തിരുവനന്തപുരം : തലസ്ഥാനനഗരം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് ഗതാഗതക്കുരുക്കുകൾ. കെട്ടുപിണഞ്ഞുകിടക്കുന്ന ചരടുപോലെ മണിക്കൂറുകൾ പണിപ്പെട്ടുവേണം, യാത്രക്കാർ ഗതാഗതക്കുരുക്കിൽനിന്ന് പുറത്തെത്താൻ. കുപ്പിക്കഴുത്തുപോലുള്ള റോഡുകളും ഗതാഗതനിയമങ്ങൾ കൃത്യമായി പാലിക്കാത്തതും സിഗ്നൽ ലൈറ്റുകൾ കൃത്യമായി പ്രവർത്തിക്കാത്തതും അനധികൃത പാർക്കിങ്ങുമൊക്കെയാണ് മിക്കയിടങ്ങളിലെയും കുരുക്കിന്റെ കാരണങ്ങൾ.
പതിവായി ഗതാഗതക്കുരുക്കുണ്ടാകുന്ന റോഡുകളിൽ മിക്കപ്പോഴും ട്രാഫിക് പോലീസ് ഉണ്ടാകാറില്ല. എ.ഐ. ക്യാമറകൾ പ്രവർത്തിക്കാത്തതിനാൽ യാത്രക്കാർ ഗതാഗതനിയമങ്ങൾ പാലിക്കാത്ത സംഭവങ്ങളും ഏറെയാണ്.
പേട്ട-കൈതമുക്ക്
: വിവിധ റസിഡന്റ് അസോസിയേഷനുകൾ ചേർന്നൊരു പ്രദേശമാണ് കൈതമുക്ക്. വിവിധ ഭാഗങ്ങളിൽനിന്നു എത്താവുന്ന റോഡുകളാണ് കൈതമുക്കിലേക്ക് വന്നുചേരുന്നതും. പേട്ടയിൽനിന്ന് തമ്പാനൂർ ഭാഗത്തേക്ക് വേഗത്തിലെത്താൻ സാധിക്കുന്ന റോഡാണിത്. മിക്ക സമയവും ഗതാഗതക്കുരുക്കാണ്. സുരക്ഷാക്യാമറകളോ പോലീസോ ഉണ്ടാകാറില്ല.
പേട്ട-പാളയം റോഡ്
: ബൈപ്പാസിൽനിന്ന് പാളയം, ജനറൽ ആശുപത്രി എന്നിവിടങ്ങളിലേക്ക് പോകുന്നതിനുള്ള പ്രധാന റോഡാണിത്. ആനയറയിൽനിന്നും മെഡിക്കൽ കോളേജിൽനിന്നുമുള്ള റോഡുകൾ പേട്ട റോഡിൽ വന്നുചേരുന്നതിനാൽ മിക്കപ്പോഴും നിയന്ത്രിക്കാനാകാത്ത ഗതാഗതത്തിരക്കാണ്. പതിവായി നടപ്പാതയിലൂടെയാണ് ഇരുചക്രവാഹനങ്ങൾ പോകുന്നത്.
ഈഞ്ചയ്ക്കൽ-വള്ളക്കടവ് റോഡ്
: ഈഞ്ചയ്ക്കൽ മേൽപ്പാലത്തിന്റെ പണികൾ നടക്കുന്നതിനാൽ മാസങ്ങളായി ഗതാഗതക്കുരുക്കാണിവിടെ. കോവളം, വിഴിഞ്ഞം ഭാഗത്തേക്കുള്ള വാഹനങ്ങൾ പോകുന്ന പ്രധാനറോഡാണിത്. മേൽപ്പാലത്തിന്റെ പണികൾ പൂർത്തിയായിട്ടില്ല.
കൈതമുക്ക്-ഉപ്പിടാംമൂട് പാലം
: കൈതമുക്ക്, വഞ്ചിയൂർ, ശ്രീകണ്‌ഠേശ്വരം, തകരപ്പറമ്പ്, ഓവർബ്രിഡ്ജ്, ആയുർവേദ കോളേജ് എന്നിവിടങ്ങളിലേക്കുള്ള റോഡുകൾ വന്നുചേരുന്നത് ഉപ്പിടാംമൂട് പാലത്തിന് സമീപത്തുള്ള ജങ്ഷനിലാണ്. ഇവിടെ സ്ഥാപിച്ച ട്രാഫിക് സിഗ്നലുകൾ കണ്ണടച്ചിട്ട് മാസങ്ങളായി. രാവിലെയും വൈകിട്ടും യാത്രക്കാർ ഏറെനേരം കുരുക്കിൽ കിടക്കണം. നിയന്ത്രിക്കാൻ പോലീസുമില്ല. ചെറിയ അപകടങ്ങളും തുടർന്നുള്ള വാക്കുതർക്കങ്ങളും പതിവുകാഴ്ചകൾ.
വഞ്ചിയൂർ-കോൺവെന്റ് റോഡ്
: ഗതാഗതപ്രശ്‌നം നേരിടുന്ന പ്രധാന റോഡുകളിലൊന്നാണ് വഞ്ചിയൂർ-കോൺവെന്റ് റോഡ്. അവധിദിവസങ്ങളൊഴികെ മിക്കപ്പോഴും വലിയ ഗതാഗതക്കുരുക്കാണ്. പോലീസ് സ്‌റ്റേഷന് മുന്നിലെ റോഡിൽ തോന്നുംപോലെയാണ് പാർക്കിങ്. കോടതിക്ക് മുന്നിലുള്ള റോഡിലെ സിഗ്നലുകൾ പ്രവർത്തിച്ചിട്ട് മാസങ്ങളായി. സ്മാർട്ട് സിറ്റി സ്ഥാപിച്ച ട്രാഫിക് സിഗ്നലുകളാണ് പ്രവർത്തിക്കാത്തത്.
കേശവദാസപുരം-പട്ടം
: നഗരത്തിൽ ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന പാതകളിലൊന്നാണിത്. സർക്കാർ സ്ഥാപനങ്ങളും ആശുപത്രികളും വിദ്യാലയങ്ങളുമുള്ള പട്ടം-കേശവദാസപുരം റോഡിൽ ദുരിതമെല്ലാം കാൽനടക്കാർക്കാണ്. രാവിലെയും വൈകീട്ടും വലിയ കുരുക്കുകളാണിവിടെ.
വഴുതക്കാട് -ജഗതി-പൂജപ്പുര റോഡ്
: സ്‌കൂളുകളും കോളേജുകളും സർക്കാർ ഓഫീസുകളും കേന്ദ്രീകരിച്ചിരിക്കുന്ന വഴുതക്കാട് ജങ്‌ഷനിലും പരിസരങ്ങളിലും രാവിലെയും വൈകുന്നേരങ്ങളിലും കനത്ത ഗതാഗതക്കുരുക്ക്. ജഗതിയിലും പൂജപ്പുരയിലും വീതി കുറഞ്ഞ റോഡുകളാണ്.
തമ്പാനൂർ- കിഴക്കേക്കോട്ട
: കെ.എസ്.ആർ.ടി.സി. ബസ് ടെർമിനൽ, റെയിൽവേ സ്റ്റേഷൻ എന്നിവയുള്ളതിനാൽ തമ്പാനൂരിലും പ്രധാന വ്യാപാരകേന്ദ്രമായ കിഴക്കേക്കോട്ടയിലും വാഹനത്തിരക്കാണ്.
ഉള്ളൂർ-മെഡിക്കൽ
കോളേജ് റോഡ്
: മെഡിക്കൽ കോളേജ്, ആർ.സി.സി., ശ്രീചിത്ര ഹോസ്പിറ്റൽ എന്നിവിടങ്ങളിലേക്കുള്ള പ്രധാനറോഡായതിനാൽ ഇവിടെ സർവസമയവും ഗതാഗതതടസ്സം. റോഡിന് സമീപം തോന്നുംപോലെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും പതിവ്.
അട്ടക്കുളങ്ങര
-കിള്ളിപ്പാലം റോഡ്
: റോഡിന് സമീപത്തുള്ള അനധികൃത പാർക്കിങ്. സിഗ്നൽ കൃത്യമായി പാലിക്കാറില്ല. ഹോട്ടലുകളും വസ്ത്രവ്യാപാര കേന്ദ്രങ്ങളും കൂടുതലുള്ള അട്ടക്കുളങ്ങരയിൽ വൈകുന്നേരങ്ങളിൽ നിയന്ത്രിക്കാൻ ആളില്ല.
കുറവൻകോണം -അമ്പലംമുക്ക്
: വയലിക്കടയിൽനിന്ന് അമ്പലംമുക്ക്-കുറവൻകോണം റോഡിലേക്ക് കയറുന്ന ജങ്ഷനിലും കുറവൻകോണം ജംങ്ഷനിൽനിന്ന് നന്താവനത്തേക്ക് വരുന്ന റോഡിലും വലിയ ബ്ലോക്കാണ്. അമ്പലംമക്ക്-മുട്ടട റോഡിലും രൂക്ഷമായ ഗതാഗതക്കുരുക്കുണ്ട്. വീതി കുറഞ്ഞ റോഡുകൾ, കൃത്യമായി പ്രവർത്തിക്കാത്ത സിഗ്നൽ ലൈറ്റുകൾ.
പേരൂർക്കട -കുടപ്പനക്കുന്ന്
: വഴയിലയിൽനിന്ന് വരുമ്പോൾ കുടപ്പനക്കുന്നിലേക്ക് തിരിയാനുള്ള പേരൂർക്കട ജങ്ഷനിലെ ട്രാഫിക് സിഗ്നൽ പ്രവർത്തിക്കാതായിട്ട് നാളുകളായി. കുടപ്പനക്കുന്നിലേക്കും കളക്ടറ്റിലേക്കും പോകുന്ന പ്രധാനറോഡുകളിൽ എപ്പോഴും ഗതാഗതത്തിരക്കാണ്.
Published: 25 Sept 2026, 01:52 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented