പാങ്ങോട് : മലയോര കർഷകരുടെ ആത്മാഭിമാനത്തിന്റെയും പോരാട്ടവീര്യത്തിന്റെയും സ്മാരകമായ പാങ്ങോട് പഴയ പോലീസ് സ്‌റ്റേഷൻ ജീർണാവസ്ഥയിൽ. അനേകരുടെ ചോരയും കണ്ണീരും വീണ ചരിത്രത്തിന്റെ കേന്ദ്രബിന്ദുവായ പോലീസ് സ്‌റ്റേഷൻ സംരക്ഷിക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്ന്‌ നടപടിയില്ല. സ്‌റ്റേഷൻ കെട്ടിടം ഏതുനിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലാണിപ്പോൾ.

To advertise here,

സ്വാതന്ത്ര്യത്തിനുമുൻപ് പോലീസ് ഔട്ട് പോസ്റ്റായി തുടങ്ങിയതാണ് പാങ്ങോട് പഴയ പോലീസ് സ്റ്റേഷൻ കെട്ടിടം. ഒരു കുടുംബം സൗജന്യമായി നൽകിയ ഭൂമിയിലാണ് കെട്ടിടം നിർമിച്ചത്. പിൽക്കാലത്ത് പുതിയ കെട്ടിടത്തിലേക്ക് സ്റ്റേഷന്റെ പ്രവർത്തനം മാറിയപ്പോൾ പഴയതിനെ പൂർണമായും അവഗണിച്ചു. പോലീസ് സ്‌റ്റേഷൻ കെട്ടിടത്തിന്റെ സംരക്ഷണത്തിനായി ശക്തമായ ഇടപെടൽ ഇതുവരെ ഒരിടത്തുനിന്നും ഉണ്ടായിട്ടില്ല.

 

ചരിത്രം ഇങ്ങനെ

തിരുവിതാംകൂറിൽ സർ സി.പി.ഭരണം നടത്തുന്ന കാലത്ത് കല്ലറ ചന്തയിൽ കാർഷികവിഭവങ്ങൾ വിൽക്കാനെത്തുന്ന കർഷകരിൽനിന്ന് അമിതചുങ്കം ഈടാക്കാൻ തീരുമാനിക്കുകയുണ്ടായി. ഇതിനെതിരേ കർഷകർ പ്രക്ഷോഭം നടത്തി. ചുങ്കപ്പിരിവ് തടയാൻ ശ്രമിച്ച കർഷകരെ പോലീസ് സ്റ്റേഷനിലെത്തിച്ച് മർദിച്ചു. ഇതിനെതിരേ നന്ദിയോട്, നെടുമങ്ങാട് തുടങ്ങിയ സ്ഥലങ്ങളിൽനിന്ന്‌ കർഷകർ കൂട്ടത്തോടെയെത്തുകയും പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തുകയും ചെയ്തു.

കൊച്ചാലുംമൂട് ജമാൽ ലബ്ബ, പാലുവള്ളി അബ്ബാസ് ചട്ടമ്പി, ചെറുവാളം കൊച്ചുനാരായണനാശാരി, പ്ലാക്കീഴിൽ കൃഷ്ണപിള്ള എന്നിവർ പോലീസിനെതിരേ നാടൻതോക്കുപയോഗിച്ച് കയ്യാല തുരന്ന് വെടിവെയ്പ്‌ നടത്തി. സമരത്തിൽ ചെറുവാളം കൊച്ചുനാരായണനാശാരിയും പ്ലാക്കീഴിൽ കൃഷ്ണപിള്ളയും പഴയ പോലീസ് സ്റ്റേഷൻ വളപ്പിൽ വെടിയേറ്റ് വീഴുകയും ഇവരെ ഇവിടെയാണ്‌ സംസ്‌കരിച്ചത്‌.

ചരിത്രപ്രാധാന്യമുള്ള ഈ കെട്ടിടം പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് ചരിത്ര സ്മാരകമാക്കി മാറ്റണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.