കടയ്ക്കാവൂർ : വക്കം ഗ്രാമപ്പഞ്ചായത്തിൽ അടിസ്ഥാനസൗകര്യ വികസനത്തിനു നടപടികൾ സ്വീകരിക്കുന്നില്ലെന്ന പരാതി ശക്തമാകുന്നു. പുതിയ ഭരണസമിതി അധികാരത്തിലേറി മാസങ്ങൾ കഴിഞ്ഞിട്ടും ഇടറോഡുകളുടെ ശോചനീയാവസ്ഥയും തെരുവുനായശല്യവും പരിഹരിക്കുന്നില്ലെന്നും തെരുവുവിളക്കുകൾ കത്തിക്കുന്നില്ലെന്നുമാണ് പരാതി.

To advertise here,

ഇതുൾപ്പെടെയുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതിഷേധവുമായി ജനങ്ങൾ രംഗത്തെത്തിയിരുന്നു.

 

കാരണം നിരത്തി അധികൃതർ

അടിസ്ഥാനസൗകര്യങ്ങളുടെ വികസനത്തിൽ വക്കം പഞ്ചായത്ത് ഏറെ പിന്നിലാണ്. കഴിഞ്ഞ ഭരണസമിതിയുടെ കാലത്തും പഞ്ചായത്തിലെ ഭൂരിഭാഗം റോഡുകളും പൊട്ടിപ്പൊളിഞ്ഞനിലയിലായിരുന്നു. മഴക്കാലത്ത് റോഡുകളിൽ വെള്ളക്കെട്ടും രൂക്ഷമായിരുന്നു. തെരുവുവിളക്കുകളും കത്താറില്ലായിരുന്നു. സംസ്ഥാന സർക്കാർ പഞ്ചായത്തിന് നൽകുന്ന പദ്ധതിവിഹിതം വെട്ടിക്കുറച്ചതായും ഉള്ളത് സമയത്ത് നൽകുന്നില്ലെന്നുമുള്ള കാരണം പറഞ്ഞാണ് ഭരണസമിതി വികസനപ്രവർത്തനങ്ങളിൽനിന്ന്‌ ഒഴിഞ്ഞുനിന്നിരുന്നത്.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. മാറി എൽ.ഡി.എഫ്. ഭരണസമിതി അധികാരത്തിലെത്തി മാസങ്ങൾ കഴിഞ്ഞിട്ടും അടിസ്ഥാനസൗകര്യ വികസനത്തിൽ കാര്യമായ മാറ്റം നടക്കാത്തതിനാലാണ് ജനങ്ങൾ പ്രതിഷേധവുമായി എത്തിയത്. പഞ്ചായത്തിലെ ഭൂരിഭാഗം പ്രദേശങ്ങളിലും തെരുവുവിളക്കുകൾ കത്തുന്നില്ല. ഇടറോഡുകൾ ഏറെയുള്ള വക്കത്ത് തെരുവുവിളക്കുകൾ കത്താത്തത് ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇഴജന്തുശല്യവും രൂക്ഷമാണ്. ഒപ്പം തെരുവുനായകളും ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടായി മാറി.

 

തെരുവുനായകൾ അക്രമകാരികൾ

തെരുവുവിളക്കുകൾ കത്താത്തതിനാൽ ഇടറോഡുകൾ കേന്ദ്രീകരിച്ച് മാലിന്യംതള്ളൽ രൂക്ഷമാണ്. മാലിന്യം കഴിക്കാനെത്തുന്ന നായകൾ ജനങ്ങളെ ആക്രമിക്കുന്നതും പതിവായി. വക്കത്തെ റോഡുകൾ നന്നാക്കണമെന്ന ആവശ്യം ജനങ്ങൾ കാലങ്ങളായി ഭരണാധികാരികൾക്ക് മുന്നിൽ ഉന്നയിക്കുന്നുണ്ട്. ചില റോഡുകൾക്ക് ഫണ്ട് അനുവദിച്ചെങ്കിലും കരാർ എടുക്കാൻ ആളില്ലാത്ത കാരണത്താൽ പണി നടക്കാത്ത അവസ്ഥയാണ്. പ്രതിഷേധക്കാരുമായി പഞ്ചായത്ത് പ്രസിഡന്റ് നടത്തിയ ചർച്ചയിൽ പ്രശ്‌നങ്ങൾക്ക് എത്രയുംവേഗം പരിഹാരം കാണുമെന്ന് ഉറപ്പുനൽകിയതോടെയാണ് സമരം അവസാനിപ്പിച്ചത്.