ഭാവി തലമുറയ്ക്ക് വിജ്ഞാനവും വിനോദവും

To advertise here,

ദുബായ് : കുട്ടികളിൽ പ്രായോഗിക അറിവുകളും സർഗാത്മക കഴിവുകളും വളർത്തുന്നതിനോടൊപ്പം നഗരത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും മുനിസിപ്പൽ സേവനങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനായി ദുബായ് മുനിസിപ്പാലിറ്റി ‘എ ജനറേഷൻ ഫോർ എ ഗ്രേറ്റർ ടുമോറോ’ എന്ന പേരിൽ പ്രത്യേക സാമൂഹിക-വിദ്യാഭ്യാസ സംരംഭത്തിന് തുടക്കം കുറിച്ചു.

കുട്ടികൾക്കും കുടുംബങ്ങൾക്കുമായി സംഘടിപ്പിക്കുന്ന ഈ ഇന്ററാക്ടീവ് പരിപാടി ഈ മാസം 11 വരെ സിറ്റി സെന്റർ മിർദിഫിൽ നടക്കും. രാവിലെ 10 മുതൽ രാത്രി 10 വരെയാണ് പരിപാടി. യു.എ.ഇ.യുടെ ‘കുടുംബ വർഷാചരണ’ത്തിന്റെ ഭാഗമായി കുടുംബാംഗങ്ങൾക്ക് ഒന്നിച്ച് പങ്കാളികളാകാൻ സാധിക്കുന്ന രീതിയിലാണ് വിനോദ-വിദ്യാഭ്യാസ പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്.

കുട്ടികളുടെ പ്രായത്തിനനുയോജ്യമായ പ്രായോഗിക പരിശീലനങ്ങളും ശാസ്ത്രീയ ഗെയിമുകളും ഉൾപ്പെടുത്തിയ വിവിധ സ്റ്റാളുകളാണ് പ്രദർശന നഗരിയിൽ സജ്ജീകരിച്ചിരിക്കുന്നത്. കൃഷിയുമായി ബന്ധപ്പെട്ട മേഖലയിൽ പ്രാദേശിക സസ്യങ്ങളെക്കുറിച്ചും വിത്ത് മുളപ്പിക്കൽ, മണ്ണ് ഒരുക്കൽ, കാര്യക്ഷമമായ ജലസേചന രീതികൾ എന്നിവയെക്കുറിച്ചും കുട്ടികൾക്ക് നേരിട്ട് മനസ്സിലാക്കാം. കൂടാതെ, വീടുകളിലും റോഡുകൾ, ബീച്ചുകൾ, പാർക്കുകൾ തുടങ്ങിയ പൊതുവിടങ്ങളിലും പാലിക്കേണ്ട അടിസ്ഥാന ആരോഗ്യസുരക്ഷാ തത്വങ്ങളും കുട്ടികളെ പ്രായോഗികമായി പഠിപ്പിക്കുന്നുണ്ട്.

കുട്ടികളുടെ ആശയവിനിമയശേഷിയും അവതരണമികവും വളർത്തുന്നതിനായി കണ്ടന്റ് ക്രിയേഷനും പ്രസംഗത്തിനുമുള്ള പ്രത്യേക പ്ലാറ്റ്ഫോമും ഒരുക്കിയിട്ടുണ്ട്.

ഇതിനുപുറമെ ശാസ്ത്ര പരീക്ഷണങ്ങളിൽ താത്പര്യമുള്ള കുട്ടികൾക്കായി മുനിസിപ്പാലിറ്റിയുടെ ലാബ് പ്രവർത്തനങ്ങൾ പരിചയപ്പെടുത്തുന്ന ലളിതമായ സയൻസ് പരീക്ഷണ വേദികളുമുണ്ട്.

വളർത്തുമൃഗങ്ങളുടെ പരിപാലനം, വെറ്ററിനറി സേവനങ്ങൾ തുടങ്ങിയ പൊതുജനാരോഗ്യ വിഷയങ്ങളെക്കുറിച്ചും നഗര ശുചിത്വവും മാലിന്യസംസ്കരണവും ഉറപ്പാക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികളിൽ അവബോധമുണ്ടാക്കാൻ ഡിജിറ്റൽ ഗെയിമുകളും സജ്ജീകരിച്ചിട്ടുണ്ട്.

കുട്ടികൾക്ക് അവരുടെ അഭിരുചികൾ തിരിച്ചറിയാനും ഭാവിയിലെ പഠനമേഖലകളും തൊഴിൽസാധ്യതകളും തിരഞ്ഞെടുക്കാനും ഇത്തരംകൂട്ടായ്മകൾ സഹായിക്കുമെന്ന് ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു. ഭാവിതലമുറയെ നഗരവികസനത്തിന്റെ ഭാഗമാക്കുന്നതിലൂടെ കൂടുതൽ ആകർഷകവും സുസ്ഥിരവുമായ ഒരു ദുബായ് കെട്ടിപ്പടുക്കുകയാണ് ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്.