അബുദാബി : ഗതാഗത വിപ്ലവത്തിന് വഴിയൊരുക്കി രാജ്യത്ത് അടുത്ത വർഷത്തോടെ പതിനായിരത്തിലധികം സ്വയംനിയന്ത്രിത ഡ്രൈവറില്ലാ ടാക്സികളും ഡെലിവറി വാനുകളും നിരത്തിലിറങ്ങുമെന്ന് യു.എ.ഇ. പ്രഖ്യാപിച്ചു.
സാങ്കേതികവിദ്യാ പരീക്ഷണ ഘട്ടങ്ങൾ വിജയകരമായി പൂർത്തിയാക്കിയ സാഹചര്യത്തിൽ, ചൈനയ്ക്കു പുറത്ത് ലോകത്ത് ഏറ്റവും കൂടുതൽ ഡ്രൈവറില്ലാ വാഹനങ്ങൾ വിന്യസിക്കുന്ന രാജ്യമായി യു.എ.ഇ. മാറും.
ഇതിനായുള്ള വാഹനങ്ങളുടെ ഓർഡറുകൾ ഔദ്യോഗികമായി നൽകിക്കഴിഞ്ഞതായി യു.എ.ഇ പ്രസിഡന്റിന്റെ ഉപദേഷ്ടാവും അഡ്വാൻസ്ഡ് ടെക്‌നോളജി റിസർച്ച് കൗൺസിൽ സെക്രട്ടറി ജനറലുമായ ഫൈസൽ അൽ ബന്നായി വ്യക്തമാക്കി.
അബുദാബി അഡ്‌നെക് സെന്ററിൽ ചൊവ്വാഴ്ച ആരംഭിച്ച രണ്ടു ദിവസത്തെ ‘എ.ഐ. എവരിതിങ് അബുദാബി' ഉച്ചകോടിയിലാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്. നൂറിൽനിന്ന് ആയിരങ്ങളിലേക്ക് റോബോട്ടിക് സംവിധാനങ്ങളെ മാറ്റുന്ന ‘ഫിസിക്കൽ എ.ഐ’ യുഗത്തിലേക്ക് യു.എ.ഇ. കടക്കുകയാണ്. അബുദാബിയിലെ യാസ് ഐലൻഡിലും ദുബായിലെ ഉമ്മു സുഖീം, ജുമൈറ തുടങ്ങിയ മേഖലകളിലും നിലവിൽ പ്രവർത്തിക്കുന്ന ലെവൽ-4 വിഭാഗത്തിൽപ്പെട്ട സ്വയം നിയന്ത്രിത ടാക്സി സർവീസുകളുടെ വൻതോതിലുള്ള വിപുലീകരണമാണ് ഇനി നടക്കുക.
ഷോപ്പിങ് മാളുകൾ, താമസകേന്ദ്രങ്ങൾ, പരിശോധനാ മേഖലകൾ, ആതിഥേയ മേഖല തുടങ്ങിയവയിലൊക്കെയായി അടുത്ത വർഷത്തോടെ പതിനായിരക്കണക്കിന് സേവന റോബോട്ടുകളെ കാണാൻ സാധിക്കും. നൂതന ഭൗതികബുദ്ധി സാങ്കേതികവിദ്യ കൈകാര്യം ചെയ്യുന്ന പ്രമുഖ അന്താരാഷ്ട്ര കമ്പനികളുടെ വരവ് ഉടൻ ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു.
അടുത്ത വർഷത്തോടെ അത്യാധുനിക റോബോട്ടുകൾ യു.എ.ഇ.യിലെ നഗരങ്ങളിൽ ഒഴിവാക്കാനാകാത്ത വിധം എല്ലായിടത്തും ദൃശ്യമാകുമെന്ന് യു.എ.ഇ പ്രസിഡന്റിന്റെ ഉപദേഷ്ടാവും അഡ്വാൻസ്ഡ് ടെക്‌നോളജി റിസർച്ച് കൗൺസിൽ സെക്രട്ടറി ജനറലുമായ ഫൈസൽ അൽ ബന്നായി പറഞ്ഞു.
അഡ്വാൻസ്ഡ് റോബോട്ടിക്സ് സംവിധാനങ്ങൾ ഇനിവരുന്ന കാലത്ത് കേവലം പരീക്ഷണ വസ്തുവല്ലാതെ നഗരങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ ഭാഗമായി മാറും.
2027-ഓടെ ലോകത്തിലെ ആദ്യത്തെ സമ്പൂർണ ‘എ.ഐ. നേറ്റീവ് ഗവൺമെന്റ്’ ആയി അബുദാബി മാറുമെന്ന് ഡി.ജി.ഇ. ചെയർമാൻ അഹമ്മദ് തമീം ഹിഷാം അൽ കുത്താബ് പറഞ്ഞു.
സൂപ്പർ കംപ്യൂട്ടിങ് ശേഷി, നിക്ഷേപ മൂലധനം, പുതിയ സാങ്കേതികവിദ്യകളെ വേഗത്തിൽ സ്വീകരിക്കുന്ന ഉപഭോക്തൃ സമൂഹം എന്നിവയാണ് യു.എ.ഇ.യുടെ പ്രധാന കരുത്തെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Published: 07 Oct 2026, 01:33 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented