ആറ്റിങ്ങൽ : നിർമാണം നടക്കുന്ന ആറ്റിങ്ങൽ ബൈപ്പാസിലെ രാമച്ചംവിള ഭാഗം ലഹരിവ്യാപാരത്തിന്റെയും മദ്യപസംഘത്തിന്റെയും കേന്ദ്രമാകുന്നു. മാലിന്യങ്ങൾ വലിച്ചെറിയാനുള്ള ഇടമായി ഈ റോഡ് മാറിക്കഴിഞ്ഞു. ചത്ത ആടിനെയും തെരുവുനായ്ക്കളെയും റോഡിൽ ഉപേക്ഷിക്കുന്നതുകാരണം പ്രദേശവാസികൾ ദുരിതത്തിലാണ്. നിർമാണം നടത്തുന്ന കമ്പനിയോ ദേശീയപാത അധികൃതരോ നഗരസഭാധികൃതരോ ആരോഗ്യവിഭാഗമോ പോലീസോ ഈ മേഖലകളിൽ പരിശോധന നടത്താനോ പ്രശ്‌നങ്ങളിൽ ഇടപെടാനോ തയ്യാറാകുന്നില്ല.
ബൈപ്പാസ് ആരംഭിക്കുന്ന മാമത്തിനും കൊല്ലമ്പുഴയ്ക്കും ഇടയിലുള്ള ഭാഗത്താണ് സമൂഹവിരുദ്ധപ്രവർത്തനങ്ങൾ നടക്കുന്നത്. ഇവിടെ കുറച്ചുഭാഗം റോഡ് പൂർത്തിയായിട്ടുണ്ട്. രാമച്ചംവിളയിലെ മേൽപ്പാലം ഉൾപ്പെടെയുള്ള നിർമാണപ്രവർത്തനങ്ങൾ ഇനിയും ആരംഭിച്ചിട്ടില്ല. ഈ മേഖലയിൽ പലയിടത്തും റോഡിന്റെ വശങ്ങളിൽ കാടുകയറിക്കിടപ്പുണ്ട്. ഇവിടെയാണ് സമൂഹവിരുദ്ധരുടെ താവളം. വാഹനങ്ങളിൽ ഇവിടെയെത്തുന്ന സംഘങ്ങൾ പാതിരാവാകുന്നതുവരെ പ്രദേശത്ത് തമ്പടിച്ച് മദ്യപാനവും വഴക്കും പതിവാണ്.
ബൈപ്പാസ് റോഡിലെ ഈ ഭാഗം ലഹരിക്കടത്തുസംഘങ്ങൾ ലഹരിവസ്തുക്കൾ കൈമാറാൻ ഉപയോഗിക്കുന്നു. ഒരു വർഷം മുൻപ് ഇവിടെ കഞ്ചാവ് കൈമാറ്റംചെയ്യുന്നതിനിടെ രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവർ പിടിയിലാവുകയായിരുന്നു. എന്നാൽ, പിന്നീട് പോലീസ് പരിശോധനകൾ ഈ ഭാഗത്ത് കാര്യമായി ഉണ്ടായില്ല.
റോഡിൽ വിള്ളൽ
:നിർമാണംനടക്കുന്ന റോഡിന്റെ പലഭാഗത്തും വിള്ളലുകൾ വീണിട്ടുണ്ട്. മാമം ഭാഗത്തേക്ക് നിർമിച്ചിരിക്കുന്ന സർവീസ് റോഡാണ് വൻ തോതിൽ വിണ്ടുകീറിയിട്ടുള്ളത്. മറുഭാഗത്തെ റോഡിലും വിള്ളലുണ്ട്. ചതുപ്പുനിലത്തിൽ മണ്ണിട്ടുനികത്തി റോഡ് നിർമിച്ച ഭാഗമാണ് വിണ്ടുകീറിപ്പോയിട്ടുള്ളത്. പലയിടത്തും റോഡ് താഴ്ന്നിട്ടുമുണ്ട്. അടിയന്തര ഇടപെടലുണ്ടാകണമെന്ന ആവശ്യം ശക്തമാണ്.
Published: 25 Oct 2026, 01:42 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented