ആര്യനാട് : ആര്യനാട് പഞ്ചായത്തിൽ തെരുവുനായശല്യം രൂക്ഷം. പഞ്ചായത്തിലെ മാർക്കറ്റ്, ആര്യനാട് ജങ്ഷൻ, പോസ്റ്റ് ഓഫീസ് എന്നിവിടങ്ങളിൽ തമ്പടിക്കുന്ന നായ്ക്കൾ റോഡിലൂടെ പോകുന്ന സ്‌കൂൾകുട്ടികൾ ഉൾപ്പെടെയുള്ളവരെ ആക്രമിക്കുന്നത് പതിവുകാഴ്ചയാണ്. ശനിയാഴ്ച രാവിലെ ആര്യനാട് ചന്തയിൽനിന്ന് തിരികെപ്പോയ ആനന്ദേശ്വരം സ്വദേശികളായ സാവിത്രി, അംബിക, ശോഭന എന്നിവരെയും രണ്ട് സ്കൂൾ കുട്ടികളെയുമാണ് തെരുവുനായ്ക്കൾ ആക്രമിച്ചത്. ഇവരിൽ ഒരാൾ ആര്യനാട് ആശുപത്രിയിലും മറ്റു നാലുപേർ മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സതേടി.

To advertise here,

തെരുവുനായ്ക്കളുടെ ആക്രമണം പേടിച്ചാണ് വിദ്യാർഥികളും വയോധികരും അടക്കമുള്ള യാത്രക്കാർ നടന്നുപോകുന്നത്. നിരവധിപേരാണ് ദിനംപ്രതി നായ്ക്കളുടെ ആക്രമണത്തിൽ ആശുപത്രിയിൽ ചികിത്സയ്‌ക്കായി എത്തുന്നത്.

 

ഗുരുതരമായി കടിയേറ്റ് വരുന്നവർക്കുള്ള ഇമ്യൂണോ ഗ്ലോബുലിൻ കുത്തിവെപ്പിന് ഗ്രാമീണമേഖലകളിലെ ആശുപത്രികളിൽ സൗകര്യമില്ലാത്ത സ്ഥിതിയാണ്. അതിനാൽ തെരുവുനായ്ക്കളുടെ കടിയേൽക്കുന്നവർ ചികിത്സയ്ക്കായി ജനറൽ ആശുപത്രിയിലോ മെഡിക്കൽ കോളേജിലോ പോകേണ്ട അവസ്‌ഥയാണ്.

പഞ്ചായത്ത് അടിയന്തരമായി തെരുവുനായ നിയന്ത്രണത്തിനും വന്ധ്യംകരണത്തിനും നടപടി എടുക്കുമെന്ന് പറയുന്നുണ്ടെങ്കിലും ആവശ്യത്തിന് ഫണ്ടുകൾ ഇല്ല എന്നതാണ് വസ്തുത. ഈവർഷത്തെ പ്രോജക്ടുകളിൽ ഇതിനായി ഫണ്ട് വകയിരുത്തിയെങ്കിലും യാതൊന്നും നടന്നില്ല. ഇതിന് അംഗീകാരം ലഭിച്ച് ഫണ്ട് അനുവദിച്ച് വരണമെങ്കിൽ കാലതാമസം നേരിടാനും സാധ്യതയുണ്ട്. നായ്ക്കൾ

ഇരുചക്രവാഹനയാത്രക്കാർക്കും സ്‌കൂൾ വിദ്യാർഥികൾക്കും ഭീഷണിയായി മാറിയിട്ടുണ്ട്.

പഞ്ചായത്തിലെ കാഞ്ഞിരംമൂട്, ചെറിയാര്യനാട്, ചൂഴ, പാലൈക്കോണം, ഇറവൂർ, കോട്ടയ്ക്കകം, വണ്ടയ്ക്കൽ, ചേരപ്പള്ളി, പറണ്ടോട് തുടങ്ങിയ പ്രദേശങ്ങളിലാണ് തെരുവുനായശല്യം രൂക്ഷമായിരിക്കുന്നത്.

ആര്യനാട് കെ.എസ്.ആർ.ടി.സി. ഡിപ്പോയാണ് നായ്ക്കളുടെ പ്രധാന താവളം. ഡിപ്പോയിലെ ജീവനക്കാർ നായ്ക്കൾക്ക് ആവശ്യമായ ഭക്ഷണങ്ങൾ കൊടുക്കുന്നതാണ് ഡിപ്പോയ്ക്കു‌ള്ളിൽ തന്നെ നായ്ക്കൾ തമ്പടിക്കുന്നതെന്നാണ് യാത്രക്കാർ ആരോപിക്കുന്നത്. ആര്യനാട് ജങ്ഷനിലെ ഗാന്ധിപ്രതിമയ്ക്കു ചുറ്റുമായി അൻപതിലധികം നായ്ക്കളാണ്

കിടക്കുന്നത്. ആര്യനാട് ചന്തയിൽനിന്നു വലിച്ചെറിയുന്ന മാംസാവശിഷ്ടങ്ങളുമായി ഇറങ്ങുന്ന നായ്ക്കൾ റോഡിലെ ഇരുചക്രവാഹന യാത്രക്കാരെയും കാൽനടയാത്രക്കാരെയും ആക്രമിക്കുന്നത് പതിവുകാഴ്ചയാണ്. ഇരുചക്രവാഹനത്തിനു പിന്നിലൂടെ കടിക്കാനായി ഓടുന്ന നായ്ക്കളെ കണ്ട് വാഹനത്തിന്റെ വേഗം കൂട്ടുന്നതോടെ വാഹനം നിയന്ത്രണംതെറ്റി അപകടത്തിൽപ്പെട്ടവർ നിരവധിയാണ്. വിവിധ സ്ഥലങ്ങളിൽനിന്ന് നായ്ക്കളെ കൂട്ടത്തോടെ വാഹനങ്ങളിൽ കൊണ്ടുവന്ന് ഇറക്കിവിടാറുണ്ടെന്നും പ്രദേശവാസികൾ പറയുന്നു.

പഞ്ചായത്ത് ഭരണസമിതി പരിഹാരം കാണണം

ആനന്ദേശ്വരം റോഡിൽ തെരുവുനായ്ക്കളെകൊണ്ട് പ്രദേശവാസികൾ ബുദ്ധിമുട്ടിലാണ്. പ്രായമുള്ളവരെയും സ്‌കൂൾകുട്ടികൾ ഉൾപ്പെടെയുള്ളവരെയും ആക്രമിക്കുന്നത് പതിവുകാഴ്ചയാണ്. ഇതിന് പഞ്ചായത്ത് ഭരണസമിതി പരിഹാരം കാണണം.

അരുൺഘോഷ്

ക്ഷേത്ര ഉപദേശകസമിതി അംഗം

ഫണ്ട് കിട്ടുന്നതിനനുസ‍രിച്ച് പദ്ധതി നടപ്പാക്കും

തെരുവുനായ്ക്കളെ വന്ധ്യംകരണംചെയ്ത് കൂട്ടിലടയ്ക്കു‌ന്നതിനായി പഞ്ചായത്ത് പ്രോജക്ട് സമർപ്പിച്ചിട്ടുണ്ട്. ഫണ്ട് വരുന്ന മുറയ്ക്ക്‌ പദ്ധതി നടപ്പാക്കും.

എസ്.കെ. രാഹുൽ

പഞ്ചായത്ത് വൈസ് പ്രസിഡൻറ്‌

പ്രതിഷേധം ശക്തമാക്കും

കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതിൽ ജാഗ്രതപാലിച്ചിരുന്നു. നിലവിലെ പഞ്ചായത്ത് കമ്മിറ്റിയിൽ നിരവധിതവണ വിഷയം അവതരിപ്പിച്ചെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ല. ഇതിനെതിരേ പ്രതിഷേധം ശക്തമാക്കും.

എസ്. ദീഷിത്

പ്രതിപക്ഷ പ്രതിനിധി

നടപടിയെടുത്തില്ല

പഞ്ചായത്തിലെ തെരുവുനായശല്യം ചൂണ്ടിക്കാട്ടി ഒട്ടനവധി നിവേദനങ്ങൾ ബി.ജെ.പി. പഞ്ചായത്തിനു നൽകിയിട്ടുണ്ട്. യാതൊരു നടപടിയും സ്വീകരിച്ചില്ല.

ഇറവൂർ അജി

ബി.ജെ.പി. ഏരിയാ വൈസ് പ്രസിഡന്റ്