗ്യകേന്ദ്രം വളപ്പിൽ തെരുവുനായ്ക്കൾ നിറഞ്ഞിരിക്കുന്നതിനാൽ ഭയത്തോടെയാണ് രോഗികളെത്തുന്നത്. ചാരുംമൂട്ടിലെ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് വളപ്പും കെ.എസ്.ഇ.ബി. ഓഫീസിന്റെ മുറ്റവും കെ.ഐ.പി. ഓഫീസ് വളപ്പും നെഹ്‌റു പാർക്കും നായ്ക്കൾ കൈയടക്കിയിരിക്കുകയാണ്. സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാരും ഇവിടെ വിവിധ ആവശ്യങ്ങൾക്കായെത്തുന്നവരും ഭീതിയിലാണ്.

ചാരുംമൂട് ചന്തയിലും കനാൽ റോഡുകളിലും നായ്ക്കൾ സ്വൈരവിഹാരം നടത്തുന്നു. കെ.പി. റോഡിലെയും കൊല്ലം-തേനി ദേശീയപാതയിലെയും കാൽനടയാത്രികർക്കും ഇരുചക്രവാഹനയാത്രക്കാർക്കും നായ്ക്കൾ പേടിസ്വപ്നമാണ്. ചന്തകൾ കേന്ദ്രീകരിച്ചും മാലിന്യംതള്ളുന്ന കെ.ഐ.പി. കനാൽഭാഗങ്ങൾ കേന്ദ്രീകരിച്ചും നായ്ക്കൾ ധാരാളമാണുള്ളത്.

താമരക്കുളം, ആദിക്കാട്ടുകുളങ്ങര, എരുമക്കുഴി, പടനിലം, ചുനക്കര ചന്തകളിലും തെരുവുനായശല്യം കൂടുതലാണ്. രണ്ടാഴ്ചമുൻപ്‌ ചാരുംമൂട്ടിലെ കിഴക്കേ ബസ്‌ സ്റ്റോപ്പിനുസമീപം അഞ്ചുപേർക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു.

ചാരുംമൂട്ടിലെ തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ നൂറനാട്, താമരക്കുളം, ചുനക്കര പഞ്ചായത്തുകൾ ചേർന്ന് സമഗ്രപദ്ധതി തയ്യാറാക്കണമെന്നാണ് ആവശ്യം. കഴിഞ്ഞയാഴ്ച ചുനക്കര പഞ്ചായത്തും മൃഗാശുപത്രിയും ചേർന്ന് നായ്ക്കൾക്ക് വാക്‌സിൻ നൽകിയിരുന്നു. ചുനക്കര സാമൂഹികാരോഗ്യകേന്ദ്രം വളപ്പിലെ തെരുവുനായ്ക്കൾക്കു വാക്‌സിൻ നൽകിയശേഷം അവിടെത്തന്നെ വിട്ടതിൽ പ്രതിഷേധമുയർന്നിരുന്നു.

കണ്ടിയൂരിൽ ഏഴുപേർക്ക് തെരുവുനായയുടെ കടിയേറ്റു

മാവേലിക്കര : തെരുവുനായ ആക്രമണത്തിൽ വയോധികനും ആറു വയസ്സുകാരിക്കുമടക്കം ഏഴുപേർക്ക് പരിക്ക്. മാവേലിക്കര കണ്ടിയൂരിലാണ് സംഭവം. കണ്ടിയൂർ മഹാദേവക്ഷേത്ര പരിസരത്ത് താമസിക്കുന്നവർക്കാണ് കടിയേറ്റത്. പല ദിവസങ്ങളിലാണ് നായ ആളുകളെ കടിച്ചതെന്ന് കടിയേറ്റ കണ്ടിയൂർ രചനയിൽ വീട്ടിൽ കൃഷ്ണക്കുറുപ്പ് പറഞ്ഞു.

ഇദ്ദേഹത്തിന്റെ അയൽവാസിയാണ് കടിയേറ്റ ആറുവയസ്സുകാരി. കടിയേറ്റവർ മാവേലിക്കര ജില്ല ആശുപത്രിയിലും വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ തേടി. ആളുകളെ കടിച്ചശേഷം നായ ഓടി മറയുമെന്ന് പരിസരവാസികൾ പറയുന്നു. നഗരസഭാ കൗൺസിലറോട് പരാതി പറഞ്ഞിട്ടും നടപടിയുണ്ടായില്ലെന്ന ആക്ഷേപം വ്യാപകമാണ്.