മനം കവർന്ന് രാജശ്രീ വാര്യരുടെ പദ്മനാഭദാസം
തിരുവനന്തപുരം: സ്വാതി തിരുനാളിന്റെ കൃതികളെ ആധാരമാക്കി രാജശ്രീ വാര്യർ ചിട്ടപ്പെടുത്തിയ ഭരതനാട്യ നൃത്താവിഷ്‌കാരമാണ് പദ്മനാഭദാസം. സ്വാതികൃതികളുടെ ഭാഷാവൈവിധ്യത്തെ മറികടന്ന് മുദ്രകളിലൂടെയും ഭാവങ്ങളിലൂടെയും ചുവടുകളിലൂടെയും ആശയം കാണികളിലേക്കെത്തിക്കുകയാണ് രാജശ്രീ വാര്യരും സംഘവും.
സ്വന്തം കൃതികളിലൂടെ പദ്മനാഭനെ പൂജിച്ച സ്വാതി തിരുനാളിനോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ സംഗീതകൃതികൾ കോർത്തിണക്കിയുള്ള നൃത്ത ശിൽപ്പത്തിന് ‘പദ്മനാഭദാസം’ എന്ന പേര് നൽകുകയായിരുന്നു. മണിപ്രവാളം അടക്കമുള്ള ഭാഷയിലെ കൃതികൾക്ക് നൃത്തരൂപം നൽകാൻ ഭാഷാ പാണ്ഡിത്യം അത്യാവശ്യമായിരുന്നു. എന്നാൽ ആ ഭാഷാവൈവിധ്യമൊരു വെല്ലുവിളിയായല്ല അറിവിനെ കുറച്ചുകൂടി ഉയർത്താൻ സഹായിക്കുന്ന ഘടകമായാണ് രാജശ്രീ വാര്യർ കണക്കാക്കിയത്.
സ്വാതി തിരുനാളിന്റെ പദങ്ങളും, തില്ലാനയുമൊക്കെ മുമ്പ് ചിട്ടപ്പെടുത്തിയിരുന്നു. എന്നാൽ സ്വാതി തിരുനാൾ ഗണപതിയെക്കുറിച്ച് രചിച്ച കർണാടക സംഗീത കൃതിയായ പരിപാഹി ഗണാധിപ പോലുള്ളവ അടുത്തകാലത്താണ് ചിട്ടപ്പെടുത്തിയത്. അങ്ങനെയാണ് ശിഷ്യരുമൊത്ത് ഈ നൃത്താവിഷ്‌കാരം അരങ്ങിലെത്തിക്കാൻ തീരുമാനിക്കുന്നത്.
സ്വാതി തിരുനാൾ കൃതികളുടെ വൈവിധ്യം അനാവരണം ചെയ്യുന്ന അവതരണമായിരുന്നു പദ്മനാഭദാസം. ശുദ്ധനൃത്തത്തിന്റെ അലാരിപ്പിൽ തുടങ്ങി, പരിപാഹിയുടെ പ്രാർത്ഥനാഭാവത്തിലേക്കും തുടർന്ന് സരസീരുഹനാഭ എന്ന ദേശാക്ഷി രാഗത്തിലുള്ള കീർത്തനം, സ്വരജതി, ജതിസ്വരം എന്നിവയിലൂടെ നൃത്തത്തിന്റെ താളനാട്യഘടനയിലേക്കും അവതരണം വളർന്നു. ഹുസൈനി രാഗത്തിലുള്ള സ്വാതി തിരുനാളിന്റെ അപൂർവ സ്വരജതിയായിരുന്നു പ്രധാന ആകർഷണങ്ങളിലൊന്ന്. അദ്രിസുതാവര, ‘അളിവേണി’, വലപുതാല വസമാ, ‘ഭോഗീന്ദ്രശായിനം’, ‘ശ്രീരമണവിഭോ’, ‘കാമിനീമണി’, ‘കനകമയം’ തുടങ്ങിയ രചനകളിൽ അഭിനയത്തിന്റെ സൂക്ഷ്മതലങ്ങൾ അനാവൃതമായി. സംസ്‌കൃതത്തിലും മലയാളത്തിലുമുള്ള കൃതികൾ ഇടകലർത്തി ക്രമീകരിച്ചതിലൂടെ, ഭക്തിയും ശൃംഗാരവും ദാർശനികതയും ഇഴചേരുന്ന സ്വാതി തിരുനാൾ സാഹിത്യത്തിന്റെ സമഗ്രതയാണ് അരങ്ങിൽ തെളിയുന്നത്. തില്ലാനയോടെ നൃത്തശിൽപ്പം സമാപിക്കും.
കഴിഞ്ഞ ദിവസം ഉത്തരിക സെന്റർ ഫോർ പെർഫോമിങ് ആർട്‌സിന്റെ ആഭിമുഖ്യത്തിൽ ഭരതനാട്യ നൃത്താവിഷ്‌കാരം അരങ്ങേറിയപ്പോൾ കാണികളിൽ തീർത്തത് വിസ്മയമാണ്.
വാക്കിൽനിന്നും ചലനത്തിലേക്കുള്ള സഞ്ചാരമാണ് തന്റെ നൃത്തസങ്കൽപ്പത്തിന്റെ അടിസ്ഥാനമെന്ന് രാജശ്രീ വാര്യർ പറഞ്ഞു. രാജശ്രീ വാര്യരുടെ ശിഷ്യരായ ചിപ്പി പിള്ള, പി.വി.കല്യാണി, രേവതി എസ്. നായർ, ശ്രീദേവി മാണിക്യം, ധന്യ കിരൺ, ഇ.ജ്യോതി ശർമ, വി.എ.നീലാംബരി വർമ്മ, ഇ. ഭദ്രശർമ്മ, ഗ്രീഷ്മ എം. തമ്പി, ആർ.പി.ചന്ദന, മാളവിക സുരേഷ്‌കുമാർ, മൃദുലാ നായർ, എസ്.കൃഷ്‌ണേന്ദു, എ.അനുപമ, പിങ്കി റാം എന്നിവരാണ് അവതരണത്തിൽ പങ്കാളികളായത്.
Published: 15 Sept 2026, 01:21 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented