തിരുവനന്തപുരം: കഴിഞ്ഞദിവസം തലസ്ഥാനജില്ലയിൽ 600-ലേറെ പേർക്കാണ് പനി സ്ഥിരീകരിച്ചത്. 14 പേർക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു. രോഗപ്രതിരോധത്തിന് കൈക്കൊള്ളേണ്ട മുൻകരുതലുകൾ, പാലിക്കേണ്ട ശുചിത്വം എന്നിവയെപ്പറ്റിയെല്ലാം ആരോഗ്യവകുപ്പും കോർപ്പറേഷൻ ആരോഗ്യവിഭാഗവുമെല്ലാം നിരന്തരം ജനങ്ങൾക്ക് മുന്നറിയിപ്പുകളും നൽകാറുണ്ട്. എന്നാൽ, തലസ്ഥാനത്തിന്റെ ഹൃദയഭാഗത്തുള്ള കരിമഠം കോളനി ഇന്ന് മാലിന്യമലയാണ്. കൊതുകുവളർത്തൽ കേന്ദ്രമാണ്‌.

To advertise here,

കിഴക്കേക്കോട്ടയിലെ, പ്രമുഖ വാണിജ്യകേന്ദ്രങ്ങളുടെ വിളിപ്പാടകലെയാണ് കരിമഠം കോളനി.

2008-ൽ ആരംഭിച്ചതാണ് ഇവിടെ നവീകരണജോലികൾ. ഘട്ടം ഘട്ടമായി പണി തീർത്ത് ഫ്‌ളാറ്റുകൾ കൈമാറുമെന്ന അധികൃതരുടെ ഉറപ്പ് വിശ്വസിച്ചവരാണ് ഇപ്പോൾ വഴിയാധാരമായത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയവർ തങ്ങൾ ജയിച്ചാൽ ആദ്യം പരിഹരിക്കുക കരിമഠത്തെ പ്രശ്‌നങ്ങളായിരിക്കുമെന്ന് ഉറപ്പ്‌ നൽകിയിരുന്നു. അതിനുശേഷം വാഗ്ദാനം നൽകിയവർ അതൊക്കെ മറന്നു.

അഭയാർഥികളായുള്ള ജീവിതം

കേന്ദ്രപദ്ധതിയായ ബി.എസ്.യു.പി. പ്രകാരം 560 ഫ്‌ളാറ്റുകളാണ് നിർമിക്കാൻ തീരുമാനിച്ചിരുന്നത്. ആദ്യ നാലുഘട്ടങ്ങളിലായി യഥാക്രമം 80, 60, 180, 40 എന്നിങ്ങനെ 360 പേർക്കാണ് വീടുകൾ ലഭിച്ചത്. ശേഷിക്കുന്ന 200 കുടുംബങ്ങളാണ് ദുരിതമനുഭവിക്കുന്നത്. ഈ 200 പേരിൽ 25 പേർ കക്കൂസ് മാലിന്യത്തിനും ഇറച്ചിമാലിന്യത്തിനുമിടയിൽ ജീവിതം തള്ളിനീക്കുന്നു. ബാക്കിയുള്ളവർ നഗരത്തിന്റെ പല ഭാഗങ്ങളിലായി വാടകയ്ക്ക് കഴിയുകയാണ്. ചിലർക്ക് 2000 രൂപ വാടകയായി കോർപ്പറേഷൻ നൽകും. എന്നാൽ, ഈ തുകയ്ക്ക് വീട് ലഭിക്കില്ല. കൂലിപ്പണിയെടുക്കുന്നതിൽനിന്ന് മിച്ചം പിടിച്ച് വാടകയും നൽകേണ്ട സ്ഥിതി. സ്വന്തമായുണ്ടായിരുന്ന വീട് പൊളിച്ചുമാറ്റപ്പെട്ടവരാണ് പകരം സ്ഥിരംസംവിധാനം അധികൃതർ ഒരുക്കാത്തതിനാൽ അഭയാർഥികളായി കഴിയുന്നത്. കരിമഠം കോളനിയിലെ പ്രശ്‌നങ്ങൾ രൂക്ഷമായപ്പോൾ പരാതി പറഞ്ഞ് മടുത്തിട്ട് പ്രശ്‌നപരിഹാരത്തിനായി ഇവിടെയുള്ളവർ ജനകീയ സമരസമിതി രൂപവത്കരിച്ചു. സമരസമിതിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി, തദ്ദേശമന്ത്രി, മേയർ തുടങ്ങിയവർക്ക് പരാതി നൽകി. എന്നാൽ, ഫയലുകൾ താഴേക്ക് അയച്ചിട്ടുണ്ടെന്നതല്ലാതെയുള്ള മറുപടികൾ ലഭിച്ചില്ല.

കൈമാറിയ ഫ്ളാറ്റുകളിലും പ്രശ്‌നങ്ങളെന്ന് പരാതി

നിർമിച്ച് കൈമാറിയ ഫ്‌ളാറ്റുകളിലും വ്യാപകമായ പ്രശ്‌നങ്ങളാണെന്ന് താമസക്കാർ പറയുന്നു. പല ഫ്‌ളാറ്റുകളിലും സീലിങ് അടർന്നുവീഴുകയും ഡ്രെയിനേജ് പൊട്ടി ഒഴുകുകയുമാണ്. സർക്കാർ ഏജൻസിയായ കോസ്റ്റ്‌ഫോർഡിനായിരുന്നു നിർമാണച്ചുമതല. എന്നാൽ, വർഷങ്ങൾക്കുമുൻപ് നിർമിച്ച ഫ്‌ളാറ്റുകളാണെന്നും സ്വാഭാവികമായ പ്രശ്‌നങ്ങളാണുണ്ടാകുന്നതെന്നും കോസ്റ്റ്‌ഫോർഡ് അധികൃതർ പറഞ്ഞു. ഗുണമേന്മയിൽ യാതൊരു വിട്ടുവീഴ്ചയും വരുത്താതെയായിരുന്നു നിർമാണമെന്നും അറിയിച്ചു.