ബാലരാമപുരം : പാറക്കുഴി, വില്ലിക്കുളം പ്രദേശത്തുകാർക്ക് കുടിവെള്ളവും വൈദ്യുതിയും എന്നും വലിയ വെല്ലുവിളിയായി തുടരുന്നു. ജലജീവൻപദ്ധതി പ്രകാരം എല്ലായിടത്തും ജലവിതരണ പൈപ്പുകൾ സ്ഥാപിച്ചെങ്കിലും ആഴ്ചയിൽ വെള്ളമെത്തുന്നത് രണ്ടോ, മൂന്നോ ദിവസം മാത്രമാണ്.ബാലരാമപുരം പഞ്ചായത്തിൽ കനത്ത വേനൽക്കാലത്ത് കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളാണിത്.
വേനൽക്കാലത്ത് ഇവിടത്തെ വീടുകളിലെ കിണറുകളെല്ലാം വറ്റിവരളും. ജലവിതരണ പൈപ്പുകളുടെ നവീകരണം അടുത്തിടെ പൂർത്തിയാക്കിയപ്പോൾ നാട്ടുകാർ ആശ്വസിച്ചെങ്കിലും പ്രയോജനമൊന്നുമുണ്ടായില്ല. ഇപ്പോഴും പാറക്കുഴിയിലെയും, പരിസരപ്രദേശങ്ങളിലെയും വീടുകളിലെ കിണറുകളിൽ വെള്ളം കുറവാണ്. ആഴ്ചയിൽ അഞ്ചുദിവസമെങ്കിലും ജലവിതരണം നടന്നാൽമാത്രമേ കുടിവെള്ളക്ഷാമം പരിഹരിക്കാൻ കഴിയൂ എന്നാണ് നാട്ടുകാർ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് നെയ്യാറ്റിൻകര, ആറാലുംമൂട് എന്നിവിടങ്ങളിലെ ജല അതോറിറ്റി ഓഫീസുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെങ്കിലും പരിഹാരം കാണാനായിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.
കർഷകരും
പ്രതിസന്ധിയിൽ
:തോടുനവീകരണം വൈകുന്നതും, കനാലിൽ വെള്ളമെത്താത്തതും കൃഷിയെ ബാധിക്കുന്നു.ഹെക്ടർ കണക്കിനു വ്യാപിച്ചുകിടക്കുന്ന തലയൽ ഏലായിലെ കൃഷിക്ക് കർഷകർ ഏറ്റവും കൂടുതൽ പ്രയോജനപ്പെടുത്തുന്നത് തലയൽ തോടിലൂടെയും, കനാലിലൂടെയും കിട്ടുന്ന വെള്ളമാണ്.നെയ്യാറിന്റെ വലതുകര കനാൽ കടന്നുപോകുന്ന ഭാഗത്തുനിന്ന് വടകോട് ചെറിയ കനാൽ കടന്നുപോകുന്നു. എന്നാൽ, ചെറിയ കനാൽ വഴി വെള്ളമെത്തിയിട്ട് ഒരുവർഷം പിന്നിട്ടു. കനാലിൽനിന്നു ചെറിയ കനാലിലേക്കു വെള്ളം തുറന്നുവിടുന്ന ഭാഗങ്ങളിൽ മണ്ണടിഞ്ഞുകിടക്കുന്നത് നീക്കംചെയ്താൽമാത്രമേ ചെറിയ കനാൽ വഴി വെള്ളം ലഭിക്കു. ഇതുമായി ബന്ധപ്പെട്ട് പരാതിപ്പെട്ടെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്നാണ് പ്രദേശവാസികളുടെ പരാതി.
തലയൽ തോട് ബണ്ടുകൾ പൊട്ടിയിട്ടു വർഷങ്ങളായി. മിക്കയിടത്തും ബണ്ടുകൾ തകർന്നനിലയിലാണ്. ബണ്ട് പൊട്ടിക്കിടക്കുന്നതു കാരണം കൃഷിയിടങ്ങളിലേക്ക് വെള്ളമെത്താത്ത സ്ഥിതിയാണുള്ളത്. കടുത്ത വേനൽക്കാലത്ത് കൃഷിയിടങ്ങളിലേക്ക് വെള്ളമെത്താതെ വരുന്നതും മഴക്കാലത്ത് ബണ്ട് പൊട്ടിയ സ്ഥലങ്ങളിലൂടെ വെള്ളം കുത്തിയൊലിച്ച് കൃഷിയിടങ്ങളിലേക്ക് പതിക്കുന്നതും കർഷകർക്ക് വലിയ നഷ്ടമാണ് വരുത്തുന്നത്. കഴിഞ്ഞ എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്ത് തലയൽ തോട് നവീകരിക്കുന്നതിനുവേണ്ടി പദ്ധതികൾ കൊണ്ടുവന്നെങ്കിലും നടക്കാതെപോയി. പുതുതായി വന്ന യു.ഡി.എഫ്. സർക്കാരിനോട് കർഷകർ പരാതിപ്പെട്ടതിനെത്തുടർന്ന് എം.വിൻസന്റ് എം.എൽ.എ. ഉൾപ്പെടെ സ്ഥലം സന്ദർശിക്കുകയും അടിയന്തരമായി തന്നെ തോടിന്റെ ബണ്ട് പുനർനിർമിക്കുന്നതിന് തീരുമാനമെടുക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ഫണ്ടും അനുവദിച്ചിരുന്നു.
കർഷകരെ ഉൾപ്പെടുത്തിയാണ് ബണ്ട് നവീകരിക്കുന്നതുൾപ്പെടെയുള്ള തീരുമാനങ്ങൾ എടുത്തത്. എന്നാൽ, ഇതുവരെയും എസ്റ്റിമേറ്റ് എടുത്തിട്ടില്ല.തോടിന്റെ പല ഭാഗങ്ങളും കാടുപിടിച്ചുകിടക്കുന്നത് കാരണമാണ് എസ്റ്റിമേറ്റ് എടുക്കുന്നത് വൈകുന്നതിനു കാരണം. ചില വാർഡുകളിൽ മാത്രമാണ് തോട്ടിലെ കാടുവെട്ടി വൃത്തിയാക്കിയത്.
മറ്റു പല വാർഡുകളിലും പണി പൂർത്തിയാക്കിയാൽമാത്രമേ എസ്റ്റിമേറ്റ് എടുത്ത് ബണ്ട് നവീകരണം നടത്താൻ സാധിക്കു. എന്നാൽ, തൊഴിലുറപ്പുപദ്ധതിയിൽ ഉൾപ്പെടുത്തി പണികൾ പൂർത്തിയാക്കുന്നതിന് പഞ്ചായത്ത് അധികൃതർ തയ്യാറാകുന്നില്ലെന്നാണ് കർഷകരുടെ പരാതി.
തെരുവുവിളക്കില്ലാതെ
ഇടറോഡുകൾ
:പാറക്കുഴി, വില്ലിക്കുളം പ്രദേശങ്ങളിലെ ഇടറോഡുകളിൽ ചിലയിടത്ത് ഇപ്പോഴും തെരുവുവിളക്കുകൾ സ്ഥാപിച്ചിട്ടില്ല. കൊട്ടറക്കോണം-പുലയൻവിളാകം, അനന്തൻകാവുവരെയും തെരുവുവിളക്കുകൾ സ്ഥാപിച്ചിട്ടില്ല. പുള്ളിയിൽക്ഷേത്രം റോഡിൽ തെരുവുവിളക്കുണ്ടെങ്കിലും വർഷങ്ങളായി കത്താതെകിടക്കുന്നു.തലയൽ തോട് നവീകരണം നടത്തുമ്പോൾ വശങ്ങൾ കോൺക്രീറ്റ് ചെയ്ത് നവീകരിച്ചാൽ മാത്രമേ കർഷകർക്ക് പ്രയോജനപ്പെടുത്താൻ സാധിക്കു. കൂടാതെ തോട്ടിൽ ചെറിയ പാലങ്ങൾകൂടി നിർമിക്കണം.
വിജയകുമാർ കർഷകൻ
തോട്ടിലെ പാലങ്ങളും അപകടാവസ്ഥയിൽ
തോട്ടിലൂടെ കടന്നുപോകുന്ന പാലങ്ങൾ പലതും അപകടാവസ്ഥയിലാണ്. പലയിടത്തും പാലത്തിന്റെ കമ്പികൾ ദ്രവിച്ചനിലയിലാണ്. കർഷകർ ഉൾപ്പെടെ ഉപയോഗിക്കുന്ന പാലം അടിയന്തരമായിത്തന്നെ നവീകരിക്കേണ്ടതുണ്ട്.
ഷിബുമോൻ പൊതുപ്രവർത്തകൻ
Published: 09 Oct 2026, 01:49 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented