പാറശ്ശാല : നേരിയമഴ പെയ്താൽ പോലും മലയോര ഹൈവേയിലെ നെടുവാൻവിള മേഖലയിൽ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെടുന്നത് യാത്രക്കാരെയും പ്രദേശവാസികളെയും ദുരിതത്തിലാക്കുന്നു. നിർമാണത്തിലെ അശാസ്ത്രീയതയാണ് ഹൈവേയെ തോടാക്കി മാറ്റുന്നതെന്നാണ് നാട്ടുകാരുടെ പരാതി. റോഡിന്റെ ഇരുവശങ്ങളിലും കൃത്യമായ നീരൊഴുക്കിന് ഓടകൾ നിർമിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം.മലയോര ഹൈവേയിൽ ചിലയിടങ്ങളിൽ ഓടകൾ നിർമിച്ചിട്ടുണ്ടെങ്കിലും അവിടേക്ക് റോഡിലെ വെള്ളം ഒഴുകിയെത്താനുള്ള സൗകര്യമില്ല. റോഡിന്റെ ചരിവും ഓടയുടെ നിരപ്പും തമ്മിലുള്ള പൊരുത്തക്കേട് കാരണം മഴവെള്ളം റോഡിൽത്തന്നെ കെട്ടിക്കിടക്കുകയാണ്. പാറശ്ശാല ബ്ലോക്ക് ഓഫീസ് ജങ്ഷൻ മുതലുള്ള മഴവെള്ളം മുഴുവൻ ഹൈവേയിലൂടെയാണ് കുത്തിയൊഴുകുന്നത്. കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ്. റോഡിലെ വെള്ളക്കെട്ട് കാരണം വാഹനയാത്രികർ അപകടത്തിൽപ്പെടുന്നതും പതിവാണ്. വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതരെ സമീപിച്ചെങ്കിലും അവഗണനയാണെന്ന് നാട്ടുകാർ ആരോപിച്ചു. പ്രശ്‌നത്തിന് ശാശ്വത പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് പ്രദേശവാസികൾ.

To advertise here,