പാറശ്ശാല : ഉദിയൻകുളം, കൊറ്റാമം മേഖലയുടെ ജലസ്രോതസ്സായിരുന്ന ഉദിയൻകുളം വിസ്മൃതിയിലേക്ക്. കുളം നിലനിന്നിരുന്ന സ്ഥലം മൈതാനത്തിനുസമാനമായി പുല്ലുകൾ വളർന്നനിലയിലാണ്. ചെങ്കൽ പഞ്ചായത്തിൽ ഉദിയൻകുളങ്ങരയ്ക്കും കൊറ്റാമത്തിനും ഇടയിലാണ് ഉദിയൻകുളം സ്ഥിതിചെയ്യുന്നത്. രണ്ടേക്കറോളം വിസ്തൃതിയിലുള്ള ഉദിയൻകുളത്തിന്റെപേരിലാണ് ഉദിയൻകുളങ്ങര എന്ന സ്ഥലപ്പേരുപോലും രൂപംകൊണ്ടത്. ഉദിയൻകുളത്തിന്റെ കര എന്നതാണ് ഉദിയൻകുളങ്ങര എന്ന പേരിനുപിന്നിലുള്ളതെന്ന് പഴമക്കാർ പറയുന്നു.

To advertise here,

നൂറ്റാണ്ടുകൾ പഴക്കമുള്ള ഉദിയൻകുളത്തിലെ സ്വാഭാവിക ഊറ്റും നെയ്യാർ ഇടതുകര കനാൽവഴി എത്തുന്ന വെള്ളം തോടുവഴി കുളത്തിൽ എത്തിച്ചുമാണ് ഉദിയൻകുളത്തെ ജലസമൃദ്ധമാക്കിയിരുന്നത്. കനാൽജലം എത്തുമെന്നതിനാൽ കടുത്ത വേനലിൽപ്പോലും ഉദിയൻകുളം ജലസമൃദ്ധമായിരുന്നു.

ഈ വെള്ളം ഉപയോഗിച്ചാണ് ഒരുകാലത്ത് ഉദിയൻകുളം ഏലായിൽ കർഷകർ കൃഷിയിറക്കിയിരുന്നത്. എന്നാൽ, കഴിഞ്ഞ 15 വർഷമായി ഉദിയൻകുളം നാശത്തിന്റെപാതയിലാണ്. കുളത്തിലെത്തുന്ന വെള്ളം സംഭരിച്ചുനിർത്താൻ കഴിയാത്തതാണ് നാശത്തിനു കാരണം. മഴക്കാലത്തുപോലും വെള്ളമില്ലാത്ത അവസ്ഥ.

കുളം ഇപ്പോൾ ഇഴജന്തുക്കളുടെ വാസകേന്ദ്രമാണ്. ഉദിയൻകുളം നവീകരിച്ച് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ ഒട്ടേറെത്തവണ തദ്ദേശസ്വയംഭരണ സ്ഥാപന നേതൃത്വങ്ങളെ സമീപിച്ചെങ്കിലും അധികൃതർ കുളം നവീകരിക്കുവാൻ തയ്യാറാകുന്നില്ലെന്നാണ് ആരോപണം.