തിരുവനന്തപുരം: സംസ്കാരസാഹിതി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാന പ്രൊഫഷണൽ നാടകോത്സവവും സാംസ്കാരികോത്സവവും ഒക്ടോബർ 8 മുതൽ 14 വരെ തിരുവനന്തപുരം സൂര്യകൃഷ്ണമൂർത്തി നഗറിലെ അയ്യങ്കാളി ഹാളിൽ നടക്കും. പ്രൊഫഷണൽ നാടകങ്ങൾക്കൊപ്പം സാംസ്കാരിക സായാഹ്നങ്ങൾ, പ്രഭാഷണങ്ങൾ, കലാമത്സരങ്ങൾ, നാടോടി നാടകങ്ങൾ, വിവിധ കലാപരിപാടികൾ, വിപണിമേള എന്നിവയും സംഘടിപ്പിക്കും.
കേരളത്തിലെ പ്രമുഖ നാടകസമിതികൾ അവതരിപ്പിക്കുന്ന നാടകങ്ങൾ വിവിധ ദിവസങ്ങളിലായി അരങ്ങിലെത്തും. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ വിവിധ ദിവസങ്ങളിലെ പരിപാടികളിൽ പങ്കെടുക്കും. ഒക്ടോബർ 8ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം കേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സി. ആർ. മഹേഷ് എം.എൽ.എ അധ്യക്ഷത വഹിക്കും.
ഒക്ടോബർ 14ന് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. സാംസ്കാരിക വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് പുരസ്കാരങ്ങൾ വിതരണം ചെയ്യും. ഒക്ടോബർ 11ന്, മുതിർന്ന നാടകപ്രവർത്തകൻ കണ്ണൂർ വാസൂട്ടിക്ക് സംസ്കാരസാഹിതി നാടക പുരസ്കാരം സമ്മാനിക്കും. ചടങ്ങ് മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്യും. ഒക്ടോബർ 12ന്, ‘സ്നേഹപൂർവ്വം സാഹിതി’ പരിപാടി മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യും. വിവിധ സാംസ്കാരിക അക്കാദമികളുടെ ഭാരവാഹികളെയും സാംസ്കാരിക രംഗത്തെ പ്രമുഖരെയും ചടങ്ങിൽ ആദരിക്കും.
ഒക്ടോബർ 13ന് വൈകിട്ട് 5.15ന്, ‘സുകുമാരം’ എന്ന പേരിൽ സുകുമാർ അനുസ്മരണവും പുരസ്കാരദാനവും നടക്കും. രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ എ. പി. അനിൽകുമാർ പുരസ്കാരം സമർപ്പിക്കും. നടൻ മണിയൻപിള്ള രാജു സുകുമാർ പുരസ്കാരം ഏറ്റുവാങ്ങും. ഏഴുദിവസത്തെ സാംസ്കാരികോത്സവത്തിൽ എം. ലിജു, സി. പി. ജോൺ, ടി. സിദ്ദിഖ്, റോജി എം. ജോൺ, ബിന്ദു കൃഷ്ണ, കെ. എ. തുളസി, ഒ. ജെ. ജനീഷ്, ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, രമേശ് പിഷാരടി, കൽപ്പറ്റ നാരായണൻ, ജി. വേണുഗോപാൽ, രവീന്ദ്രൻ, പ്രേംകുമാർ, പ്രകാശ് മൂർത്തി, എൻ. വി. പ്രദീപ്കുമാർ, ചിപ്പി, പ്രവീണ, സോനാ നായർ, അലൻസിയർ, മണിയൻപിള്ള രാജു തുടങ്ങി ജനപ്രതിനിധികളും കലാ-സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും.
ഒക്ടോബർ 8ന് തിരുവനന്തപുരം സംസ്കൃതിയുടെ ‘ഭൂട്ടാനി’, ഒക്ടോബർ 9ന് സചേതന അവതരിപ്പിക്കുന്ന ‘ഡാം’, ഒക്ടോബർ 10ന് കൊല്ലം എക്കോ തിയേറ്റർ അവതരിപ്പിക്കുന്ന ‘നിലാവ് പറഞ്ഞത്’, ഒക്ടോബർ 11ന് കോഴിക്കോട് രംഗഭാഷയുടെ ‘ഒരുക്കം’, ഒക്ടോബർ 12ന് കോഴിക്കോട് സങ്കീർത്തനയുടെ ‘ശ്വാസം’, ഒക്ടോബർ 13ന് തിരുവനന്തപുരം സൗപർണികയുടെ ‘പടയോട്ടം’, ഒക്ടോബർ 14ന് തിരുവനന്തപുരം നിധി നാടക സംഘത്തിന്റെ ‘മൈനക്കുഞ്ഞ്’ എന്നീ നാടകങ്ങൾ അരങ്ങേറും. ഒക്ടോബർ 14ന് പുരസ്കാര സന്ധ്യയും സംഘടിപ്പിക്കും.
നാടകോത്സവത്തിന്റെയും സാംസ്കാരികോത്സവത്തിന്റെയും വിശദാംശങ്ങൾ സംസ്കാരസാഹിതി ജില്ലാ ചെയർമാൻ പൂഴനാട് ഗോപൻ, ജില്ലാ പ്രസിഡന്റ് അഡ്വ. ഷിജുലാൽ, ജ്യോതികൃഷ്ണ, ഡോ. ആർ. എസ്. പ്രദീപ് എന്നിവർ വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു.
Published: 08 Oct 2026, 03:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented