കിളിമാനൂർ : വർഷങ്ങളായി നവീകരിക്കണമെന്ന ആവശ്യത്തിനും പരാതികൾക്കുമൊടുവിൽ പണമനുവദിച്ച് പണി തുടങ്ങിയെങ്കിലും, 16 മാസമായി ഇഴഞ്ഞുനീങ്ങുന്ന നിർമാണം ഇപ്പോൾ നാട്ടുകാർക്ക് ‘പണിയായി’ മാറി.
ജില്ലാതിർത്തിയിലെ തങ്കക്കല്ല്-വട്ടപ്പാറ-വേയ്ക്കൽ റോഡിനാണ് ഈ ദുരിതാവസ്ഥ. സംസ്ഥാന പാതയിൽ തട്ടത്തുമലയിൽനിന്ന് വട്ടപ്പാറ വഴി തങ്കക്കല്ലിലെത്തുന്ന റോഡും, നിലമേൽ-പാരിപ്പള്ളി റോഡിൽ വേയ്ക്കൽനിന്ന് വട്ടപ്പാറയിലേക്കുള്ള റോഡുമാണ് ഒറ്റപദ്ധതിയായി നിർമാണം തുടങ്ങിയത്.
കിളിമാനൂർ-നിലമേൽ പഞ്ചായത്തുകളുടെ അതിർത്തിയിലുള്ളതാണ് റോഡ്. കൊല്ലം ജില്ലാപ്പഞ്ചായത്തിലെ റോഡ് വികസനത്തിന് സംസ്ഥാന സർക്കാർ ബജറ്റിലുൾപ്പെടുത്തിയാണ് 2020-21-ൽ ഫണ്ട് അനുവദിച്ചത്. വേയ്ക്കൽമുതൽ തങ്കക്കല്ലുവരെയുള്ള 4.7 കിലോമീറ്റർ റോഡ് ബി.എം.ആൻഡ് ബി.സി. നിലവാരത്തിൽ ടാറിങ് നടത്തിയുള്ള നവീകരണത്തിനായി എട്ടുകോടി രൂപയാണ് അനുവദിച്ചത്. ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിനാണ് നിർവഹണച്ചുമതല. കിളിമാനൂരിലെ നിർമാണ കമ്പനി കരാറെടുത്ത് പണി ആരംഭിച്ചു. തുടക്കത്തിൽത്തന്നെ നിർമാണം ഇഴഞ്ഞുനീങ്ങുകയായിരുന്നു.
വേയ്ക്കൽനിന്ന് റോഡിലെ ടാർ മണ്ണുമാന്തികൊണ്ട് പൊളിച്ച് ഇളക്കിയിട്ട് മാസങ്ങളോളം കിടന്നു. ദുരിതയാത്രയും അസഹനീയമായ പൊടിശല്യവും മൂലം നാട്ടുകാർ വലഞ്ഞു. വാഹനങ്ങൾ ഓടിക്കാൻ കഴിയാതായി. ദുരിതം വർധിച്ചതോടെ, തിരഞ്ഞെടുപ്പുവേളയിൽ അന്നത്തെ ചടയമംഗലം എം.എൽ.എ.യും, മന്ത്രിയുമായിരുന്ന ജെ.ചിഞ്ചുറാണിയെ തടഞ്ഞുവയ്ക്കുന്നതുവരെയെത്തി നാട്ടുകാരുടെ പ്രതിഷേധം. പിന്നീട് ആദ്യഘട്ടം മെറ്റലിങ് നടത്തിയെങ്കിലും ഇപ്പോൾ എല്ലാം ഇളകിപ്പോയി.
കെ.എസ്.ആർ.ടി.സി.യടക്കം സർവീസ് ബസുകൾ, സ്വകാര്യ എൻജിനിയറിങ് കോളേജിലേക്കുള്ള വിദ്യാർഥികളുടെയടക്കം നിരവധി വാഹനങ്ങളാണ് ഈ റോഡിലൂടെ നിത്യവും സഞ്ചരിക്കുന്നത്. കല്ലിന് മുകളിലൂടെ ഓടിക്കേണ്ടി വന്നതോടെ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവായിട്ടുണ്ട്. തകരാറു ഭയന്ന് ഓട്ടോ, ടാക്സികളും ഈ ഭാഗത്തേക്ക് ഓട്ടം വരാൻ മടിക്കുന്നുണ്ട്.
പൊതുമരാമത്ത് വകുപ്പിന് ഇത്തരം റോഡുകളുടെ നിർമാണത്തിലുള്ള സാങ്കേതികവൈദഗ്ധ്യം ബ്ലോക്ക് പഞ്ചായത്ത് എൻജിനിയറിങ് വിഭാഗത്തിനില്ലാത്തതു മൂലമുണ്ടായ ആശയക്കുഴപ്പമാണ് തുടക്കത്തിൽ പണി നീളാൻ കാരണമായത്.
പിന്നീട് ടാർ വിലയിലുണ്ടായ ഇരട്ടിയിലേറെയുള്ള വർധന പണി തുടരാൻ തടസ്സമായി. നിർമാണം ആരംഭിച്ച കാലയളവിൽ കൃത്യമായി പണി നടന്നിരുന്നെങ്കിൽ ഇത്തരം പ്രതിസന്ധികൾ നിർമാണത്തെ ബാധിക്കില്ലായിരുന്നു. റോഡിലെ യാത്രാദുരിതം മാറ്റാൻ അടിയന്തര ഇടപെടലിനായി ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും നിരന്തരം സമീപിക്കുകയാണ് ഇപ്പോൾ നാട്ടുകാർ. നിലവിലെ സ്ഥിതിയിൽ ടാറിങ് പൂർത്തിയാക്കാനായി ഒരുകോടി രൂപയോളം അധികമായി ചെലവിടേണ്ടിവരും.
അധികമായി ചെലവിടേണ്ടിവരുന്ന തുക അനുവദിക്കുന്നത് സംബന്ധിച്ച് സർക്കാർ ഉത്തരവായിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽത്തന്നെ ടാറിങ് തുടങ്ങുമെന്നും, വേഗത്തിൽ നിർമാണം പൂർത്തിയാക്കുമെന്നാണ് അധികൃതർ ഉറപ്പു നൽകുന്നത്.
Published: 03 Nov 2026, 02:09 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented