അപകടത്തുരുത്തായി തൂവൽ വെള്ളച്ചാട്ടം

To advertise here,

നെടുങ്കണ്ടം : തൂവലരുവി എന്നറിയപ്പെടുന്ന തൂവൽ വെള്ളച്ചാട്ടം ദൃശ്യ ഭംഗികൊണ്ട് ആരെയും ആകർഷിക്കും.

എന്നാൽ, പാൽനുര പോലെ പതഞ്ഞൊഴുകി താഴേയ്ക്ക് പതിക്കുന്ന വെള്ളച്ചാട്ടത്തിന്റെ മനോഹാരിതയ്ക്കൊപ്പം തൂവൽ ഒളിപ്പിച്ചു​െവച്ചിരിക്കുന്നത് അപകടക്കെണികളുമാണ്.

വെള്ളച്ചാട്ടത്തിലെ കയത്തിൽ വ്യാഴാഴ്ച മുങ്ങിമരിച്ച മാവടി കുഴിക്കൊമ്പ് പന്തലാട്ടിൽ അശ്വിൻ (22) അടക്കം കഴിഞ്ഞ ഒരുപതിറ്റാണ്ടിനിടെ 13 പേരാണ് ഇവിടെ മരണപ്പെട്ടത്. 2023 ഓഗസ്റ്റിൽ നെടുങ്കണ്ടം സ്വദേശികളായ രണ്ടുപേർ മരിച്ചതാണ് ഇതിന് മുമ്പ് ഉണ്ടായ മരണം.

കഴിഞ്ഞവർഷം തമിഴ്‌നാട് സ്വദേശിയായ യുവാവ് ഇവിടെ അപകടത്തിൽപ്പെട്ടിരുന്നു.

പ്രദേശവാസിയായ പ്രിൻസ് മുണ്ടക്കപ്പടവിൽ (റോനിഷ്)ന്റെ രക്ഷാപ്രവർത്തനമായിരുന്നു യുവാവിനെ ജീവിതത്തിലേക്ക്‌ തിരിച്ചെത്തിച്ചത്.

അപകടങ്ങൾ തുടർക്കഥയായിട്ടും അപകട മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചതൊഴിച്ചാൽ മറ്റു സുരക്ഷാസംവിധാനങ്ങളൊന്നും ഇവിടെ ഇല്ല. ഇതെല്ലാം വലിയ ദുരന്തങ്ങൾക്ക് വഴി വെച്ചേക്കാം. ഔദ്യോഗിക സംവിധാനങ്ങളും ഈ മരണങ്ങൾക്ക് ഉത്തരവാദിയാൻ്.

സ്വയം സൂക്ഷിക്കുക

മുകളിൽ നിന്നുംകണ്ട് ആസ്വദിക്കാവുന്ന ജില്ലയിലെ ഏക വെള്ളച്ചാട്ടമാണ് തൂവൽ. ശാന്തമായി ഒഴുകുന്ന അരുവി പാറക്കെട്ടുകളിൽ തട്ടി രൗദ്രഭാവത്തോടെയാണ് താഴേക്ക് പതിക്കുന്നത്.

വെള്ളച്ചാട്ടത്തിനു മുകളിലുള്ള പാറകളെ കൂട്ടിയിണക്കി ചെറുപാലങ്ങൾ നിർമിച്ചിട്ടുണ്ട്.

സഞ്ചാരികൾക്ക് പാലങ്ങളിൽനിന്ന് വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിക്കാം. എന്നാൽ വെള്ളച്ചാട്ടത്തിന്റെ സമീപത്തെത്താൻ സുരക്ഷിതമായ നടപ്പ് വഴി പോലും ഒരുക്കിയിട്ടില്ല. ഒറ്റപ്പെട്ട സ്ഥലമായതിനാൽ സഞ്ചാരികളെ നിയന്ത്രിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും സെക്യൂരിറ്റി ജീവനക്കാരനെ നിയമിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.

വെള്ളച്ചാട്ടത്തിനുതാഴെ പ്രവേശനം വിലക്കിയിട്ടുണ്ടെങ്കിലും മുന്നറിയിപ്പുകൾ അവഗണിച്ച് നിരവധിപേർ താഴെ എത്താറുണ്ട്. ഇവിടെ എത്താൻ പ്രധാനമായും രണ്ടുവഴികളാണുള്ളത്. വെള്ളച്ചാട്ടത്തിന്റെ മുകളിലെ പാലം കടന്ന് കുത്തനെയുള്ള നടപ്പുവഴി ഇറങ്ങിയാൽ താഴെയെത്താം. എന്നാൽ, സുരക്ഷിതമല്ലാത്ത വഴി ഏറെ അപകടം പിടിച്ചതാണ്.

കുത്തൊഴുക്കും വഴുക്കലുമുള്ള അരുവി മുറിച്ചു കടക്കുന്നതിനിടയാണ് ഭൂരിഭാഗം അപകടങ്ങൾ സംഭവിക്കുന്നതും. വ്യക്തികളുടെ സ്ഥലത്ത് കൂടെയുള്ള വഴിയാണു രണ്ടാമത്തേത്. ഇവിടെ നിന്നും പിന്നെയും മുന്നൂറ് മീറ്ററോളം സഞ്ചരിച്ചുവേണം വെള്ളച്ചാട്ടത്തിന്റെ താഴെയത്താൻ.

വഴുക്കലുള്ള വലിയ പാറകളും നീരൊഴുക്കും താണ്ടി വെള്ളച്ചാട്ടത്തിന് അരികിലെത്തുന്നത് അപകടകരമാണ്. ഇവിടെയുള്ള കയങ്ങളിൽ പ്രദേശവാസികളുടെ മുന്നറിയിപ്പ് അവഗണിച്ച് കുളിക്കാൻ ഇറങ്ങിയവരും അപകടത്തിൽ മരിച്ചിട്ടുണ്ട്.