ഗുജറാത്തി രാസിന് ചുവടുവെച്ച് യുവത

To advertise here,

തിരുവനന്തപുരം : ഗുജറാത്തിന്റെ പരമ്പരാഗത നൃത്തരൂപമായ ദാൺഡിയ രാസിന് നവരാത്രിക്കാലത്ത് തലസ്ഥാനത്തും പ്രിയമേറുന്നു. ഗുജറാത്തി സമൂഹത്തിന്റെ ആഘോഷമായിരുന്ന നൃത്തരൂപം ഇന്ന് ദാൺഡിയ നൈറ്റുകളിലൂടെ കൂടുതൽ ജനകീയമാവുകയാണ്. നൃത്തവും സംഗീതവും ഭക്ഷണവും വിനോദപരിപാടികളും ഒത്തുചേരുന്ന ആഘോഷരാവുകളിൽ മലയാളികളുടെ പങ്കാളിത്തവും സജീവമാണ്.

നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിക്കുന്ന ദാൺഡിയ നൈറ്റുകൾ സാംസ്‌കാരിക കൈമാറ്റത്തിന്റെ വേദികൾകൂടിയാണ്.

പരമ്പരാഗത വേഷങ്ങളണിഞ്ഞ് മുളങ്കോലുകൾ താളത്തിൽ കൂട്ടിമുട്ടിച്ചുള്ള നൃത്തത്തിനൊപ്പം ഭക്ഷണശാലകൾ, മെഹന്തി, കലാപരിപാടികൾ, കളികൾ തുടങ്ങിയവയും ആഘോഷത്തിന് മാറ്റുകൂട്ടുന്നു. യുവാക്കളടക്കം വിവിധ പ്രായക്കാരാണ് ഇത്തരം ആഘോഷങ്ങളിൽ പങ്കെടുക്കുന്നത്.

തലസ്ഥാനത്തെ ഗുജറാത്തി സമൂഹം 75 വർഷത്തോളമായി നവരാത്രി ആഘോഷങ്ങൾ ആചാരപൂർവം തുടരുന്നുണ്ട്. നവരാത്രിക്കാലത്ത് ഒൻപത് ദിവസവും പരമ്പരാഗത വേഷങ്ങളിൽ ഒത്തുചേരുന്ന സമൂഹം പ്രാർഥനകൾക്കും ആചാരങ്ങൾക്കും ശേഷമാണ് ദാൺഡിയ അവതരിപ്പിക്കുന്നത്. മതപരമായ ആചാരങ്ങൾക്ക് പ്രാധാന്യം നൽകുമ്പോഴും പുതിയ തലമുറയുടെ അഭിരുചികൾക്കനുസരിച്ച് നൃത്താവതരണങ്ങളിൽ വന്ന മാറ്റങ്ങളെയും ഇവർ ഉൾക്കൊള്ളുന്നു.

എന്താണ് ദാൺഡിയ രാസ്?

: നവരാത്രിയോടനുബന്ധിച്ച് ഗുജറാത്തിൽ അവതരിപ്പിക്കുന്ന പരമ്പരാഗത നൃത്തരൂപമാണ് ദാൺഡിയ രാസ്. നർത്തകർ കൈകളിൽ പിടിക്കുന്ന അലങ്കരിച്ച ചെറിയ മുളവടികളെയാണ് ഡാൺഡിയ എന്നു വിളിക്കുന്നത്.

താളത്തിനൊത്ത് വടികൾ കൂട്ടിമുട്ടിച്ചും ചുവടുകൾ ​െവച്ചുമാണ് നൃത്തം അവതരിപ്പിക്കുന്നത്. ദുർഗാദേവിയും മഹിഷാസുരനും തമ്മിലുള്ള യുദ്ധത്തിന്റെ പ്രതീകാത്മക ആവിഷ്‌കാരമായും ഈ നൃത്തം വ്യാഖ്യാനിക്കപ്പെടുന്നു.

നർത്തകരുടെ കൈകളിലെ വടികൾ ദേവിയുടെ ആയുധങ്ങളെയും നൃത്തവേദി യുദ്ധക്കളത്തെയും പ്രതിനിധാനംചെയ്യുന്നുവെന്നാണ് വിശ്വാസം.