ആറ്റിങ്ങൽ : പിരപ്പമൺകാട് പാടശേഖരത്തിൽ രണ്ടാംവിളയ്ക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ഞാറ്റടികളൊരുക്കി വിത്തുപാകാനുള്ള തയ്യാറെടുപ്പുകളാണ് തുടങ്ങിയത്. ഒന്നാംവിളയുടെ കൊയ്ത്ത് പകുതിയോളമായപ്പോഴേക്കും രണ്ടാം വിളയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങുകയായിരുന്നു.
പാടശേഖരത്തിലെ മുഴുവൻ വയലുകളിലും നടാനുള്ള നെൽച്ചെടികൾ മുളപ്പിക്കാനായി ഒരുമിച്ചാണ് ഞാറ്റടികൾ തയ്യാറാക്കുന്നത്. കൊയ്ത്തുകഴിഞ്ഞ വയലുകൾ ടില്ലറുപയോഗിച്ച് രണ്ടുചാൽ ഉഴുത് പണകൾതിരിച്ചാണ് വിത്തുപാകുന്നത്.
കുതിർത്തെടുത്ത വിത്ത് രണ്ടുദിവസം കെട്ടിവെച്ചിരുന്ന് മുള വന്നതിനുശേഷമാണ് ഞാറ്റടികളിൽ പാകുന്നത്. കർഷകരും പാടശേഖരസമിതിയംഗങ്ങളും സൗഹൃദസംഘാംഗങ്ങളും ഇപ്പോൾ ഈ ജോലികളിൽ മുഴുകിയിരിക്കുകയാണ്. പാകിയ വിത്ത് കിളികൾ കൊണ്ടുപോകാതിരിക്കാൻ സൗഹൃദസംഘാംഗങ്ങൾ പകൽമുഴുവൻ ഊഴംവെച്ച് വയൽക്കരയിൽ കാവൽനിൽപ്പാണ്.
ഒന്നാംവിളയിൽ മികച്ച വിളവ് ലഭിച്ചതിന്റെ സന്തോഷത്തിലാണ് കർഷകർ. ശക്തമായ മഴ കാർഷികപ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
കൊയ്തെടുത്ത നെല്ല് കർഷകർക്ക് ഉണക്കിയെടുക്കാൻ കഴിഞ്ഞിട്ടില്ല. എല്ലാത്തവണയും കുറച്ചെങ്കിലും വൈക്കോൽ ഉണക്കിയെടുത്ത് വിൽക്കാൻ കഴിയുമായിരുന്നു. ഇത്തവണ കൊയ്ത്തുകഴിഞ്ഞ പാടത്തുകിടന്ന വൈക്കോൽ വെള്ളത്തിൽക്കിടന്ന് അഴുകിപ്പോയി.
അതിൽനിന്ന് കർഷകർക്ക് ലഭിക്കുമായിരുന്ന വരുമാനം മുഴുവൻ നഷ്ടമായി. മാത്രമല്ല കന്നുകാലികളെ വളർത്തുന്ന കർഷകർക്ക് വൈക്കോൽ ഉണക്കിയെടുക്കാൻ കഴിയാത്തത് വലിയ നഷ്ടമുണ്ടാക്കി.
ഒക്ടോബറിൽ കനത്ത മഴ പെയ്യുന്നത് നെൽക്കൃഷിയെ പ്രതികൂലമായി ബാധിക്കാനിടയുണ്ടെന്ന് കർഷകർ ആശങ്കപ്പെടുന്നു. ജനുവരി മാസം വരെയെങ്കിലും ഇടവിട്ട് മഴ ലഭിച്ചില്ലെങ്കിൽ കൃഷിക്ക് വലിയ തിരിച്ചടിയുണ്ടാകും. നെൽച്ചെടികൾ വളർന്നുവരുന്ന സമയത്ത് വയലുകളിൽ ആവശ്യത്തിന് വെള്ളം വേണം. തടയണയുള്ളത് മാത്രമാണ് ഇവിടെ കർഷകർക്കുള്ള പ്രതീക്ഷ.
Published: 26 Oct 2026, 01:18 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented