പാറശ്ശാല : തെക്കൻ അതിർത്തി മേഖലയിലെ പ്രധാന പാതകളിൽ അപകടക്കെണിയൊരുക്കി റോഡരികിലെ പഴയ കുഴൽക്കിണർ പൈപ്പുകൾ. റോഡുവികസനം പൂർത്തിയായതോടെ പാതയോരത്തും റോഡിന്റെ ഭാഗമായും മാറിയ ഈ കൂറ്റൻ ഇരുമ്പ്‌ പൈപ്പുകൾ രാത്രികാലങ്ങളിൽ യാത്രക്കാർക്ക് കടുത്ത ഭീഷണിയാകുകയാണ്.

To advertise here,

വർഷങ്ങൾക്കു മുൻപ് പ്രവർത്തനം നിലച്ച ഇത്തരം പൈപ്പുകൾ നീക്കംചെയ്യാൻ അധികൃതർ തയ്യാറാകാത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്.

 

വർഷങ്ങൾക്കുമുൻപ് അതിർത്തി ഗ്രാമങ്ങളിലെ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കാനാണ് റോഡരികുകളിൽ കുഴൽക്കിണറുകൾ നിർമിച്ചത്. കാലക്രമേണ ഭൂഗർഭജലനിരപ്പ് താഴ്ന്നതോടെ ഇവയുടെ പ്രവർത്തനം നിലച്ചു.

പിന്നീടുവന്ന റോഡ്, വികസനത്തിന്റെ ഭാഗമായി വീതി കൂട്ടിയതോടെയാണ് റോഡരികിൽ നിന്നിരുന്ന കുഴൽക്കിണറുകൾ ടാറിങ്ങിനോടു ചേർന്നനിലയിലായത്.

റോഡ് വികസനപ്രവർത്തനങ്ങൾ പുരോഗമിക്കുമ്പോൾതന്നെ പ്രദേശവാസികൾ ഇത്തരം പൈപ്പുകൾ അപകടഭീഷണിയായി മാറുമെന്നും ഇവ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടെങ്കിലും അധികൃതർ അത് അവഗണിക്കുകയായിരുന്നു.

ഉരുക്കിലും കട്ടിയേറിയ ഇരുമ്പിലും നിർമിച്ച പൈപ്പുകൾ തറനിരപ്പിൽനിന്ന് ഏറെ ഉയർന്നുനിൽക്കുന്ന നിലയിലാണ്. പാറശ്ശാല-വെള്ളറട മലയോര ഹൈവേയിൽ കൊടവിളാകത്തും കരമന-കളിയിക്കാവിള ദേശീയപാതയിൽ കൊറ്റാമത്തും സ്ഥിതിചെയ്യുന്ന പൈപ്പുകളാണ് നിലവിൽ ഏറ്റവും വലിയ അപകടഭീഷണി ഉയർത്തുന്നത്. ഇതിനുപുറമേ ഗ്രാമീണ റോഡുകളിലും ഇത്തരത്തിൽ നിരവധി അനാഥ കുഴൽക്കിണർ പൈപ്പുകൾ സ്ഥിതിചെയ്യുന്നുണ്ട്.

ആവശ്യത്തിനു തെരുവുവിളക്കുകൾ ഇല്ലാത്ത മേഖലകളിൽ രാത്രിയിലെത്തുന്ന ഇരുചക്രവാഹനങ്ങളും ചെറുവാഹനങ്ങളും പൈപ്പിലിടിച്ച് വൻ ദുരന്തമുണ്ടാകാനുള്ള സാധ്യത ഏറെയാണ്. കൊടവിളാകത്ത് സ്ഥിതിചെയ്യുന്ന പൈപ്പിൽ രാത്രികാലത്ത് വാഹനങ്ങൾ ഇടിച്ച് അപകടത്തിൽപ്പെടുന്നത് പതിവായിട്ടും അധികൃതർ പൈപ്പ് മാറ്റാൻ തയ്യാറാകാത്തതിനെത്തുടർന്ന് നാട്ടുകാർ പൈപ്പിൽ രാത്രികാലത്ത് വെളിച്ചത്തെ പ്രതിഫലിപ്പിക്കുന്ന സ്റ്റിക്കറുകൾ സ്ഥാപിച്ചു.

എന്നാൽ ദിവസങ്ങൾ കഴിഞ്ഞതോടെ ഇവയുടെ പ്രതിഫലനശേഷി കുറഞ്ഞതോടെ ഈ പൈപ്പുകൾ വീണ്ടും അപകടഭീഷണി ഉയർത്തിത്തുടങ്ങി. കരമന- കളിയിക്കാവിള പാതയിൽ കൊറ്റാമത്ത് സ്ഥിതിചെയ്യുന്ന പൈപ്പ് അപകടങ്ങൾ സൃഷ്ടിക്കുന്നത് ഒഴിവാക്കുന്നതിനായി നാട്ടുകാർ നിറം പെയിന്റ് ചെയ്തിരിക്കുകയാണ്.

ഉപയോഗശൂന്യമായ ഈ പൈപ്പുകൾ മുറിച്ചുമാറ്റി റോഡ് സുരക്ഷിതമാക്കണമെന്ന് നാട്ടുകാരും യാത്രക്കാരും നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും അധികൃതർ നിസ്സംഗത തുടരുകയാണ്.

തറനിരപ്പിൽ നിൽക്കുന്ന പൈപ്പുകൾ നീക്കംചെയ്യുന്നതിനൊപ്പം അടിയിലുള്ള ആഴമേറിയ കുഴികൾ മൂടേണ്ടിവരുമെന്നും, ഇതിനു വലിയ സാമ്പത്തികച്ചെലവുണ്ടാകുമെന്നുമാണ് ഉദ്യോഗസ്ഥരുടെ വിചിത്രവാദം. റോഡിൽ ഒളിഞ്ഞിരിക്കുന്ന ഈ മരണക്കെണികൾ നീക്കംചെയ്യാൻ അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.