തിരുവനന്തപുരം: എല്ലാ കൊല്ലവും ഒക്ടോബർ ഒന്നിന് വൈകീട്ട് 6.45-നാണ് സൂര്യ ഫെസ്റ്റിവൽ ആരംഭിക്കുന്നത്. ഇക്കൊല്ലം ഒക്ടോബർ പിറക്കുന്നതിന് ഒരാഴ്ചമുൻപ് വൈകീട്ട് 6.45-ന് സൂര്യയുടെ അമരക്കാരനായ സൂര്യ കൃഷ്ണമൂർത്തി വിടപറഞ്ഞു. പിറ്റേന്ന് വൈകീട്ട് 6.45-ന് തൈക്കാട് ശാന്തികവാടത്തിൽ അദ്ദേഹത്തിന്റെ ശവസംസ്കാരം നടന്നു. 6.45 എന്ന സമയം സൂര്യ കൃഷ്ണമൂർത്തിയുടെ ജീവിതത്തിൽ യാദൃച്‌ഛികതയായി മാറിയതുപോലെ.

To advertise here,

ബംഗാളിൽ പതിവുള്ള ജൽസാഗർ എന്ന സംഗീതരീതി സൂര്യയിൽ കൃഷ്ണമൂർത്തിയിലൂടെയാണ് അവതരിപ്പിച്ചത്. ഹിന്ദുസ്ഥാനി സംഗീതക്കച്ചേരിയാണ് ജൽസാഗറിൽ പ്രധാനം. കച്ചേരി തുടങ്ങുന്നതിനുമുൻപ് ഹാളിൽ കടക്കണം. കച്ചേരി തീർന്നാൽ മാത്രമേ പുറത്തിറങ്ങാൻ കഴിയൂ. ഉമ്പായിയുടെ ഗസലിലൂടെ ഈ സംഗീതപരീക്ഷണം സൂര്യയിൽ കൃഷ്ണമൂർത്തി നടത്തി.

യേശുദാസിന്റെ കർണാടകസംഗീതം കേട്ടായിരുന്നു എല്ലാ കൊല്ലവും ഒക്ടോബർ ഒന്നിന് തലസ്ഥാനത്തെ സന്ധ്യ മയങ്ങിയിരുന്നത്. കോവിഡിനുശേഷം ആ പതിവു മുടങ്ങി. രണ്ടുകൊല്ലം മുൻപ് ഡിസംബറിൽ യേശുദാസ് സൂര്യയിലെത്തുമെന്ന് കൃഷ്ണമൂർത്തി അറിയിച്ചിരുന്നു. സൂര്യയിലെ ഹംസഗാനം കേൾക്കാതെയാണ് സൂര്യ കൃഷ്ണമൂർത്തി മടങ്ങിയത്.

അന്ത്യപ്രണാമമർപ്പിച്ച് തലസ്ഥാനം

:അഞ്ചു പതിറ്റാണ്ടോളം തലസ്ഥാനത്തെ സംഗീതനൃത്ത സാംസ്കാരിക വേദിയിൽ നിറഞ്ഞുനിന്ന സൂര്യ കൃഷ്ണമൂർത്തിക്ക് കണ്ണീരണിഞ്ഞ പ്രണാമമാണ് ആരാധകർ അർപ്പിച്ചത്. ഒട്ടേറെ യുവഗായകരെയും നർത്തകരെയും വേദിയിലേക്ക് ആനയിച്ച ആചാര്യനെ അവസാനമായി കാണാൻ എല്ലാവരും തൈക്കാട് ഗണേശത്തിലേക്ക് വ്യാഴാഴ്ച പകൽ ഒഴുകിയെത്തി.

മൃതദേഹം കിടത്തിയ വേദിക്കുതാഴെ സദസ്സിൽ മണിക്കൂറുകളോളം പ്രിയപ്പെട്ടവന്റെ അന്ത്യയാത്രയ്ക്കായി അവർ കാവലിരുന്നു. വൈകീട്ട് അഞ്ചുമണിയോടെ മൃതദേഹം വീട്ടിലേക്ക് മാറ്റി. തുടർന്ന് വിലാപയാത്രയായി സമീപത്തെ ശാന്തികവാടത്തിലേക്ക് കൊണ്ടുപോയി.

പ്രതിപക്ഷനേതാവ് പിണറായിക്കൊപ്പം ഭാര്യ കമല, മകൾ വീണാ വിജയൻ, കവി വി. മധുസൂദനൻനായർ, കെ. ജയകുമാർ, വിവിധ കക്ഷിനേതാക്കളായ എം.എം. ഹസൻ, പന്ന്യൻ രവീന്ദ്രൻ, എം. വിജയകുമാർ, വി. ശിവൻകുട്ടി, മുല്ലക്കര രത്നാകരൻ, ചെറിയാൻ ഫിലിപ്പ്, മലയിൻകീഴ് ചന്ദ്രൻനായർ, കെ.എസ്. ശബരീനാഥൻ, എ.ഡി.ജി.പി. പി. വിജയൻ, കേരള യൂണി. വി.സി. ഡോ. മോഹനൻ കുന്നുമ്മൽ, ടി.കെ.എ. നായർ, ബെറ്റി ബേബി, ഡോ. ദിവ്യ എസ്. അയ്യർ, ഡോ. കെ. വാസുകി, സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, മുരുകൻ കാട്ടാക്കട, ഡോ. കെ. ഓമനക്കുട്ടി തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു. ദൃശ്യവേദിക്കുവേണ്ടി ഡോ. ജോർജ് ഓണക്കൂർ, എസ്. ശ്രീനിവാസൻ എന്നിവർ റീത്ത് സമർപ്പിച്ചു.